തലച്ചോറിന്‍റെ ആരോഗ്യം പ്രശ്നത്തിലാക്കുന്ന അഞ്ച് കാര്യങ്ങള്‍...

Published : Nov 07, 2023, 10:38 AM IST
തലച്ചോറിന്‍റെ ആരോഗ്യം പ്രശ്നത്തിലാക്കുന്ന അഞ്ച് കാര്യങ്ങള്‍...

Synopsis

നമ്മുടെ ഏത് കാര്യങ്ങളായാലും തലച്ചോറിനെ രണ്ട് രീതിയില്‍ സ്വാധീനിക്കാം. ഒന്ന് പോസിറ്റീവായും രണ്ട് നെഗറ്റീവായും. ഇവിടെയിപ്പോള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

തലച്ചോറിന്‍റെ ആരോഗ്യം പരിരക്ഷിക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്നത് എടുത്തുപറയേണ്ടതില്ല. കാരണം നമ്മളെ ആകെയും നിയന്ത്രിക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതുമെല്ലാം തലച്ചോര്‍ ആണല്ലോ. 

അതേസമയം തലച്ചോറിന്‍റെ ആരോഗ്യത്തെയും നമ്മള്‍ അല്‍പം കരുതലോടെ സംരക്ഷിക്കേണ്ടതുണ്ട്. നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതില്‍ ഭാഗവാക്കാകുന്നതാണ്. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിങ്ങനെയുള്ള അടിസ്ഥാനവിഷയങ്ങള്‍ പോലും ഇതിനെ സ്വാധീനിക്കുന്നതാണ്. 

നമ്മുടെ ഏത് കാര്യങ്ങളായാലും തലച്ചോറിനെ രണ്ട് രീതിയില്‍ സ്വാധീനിക്കാം. ഒന്ന് പോസിറ്റീവായും രണ്ട് നെഗറ്റീവായും. ഇവിടെയിപ്പോള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ദീര്‍ഘസമയം ഒരുപോലെ ഇരിക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തെ ക്രമേണ മോശമായി ബാധിക്കുന്ന, നമ്മുടെ ഒരു ശീലം. ഒരുപക്ഷേ ജോലിയുടെ ഭാഗമായിട്ടായിരിക്കാം അത്രയും അധികം സമയം ഒരു വ്യക്തി ഇരിക്കുന്നത്. അപ്പോള്‍ പോലും ഇടവേളകള്‍ എടുത്തും, ഇടയ്ക്ക് നടന്നും, മറ്റുള്ളവരുമായി സംസാരിച്ചും- ഇടപഴകിയും, പടികള്‍ കയറിയിറങ്ങിയുമെല്ലാം 'റീഫ്രഷ്' ആകേണ്ടതാണ്. അല്ലാതെ ഒരേപോലെ മണിക്കൂറുകളോളം ഇരിക്കുന്നത് തലച്ചോറിനെ മോശമായി ബാധിക്കാം. 

'പ്ലസ് വൺ' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ 2018ല്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം ദീര്‍ഘസമയം ഇരിക്കുന്നത് ക്രമേണ തലച്ചോറിന്‍റെ എംടിഎല്‍ ( മീഡിയല്‍ ടെപോറല്‍ ലോബ്) എന്ന ഭാഗത്തെ ബാധിക്കും. ഇത് നമ്മുടെ ഓര്‍മ്മശക്തിയെ ആണ് കൂടുതലും പ്രശ്നത്തിലാക്കുക. 

രണ്ട്...

മറ്റുള്ളവരുമായി ഇടപഴകാതെ മാറിയിരിക്കുന്ന, എപ്പോഴും ഏകാന്തരായി തുടരുന്ന രീതിയും തലച്ചോറിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. തലച്ചോറിലെ 'ഗ്രേ മാറ്റര്‍' അഥവാ ചില കോശകലകളെ ബാധിക്കുന്നു. ഇത് നിത്യജീവിതത്തില്‍ പല പ്രയാസങ്ങളും സൃഷ്ടിക്കാം. കാരണം വിവരങ്ങള്‍ ഗ്രഹിച്ചെടുക്കുന്ന കാര്യത്തില്‍ ഏറെ പ്രവര്‍ത്തിക്കുന്ന ഭാഗമാണിത്. 

മൂന്ന്...

ഉറക്കമില്ലായ്മ- അല്ലെങ്കില്‍ ശരിയാംവിധം ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയും തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. മുതിര്‍ന്ന ഒരാള്‍ക്ക് 7-8 മണിക്കൂര്‍ തുടര്‍ച്ചയായ- ആഴത്തിലുള്ള ഉറക്കമെങ്കിലും ദിവസത്തില്‍ കിട്ടിയിരിക്കണം. പതിവായി ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അവരുടെ തലച്ചോറിലും അതിന്‍റേതായ വ്യത്യാസം വരും. 

ഓര്‍മ്മശക്തി, പ്രശ്നപരിഹാരം തുടങ്ങിയ കാര്യങ്ങളെ ആണിത് ബാധിക്കുക. 

നാല്...

'ക്രോണിക് സ്ട്രെസ്' അഥവാ പതിവായി കാര്യമായ അളവില്‍ സ്ട്രെസ് അനുഭവിക്കുന്നതും ക്രമേണ തലച്ചോറിനെ ബാധിക്കാം. ഇതും ഓര്‍മ്മശക്തിയെ ആണ് ബാധിക്കുന്നത്. അതുപോലെ തന്നെ പഠനമികവിലും നമ്മെ പുറകിലാക്കാം.

അഞ്ച്...

അനാരോഗ്യകരമായ ഭക്ഷണരീതി- അഥവാ ആവശ്യമായ പോഷകങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട് അനാവശ്യമായ ഘടകങ്ങളടങ്ങിയ ഭക്ഷണം ഏറെ കഴിക്കുന്ന ശീലവും തലച്ചോറിനെ ബാധിക്കാം. സമയക്രമം ഇല്ലാത്ത ഭക്ഷണരീതിയും ശരിയല്ല.  ഇതെല്ലാം ഓര്‍മ്മശക്തിയെ ആണ് കാര്യമായും ബാധിക്കുകയെന്ന് പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് ജങ്ക് ഫുഡ്- പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതാണ് ഏറെയും തലച്ചോറിനെ ബാധിക്കുക.

Also Read:- പുരുഷന്മാരില്‍ ഒരു പ്രായം കടന്നാല്‍ കാണുന്ന വിരക്തിക്കും ദേഷ്യത്തിനും പിന്നില്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ