'ടെൻഷൻ' കൂടുമ്പോള്‍ മധുരം കഴിക്കുന്ന ശീലമുണ്ടോ?

By Web TeamFirst Published Nov 18, 2022, 2:20 PM IST
Highlights

മധുരത്തോട് കൊതി തോന്നുമ്പോള്‍ അതൊഴിവാക്കുകയെന്നത് അത്ര എളുപ്പവുമല്ല, ചില കാര്യങ്ങള്‍ ചെയ്ത് പരിശീലിക്കാനായാല്‍ ഇതില്‍ നിന്ന് ഒരു പരിധി വരെ പുറത്തുകടക്കാം.

മധുരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ മധുരം നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടിവരാം. ചിലര്‍, പക്ഷെ മാനസികസമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോള്‍ മധുരത്തോട് അമിതമായ കൊതി പ്രകടിപ്പിക്കാറുണ്ട്. 

എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. നമ്മുടെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമാണ് ടെൻഷൻ തോന്നുമ്പോള്‍ നമുക്ക് മധുരത്തോട് കൊതി തോന്നുന്നത്. എന്നാല്‍ ഇത് പതിവാക്കുന്നത് തീര്‍ത്തും ആരോഗ്യത്തിന് ദോഷകരമാണ്. 

അതേസമയം മധുരത്തോട് കൊതി തോന്നുമ്പോള്‍ അതൊഴിവാക്കുകയെന്നത് അത്ര എളുപ്പവുമല്ല, ചില കാര്യങ്ങള്‍ ചെയ്ത് പരിശീലിക്കാനായാല്‍ ഇതില്‍ നിന്ന് ഒരു പരിധി വരെ പുറത്തുകടക്കാം. ഇത്തരത്തില്‍ ചെയ്യാവുന്ന ഒന്നാണ് വ്യായാമം. ചെറുതായ രീതിയില്‍ തന്നെ ഒന്ന് നടക്കാൻ പോകുന്നത് മൂലം തന്നെ മധുരത്തോടുള്ള അമിതമായ കൊതി നിയന്ത്രിക്കാൻ സാധിക്കും. 

കാരണം വ്യായാമം ചെയ്യുന്നത് മൂലം നമ്മുടെ ശരീരത്തില്‍ 'എൻഡോര്‍ഫിൻ' എന്ന ഹോര്‍മോണ്‍ ഉത്പാദനം കൂടുന്നു. ഇതോടെ മാനസികോല്ലാസവും കൂടുന്നു. ഇതുവഴി മധുരത്തോടുള്ള കൊതി നിയന്ത്രിക്കാൻ സാധിക്കുന്നു. 

ഇനി, മധുരത്തോട് ആവേശം തോന്നുന്നത് താല്‍ക്കാലികമായി തന്നെ ചില നിയന്ത്രണങ്ങള്‍ വയ്ക്കാൻ സാധിക്കും. മധുരം കഴിക്കണമെന്ന് തോന്നുന്ന സമയത്ത് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതുപോലെ ആരോഗ്യകരമായ എന്തെങ്കിലും ഭക്ഷണം കഴിക്കുക. ഇതും മധുരത്തോടുള്ള അഭിനിവേശം സമയബന്ധിതമായി തന്നെ കുറയ്ക്കും. 

ഇനി ആദ്യമേ സൂചിപ്പിച്ചത് പോലെ മാനസിക സമ്മര്‍ദ്ദം മൂലമാണ് അധികവും മധുരത്തിലേക്ക് നാം തിരിയുക. അതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുള്ള സാധ്യതകള്‍ എപ്പോഴും കുറയ്ക്കുക. യോഗ- മറ്റ് വിനോദങ്ങള്‍ എല്ലാം പതിവാക്കാം. മധുരം കഴിക്കണമെന്ന് അത്രമാത്രം തോന്നുന്ന സമയത്ത് ഈ കൊതിയടക്കാൻ പഴങ്ങളെയും ആശ്രയിക്കാം. പഴങ്ങള്‍ കഴിക്കുന്നതും ഇതിന് ആരോഗ്യകരമായ പരിഹാരം തന്നെയാണ്. 

പ്രമേഹമുള്ളവരാണ് കാര്യമായും മധുരം നിയന്ത്രിക്കേണ്ടത്. അല്ലാത്തവര്‍ ഇടയ്ക്ക് അല്‍പം മധുരപലഹാരങ്ങളോ മറ്റോ കഴിച്ചാലും പ്രശ്നമില്ല. എങ്കിലും പൊതുവെ മധുരം നിയന്ത്രിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്. 

Also Read:- പ്രമേഹം നിയന്ത്രിക്കുന്നതിന് പച്ച പപ്പായ? അറിയാം ഇതിലെ യാഥാര്‍ത്ഥ്യം...

click me!