ബ്ലഡ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാം; ലക്ഷണങ്ങള്‍...

Published : Sep 26, 2023, 08:52 PM IST
ബ്ലഡ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാം; ലക്ഷണങ്ങള്‍...

Synopsis

ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല എന്നതാണ് രക്താര്‍ബുദം സൃഷ്ടിക്കുന്ന പ്രധാന വെല്ലുവിളി. എന്നാലോ എത്രയും നേരത്തെ അറിയുന്നോ അത്രയും രോഗിയുടെ ജീവൻ സുരക്ഷിതമാക്കാനുള്ള സാധ്യത കൂടുതലാണ്.

ബ്ലഡ് ക്യാൻസര്‍ അഥവാ രക്താര്‍ബുദം എന്നത് മിക്കപ്പോഴും ഏറെ ഭയം പടര്‍ത്തുന്ന ആശങ്ക പടര്‍ത്തുന്നൊരു രോഗം തന്നെയാണ്. സമയത്തിന് കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ രക്താര്‍ബുദത്തിന്‍റെ മരണസാധ്യത വളരെ ഉയരെ ആണെന്നതാണ് ഈ ഭയത്തിനും ആശങ്കയ്ക്കുമെല്ലാം പിന്നിലുള്ള കാരണം. 

രക്താര്‍ബുദമെന്നത് മജ്ജയില്‍ നിന്ന് തുടങ്ങി രക്തത്തിലേക്ക് പടരുന്ന ഒരുകൂട്ടം രോഗങ്ങളാണ്. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെയുള്ള രോഗങ്ങളെല്ലാം ഇതിലുള്‍പ്പെടുന്നു. ഇവയെല്ലാം പൊതുവില്‍ തന്നെ രക്താര്‍ബുദം എന്നാണ് അറിയപ്പെടുന്നത്. 

ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല എന്നതാണ് രക്താര്‍ബുദം സൃഷ്ടിക്കുന്ന പ്രധാന വെല്ലുവിളി. എന്നാലോ എത്രയും നേരത്തെ അറിയുന്നോ അത്രയും രോഗിയുടെ ജീവൻ സുരക്ഷിതമാക്കാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും രക്താര്‍ബുദത്തിന്‍റെ, താരതമ്യേന നേരത്തെ കാണുന്ന ചില ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഈ ലക്ഷണങ്ങളെല്ലാം മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ എല്ലാം ഭാഗമായി വരാവുന്നതാണ്. എങ്കിലും ഇവ കാണുന്നപക്ഷം എന്താണെന്ന് ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പിക്കുന്നതാണ് നല്ലത്. ലക്ഷണങ്ങള്‍...

ഒന്ന്...

കാരണമറിയാത്ത ക്ഷീണം, എന്നുവച്ചാല്‍ അസഹ്യമായ തളര്‍ച്ച. ഇടതടവില്ലാതെ ഈ ക്ഷീണം നീണ്ടുപോവുകയും ചെയ്യും. രോഗം കാരണം രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാൻ  സാധിക്കാത്ത അവസ്ഥയില്‍ ശരീരമെത്തുന്നതോടെയാണ് ക്ഷീണം അനുഭവപ്പെടുന്നത്.

രണ്ട്...

ശരീരഭാരം കുറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും പരിശോധന നിര്‍ബന്ധമാണ്. കാരണം ഇതും രക്താര്‍ബുദത്തിന്‍റെ ലക്ഷണമാണ്. അതും കുറഞ്ഞ കാലത്തിനുള്ളില്‍ വണ്ണം കുറയുന്നത് തീര്‍ച്ചയായും വൈകാതെ തന്നെ പരിശോധിക്കണം. 

മൂന്ന്...

അടുപ്പിച്ച് അടുപ്പിച്ച് രോഗങ്ങളുണ്ടാവുക, പല അണുബാധകള്‍ പിടികൂടുകയെല്ലാം ചെയ്യുന്നതും രക്താര്‍ബുദ ലക്ഷണമായി വരാറുണ്ട്. രോഗം മൂലം രോഗപ്രതിരോധ വ്യവസ്ഥ പ്രശ്നത്തിലാകുന്നതിന്‍റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. 

നാല്...

ശരീരത്തില്‍ പെട്ടെന്ന് മുറിവോ ചതവോ കാണുക, വായില്‍ നിന്ന് (മോണയില്‍ നിന്ന് ) രക്തം വരിക. ചെറിയ മുറിവുകളാണെങ്കിലും രക്തം വാര്‍ന്ന് പൊയ്ക്കൊണ്ടിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും രക്താര്‍ബുദത്തില്‍ വരാറുണ്ട്. 

അഞ്ച്...

നമ്മുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലുള്ള ലിംഫ് നോഡ‍ുകളില്‍ വീക്കം കാണുന്നതും രക്താര്‍ബുദ ലക്ഷണമാകാം. ലിംഫോമ മൂലമാണിത് സംഭവിക്കുന്നത്. ലിംഫ് നോഡുകളില്‍ വീക്കം സംഭവിക്കുമെങ്കിലും അധികം വേദന അനുഭവപ്പെടണമെന്നില്ല. കഴുത്ത്, കക്ഷം, സ്വകാര്യഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇത് കാണുക.

ആറ്...

രക്താര്‍ബുദം നമ്മുടെ എല്ലുകളെ ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ ശരീരവേദന നിര്‍ബന്ധമായുമുണ്ടാകും. പ്രത്യേകിച്ച് നടു, മുതുക്, വാരിയെല്ല് എന്നിവിടങ്ങളിലുള്ള വേദനയാണ് ശ്രദ്ധിക്കേണ്ടത്. 

ഏഴ്...

രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. കാരണം രക്താര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണിത്. 

Also Read:- ക്ഷീണവും ശരീരവേദനയും മാറാനും സ്കിൻ മെച്ചപ്പെടുത്താനുമെല്ലാം നിങ്ങള്‍ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം