തടിച്ചി എന്ന് കളിയാക്കുന്നവരോട് ഒരു വാക്ക്..!

Published : May 03, 2019, 09:17 AM ISTUpdated : May 03, 2019, 09:32 AM IST
തടിച്ചി എന്ന് കളിയാക്കുന്നവരോട് ഒരു വാക്ക്..!

Synopsis

ഇത് എന്നെ ഇന്നലെ  എന്റെ തടിയുടെ പേരിൽ പരിഹസിച്ച പയ്യന്മാർക്കുവേണ്ടി മാത്രമുള്ള കുറിപ്പല്ല.. പലയിടത്തായി എന്നെ ഒരു നോട്ടം കൊണ്ട് പോലും അപഹസിക്കുന്ന എല്ലാവർക്കുമുള്ളതാണ്. നിങ്ങൾക്ക് എന്നെ കളിയാക്കാൻ തോന്നും, കാരണം നിങ്ങൾക്കറിയില്ല, ഞാൻ പിന്നിട്ടുപോന്ന നരകങ്ങളെപ്പറ്റി..!

ആളുകളുടെ കണ്ണിൽ ഇന്ന് ഇവ വെർമേറൻ ഒരു തടിച്ചിയാണ്. വാരിവലിച്ച് തിന്ന്, പൊണ്ണത്തടി വരുത്തിവെച്ച ഒരു പെൺകുട്ടി. അവളുടെ BMI 30  ആണ്. പൊതുവെ 24 നു മേലെ വരുന്ന BMIയെ ആളുകൾ അമിതവണ്ണം എന്ന കാറ്റഗറിയിൽ പെടുത്തി,തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്.  ഏറെ നാൾ കൂടി അവളെ കാണുന്ന കൂട്ടുകാരികളിൽ പലരും അവളോട്, " വണ്ണം കൂടി വരുന്നുണ്ടേ.. ശ്രദ്ധിച്ചോണം.." എന്ന് പറയും. കൂടെ ജോലി ചെയ്യുന്നവരുമതേ.

ഈയടുത്ത് ഒരു ഷോപ്പിങ്ങ് മാളിലൂടെ നടന്നു പോകവേ, ചില പയ്യന്മാർ ഇവ'യെ കണ്ടപ്പോൾ പന്നികൾ മുക്രയിടുന്ന ശബ്ദമുണ്ടാക്കി അവളെ പരിഹസിച്ചു. അത് അവളിൽ വല്ലാത്ത  മനസ്സുലച്ചിലുണ്ടാക്കി. തന്റെ കഴിഞ്ഞകാലത്തെ ചരിത്രമറിയാതെ തന്നെ ഇപ്പോൾ 'തടിച്ചി' എന്ന് വിളിച്ച് കളിയാക്കുന്ന എല്ലാവർക്കുമായി അവൾ ഒരു ട്വീറ്റ് ചെയ്തു 

 

 " പതിനാറു വയസ്സ് പ്രായമുള്ളപ്പോഴാണ് എന്നെ അനൊറെക്സിയ എന്ന അസുഖം ബാധിക്കുന്നത്. ആ പേര് കേട്ടിട്ടില്ലാത്തവർക്കായി പറയാം, അതൊരു ഈറ്റിങ്ങ് ഡിസോർഡർ ആണ്. വല്ലാത്തൊരു മാനസിക വൈകല്യമാണത്. നിങ്ങൾക്ക് ഒരിക്കലും നിങ്ങളെ മെലിഞ്ഞ ഒരാളായി കണ്ണാടിയിൽ കാണുമ്പൊൾ തോന്നില്ല. തടി കൂടി, കൂടി.. എന്ന് മാത്രം തോന്നും. 
 
തടി വീണ്ടും വീണ്ടും കുറയ്ക്കാൻ നിങ്ങൾ പലതും ചെയ്യും. പട്ടിണി കിടക്കും. ട്രിമ്മിംഗ് പ്ലാനുകൾ ചെയ്യും.. ഗ്രീൻ ടീ കുടിക്കും..നിങ്ങൾ മെലിയുന്നു എന്ന് നിങ്ങൾക്കു മാത്രം മനസ്സിലാവില്ല. ആര് പറഞ്ഞാലും നിങ്ങളത് വിശ്വസിക്കുകയുമില്ല. ഒടുവിൽ അപകടകരമാം വിധം നിങ്ങൾ മെലിയും. അത് മരണത്തിന്റെ അടുത്തുവരെ കൊണ്ട് നിർത്തും നിങ്ങളെ. ഒപ്പം ഡിപ്രഷനും, ആത്മഹത്യാ പ്രവണതയും ഒക്കെ വന്നു പിടിമുറുക്കും നിങ്ങളെ. 

കഴിഞ്ഞ നാലുവർഷത്തിലധികമായി ഞാൻ അനൊറെക്സിയയ്ക്കുള്ള ചികിത്സയിലാണ്. പൂർണ്ണമായും ഞാനാ രോഗത്തെ കീഴടക്കി എന്ന് പറയാറായിട്ടില്ല. എന്നാലും ഞാൻ ഏറെക്കുറെ അത് സാധിച്ചു എന്ന് കരുതാൻ ആഗ്രഹിക്കുന്നു ഇന്ന്. ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഇന്ന് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. അത് ചിലപ്പോൾ ചെറിയൊരു തമാശ മാത്രമാവാം, പക്ഷേ, അത് എന്നിൽ ഒരു ഗ്രനേഡ് പോലെ വന്ന് പൊട്ടിച്ചിതറുകയാണുണ്ടായത്. ഇത് എന്നെ ഇന്നലെ  എന്റെ തടിയുടെ പേരിൽ പരിഹസിച്ച പയ്യന്മാർക്കുവേണ്ടി മാത്രമുള്ള കുറിപ്പല്ല.. പലയിടത്തായി എന്നെ ഒരു നോട്ടം കൊണ്ട് പോലും അപഹസിക്കുന്ന എല്ലാവർക്കുമുള്ളതാണ്. നിങ്ങൾക്ക് എന്നെ കളിയാക്കാൻ തോന്നും, കാരണം നിങ്ങൾക്കറിയില്ല, ഞാൻ പിന്നിട്ടുപോന്ന നരകങ്ങളെപ്പറ്റി..!

ഇത് ഇന്ന് ഈ ഇരുപതാം വയസ്സിൽ എന്റെ ശരീരപ്രകൃതമാണ്. ശരിയാണ് ഞാൻ ഒരല്പം ഓവർ വെയ്റ്റാണ്. സമ്മതിക്കുന്നു. BMI  30  എന്നത് അത്ര ഐഡിയൽ ശരീരപ്രകൃതമല്ല. സമ്മതിക്കുന്നു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം, പെർഫെക്ഷൻ എന്നത് ഇനിയും ഒരുപാട് അകലെയാണ്. ഞാൻ അതിലേക്കുള്ള യാത്രയിലാണ്. അവിടെയെത്താൻ ഇനിയും ഏറെ നേരമെടുക്കും എന്നെനിക്കറിയാം. 

നിങ്ങൾ ഇരിക്കുന്നേടത്തു കൂടെ നടന്നു പോയ എന്നെക്കണ്ടപ്പോൾ ഇന്നലെ നിങ്ങൾ പന്നികളുടെ മുക്ര കണക്കിന് ഒരു ഒച്ചയുണ്ടാക്കിയല്ലോ. തടിയുള്ളവരെ പരിഹസിക്കുന്ന നിങ്ങളെപ്പോലെയുള്ള ബോറന്മാർ ഇന്നും ഭൂമിക്ക് ഭാരമായി ഈ ലോകത്തുണ്ട് എന്നത് മാത്രമല്ല ആ ഒച്ച എന്നെ ബോധ്യപ്പെടുത്തിയത്. എനിക്ക്  ലക്ഷ്യത്തിലെത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് എന്നുകൂടിയാണ്. 

നിങ്ങളുണ്ടാക്കിയ വികല ശബ്ദം കേട്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി. എന്നെ കളിയാക്കാൻ വേണ്ടിയാണ് നിങ്ങൾ ആ ഒച്ചയുണ്ടാക്കിയതെന്ന് എനിക്ക് മനസിലായി. ഉള്ളിൽ വിങ്ങിപ്പൊട്ടി നിന്നിട്ടും കരച്ചിൽ പൊട്ടിപ്പോവാതിരിക്കാൻ ഞാൻ ഏറെ പണിപ്പെട്ടു. വീണ്ടും പഴയ ആ നശിച്ച ചിന്തകൾ മനസ്സിലേക്ക് ഇരച്ചു വരാൻ തുടങ്ങി. അവ എന്നോട് വീണ്ടും വീണ്ടും, ഞാൻ എന്തൊരു ദുരന്തമാണെന്ന് ഓർമിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ ഞാൻ എന്നോടുതന്നെ പറഞ്ഞു, " ഇല്ല.. ഞാൻ എന്നെത്തന്നെ ഇനിയും തോൽപ്പിക്കില്ല..ഒരിക്കലുമില്ല.." 

അതെ.. ഞാൻ ഒരു തടിച്ചിയാണ്. സോ വാട്ട്..? ഇന്ന് ഞാൻ മുമ്പത്തേക്കാൾ എത്രയോ ഇരട്ടി സന്തോഷിക്കുന്നു. ഒരു നാലുവർഷം മുമ്പത്തെ എന്നെ നിങ്ങൾ കണ്ടിട്ടില്ലല്ലോ....?  നാലുവർഷം മുമ്പുവരെ ഞാൻ അനൊറെക്സിയ എന്ന അസുഖത്തിന്റെ പിടിയിലായിരുന്നു. തീരെ അണ്ടർ വെയിറ്റ് ആവുമെന്നതാണ് ഈ അസുഖത്തിന്റെ പ്രശ്നം  അന്ന് എന്റെ ഭാരം 30 Kg  മാത്രമായിരുന്നു . ഇടയ്ക്കിടെ തലകറങ്ങി വീണ്, ആശുപ്രത്രിയിൽ ചെന്ന് ഡ്രിപ്പിട്ടുകിടന്ന്,ഏതാണ്ട് മരണത്തിന്റെ വക്കിൽ വരെ എത്തി തിരിച്ചു നടന്നതാണ്. എനിക്ക് നഷ്ടമായ ശരീര ഭാരം മാത്രമായിരുന്നില്ല അന്ന്.. അവനവനെത്തന്നെ ആയിരുന്നു. ആ അവസ്ഥയിൽ നിന്നും പിടിച്ചു കേറി വന്നതാണ് ഞാൻ ഇവിടെ വരെ. ഇന്നെനിക്ക് തടി അല്പം ഓവറായിരിക്കും.. സാരമില്ല, ഞാൻ സഹിച്ചു.. 

ഈ തടി എന്നെ കോളേജിൽ പോവുന്നതിൽ നിന്നും തടയുന്നില്ല. പാർട്ട് ടൈം ജോലി ചെയ്യുന്നതിൽ നിന്നും വിലക്കുന്നില്ല. എന്നെ എന്റെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്നും പിന്നോട്ട് പിടിച്ചു വലിക്കുന്നില്ല. എന്റെ ആത്മവിശ്വാസം പതുക്കെ എനിക്ക് തിരിച്ചു കിട്ടുകയാണ്. നാലു വർഷം മുമ്പ്, ഞാൻ ഈ ലോകത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന് മാത്രം.. എന്നാൽ ഇന്ന് ഞാൻ ഇവിടെ ജീവിച്ചു തുടങ്ങുകയാണ്. എല്ലാ അർത്ഥത്തിലും..എല്ലാവരെയും പോലെ എനിക്കും 'ഫിറ്റ്' ആവണം എന്നൊക്കെയുണ്ട്. എന്നാൽ, ഭാരം കുറയുക എന്ന് പറഞ്ഞാൽ, എന്റെ മനസ്സിൽ പഴയ ആകുലതകൾ വന്നു നിറയുക എന്നാണെങ്കിൽ, ഒരു പക്ഷേ  ആ വഴിയിലേക്ക് ഇനിയൊരിക്കൽ കൂടി വഴുതി വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ എനിക്കിപ്പോൾ വണ്ണം കുറയ്‌ക്കേണ്ട. ഞാൻ ഇപ്പോഴുള്ള വണ്ണത്തിൽ ഹാപ്പിയാണ്. 

ഇത്രയും കാലം ഞാൻ ജീവിച്ച കൂരിരുൾ വീണ നരകത്തിൽ, ഇപ്പോഴാണ് പ്രതീക്ഷയുടെ ഒരു തിരിവെട്ടം വന്നു വീണത്. ഇപ്പോഴാണ് ഞാൻ ജീവിച്ചു തുടങ്ങിയത്. എനിക്ക് ഇപ്പോൾ ഒരിത്തിരി വണ്ണം കൂടുതലായിരിക്കും. പക്ഷേ, നാലു വർഷം മുമ്പ് ഞാനിരുന്ന അവസ്ഥയും ഇന്നത്തെ എന്റെ ശരീരപ്രകൃതവും തമ്മിൽ ഒരു ചോയ്‌സ് വന്നാൽ, ഞാൻ ഇപ്പോഴത്തെ എന്റെ ശരീരത്തിൽ പൂർണ്ണ തൃപ്തയാണ്. അത് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും അറിഞ്ഞ് അനുഭവിക്കാൻ എന്നെ അനുവദിക്കുന്നുണ്ട്.

നിങ്ങൾ ഇന്നെന്നെ കണ്ടപ്പോൾ ഉണ്ടാക്കിയ ആ ഒച്ച, എന്നെ ഓർമ്മിപ്പിച്ചത് എനിക്ക് ഇതിലും എത്രയോ ഏറെ എന്റെ ശരീരത്തെപ്പറ്റി ആത്മവിശ്വാസം ഉണ്ടാവണമെന്നാണ്. എന്നെ സങ്കടപ്പെടുത്താൻ ഞാൻ ആരെയും അനുവദിക്കരുത് എന്നാണ്, മനസ്സിലെ ആകുലതകളെപ്പറ്റി തുറന്നു സംസാരിക്കാൻ ആളുകൾക്ക് ആവണം എന്നാണ് നിങ്ങൾ എന്നെ ഓർമിപ്പിച്ചത്.

അനൊറെക്സിയ എന്ന ഈ അദൃശ്യമായ അസുഖത്തെപ്പറ്റി ആളുകളെ ബോധ്യപ്പടുത്തണമെന്ന് ഇന്നലെ എനിക്ക് തോന്നി. സമയത്തിന് ചികിത്സിച്ചാൽ ഈ അസുഖം പൂർണ്ണമായും ഭേദപ്പെടുമെന്നും, എത്രയോ ഭേദപ്പെട്ട രീതിയിൽ നമുക്ക് ജീവിക്കാനാകും എന്നും ആളുകളെ പറഞ്ഞു മനസ്സിലാക്കണം എന്നും. 

എന്റെ ജീവിതത്തിന് ഒരു ലക്‌ഷ്യം തന്നതിന് നന്ദി..!
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ടർ; മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു
ഇടയ്ക്കിടെ വരുന്ന വയറുവേദന ; അഞ്ച് കാരണങ്ങൾ ഇതാണ്