ബിപിയില്‍ വ്യത്യാസം വരാറുണ്ടോ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക...

By Web TeamFirst Published May 2, 2019, 7:20 PM IST
Highlights

രക്തസമ്മര്‍ദ്ദം ഉയരാന്‍ പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ജോലി ചെയ്യുന്ന ആളുകളെ സംബന്ധിച്ച് അവര്‍ പ്രത്യേകം കരുതേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഗവേഷകർ പറയുന്നത്
 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മളെയെത്തിക്കും. പ്രത്യേകിച്ച് ഹൃദയവുമായി ബന്ധപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകളാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. ഇതുമൂലം മരണം വരെ സംഭവിക്കുകയും ചെയ്യാം. 

രക്തസമ്മര്‍ദ്ദം ഉയരാന്‍ പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ജോലി ചെയ്യുന്ന ആളുകളെ സംബന്ധിച്ച് അവര്‍ പ്രത്യേകം കരുതേണ്ടത്, ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'സ്‌ട്രെസ്' വീണ്ടും രക്തസമ്മര്‍ദ്ദമുയര്‍ത്താനും ഇത് നേരിട്ട് ഹൃദയത്തെ ബാധിക്കാനുമുള്ള സാധ്യതകള്‍ കൂടുതലാണെന്ന കാര്യമാണ്. 

'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ വിഷയത്തില്‍ നടന്ന ഒരു പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

'ജോലിസ്ഥലത്ത് നിന്നുള്ള സ്‌ട്രെസ് നിങ്ങളുടെ ഉറക്കത്തെയാണ് പ്രധാനമായും ബാധിക്കുക. ഈ അവസ്ഥയില്‍ അപകടകരമായ രീതിയില്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദമുയരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.  അത് സാധാരണഗതിയില്‍ രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കാള്‍ ഗുരുതരവുമായിരിക്കും'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ കാള്‍ ഹെയിന്‍സ് പറയുന്നു. 

കാള്‍ ഹെയിന്‍സ് ഉള്‍പ്പെടെ, ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് രക്തസമ്മര്‍ദ്ദവും ജോലിയില്‍ നിന്നുണ്ടാകുന്ന 'സ്‌ട്രെസ്'ഉം തമ്മിലുള്ള ബന്ധം പഠിച്ചത്. 

25നും 65നും ഇടയില്‍ പ്രായമുള്ള ആളുകളെല്ലാം ഇക്കാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തണമെന്നും ഗവേഷകര്‍ പറയുന്നു. ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന 'സ്‌ട്രെസ്' ഉറക്കം ഉള്‍പ്പെടെയുള്ള ശീലങ്ങളെ ബാധിക്കാതെ കരുതണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

click me!