അകാരണമായ ദേഷ്യം, വിഷാദം, അസ്വസ്ഥത എന്നിങ്ങനെയെല്ലാമായിരിക്കും പലരും ഇതിനെ വിലയിരുത്തി വച്ചിട്ടുണ്ടാവുക. എന്നാല്‍ പുരുഷന്മാരില്‍ ഒരു പ്രായത്തിന് ശേഷം കാണുന്ന ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ട്

പുരുഷന്മാരില്‍ അമ്പത് വയസിന് ശേഷം പിന്നീട് ക്രമണേ കാണപ്പെടുന്ന മുൻകോപം, വിരക്തി, വിഷാദം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പലരും ശ്രദ്ധിച്ചിരിക്കും. ഈ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ പക്ഷേ പലപ്പോഴും ഇത് തിരിച്ചറിയണമെന്നോ, തിരിച്ചറിഞ്ഞാലും കാരണം എന്തെന്ന് അന്വേഷിക്കണമെന്നോ ഇല്ല.

അകാരണമായ ദേഷ്യം, വിഷാദം, അസ്വസ്ഥത എന്നിങ്ങനെയെല്ലാമായിരിക്കും പലരും ഇതിനെ വിലയിരുത്തി വച്ചിട്ടുണ്ടാവുക. എന്നാല്‍ പുരുഷന്മാരില്‍ ഒരു പ്രായത്തിന് ശേഷം കാണുന്ന ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ട് എന്നതാണ് സത്യം.

പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'ടെസ്റ്റോസ്റ്റിറോൺ' ഹോര്‍മോണിന്‍റെ ഉത്പാദനം കുറയുന്നതിന്‍റെ ഭാഗമായാണ് സ്വഭാവത്തിലും ആരോഗ്യകാര്യങ്ങളിലുമെല്ലാം ഈ മാറ്റം കണ്ടുതുടങ്ങുന്നത്. എന്നുവച്ചാല്‍ ഇത് കൃത്യമായും ജൈവികമായൊരു മാറ്റമാണെന്ന് സാരം. 

പലരും ഇതിനെ 'അബ്നോര്‍മല്‍' അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഘടകങ്ങള്‍ മൂലം സംഭവിക്കുന്ന മാറ്റമായിട്ടെല്ലാം മനസിലാക്കാറുണ്ട്. കേവലം ഒരു ഹോര്‍മോണ്‍ ഇത്രയും പ്രശ്നമുണ്ടാക്കുമോ എന്ന സംശയവും പലരിലും ഉയരാം. അതെ എന്നാണീ സംശയത്തിനുള്ള ഉത്തരം. 

'ടെസ്റ്റോസ്റ്റിറോൺ' ഉത്പാദനം കുറയുന്നത് വര്‍ഷങ്ങളെടുത്താണ് വ്യക്തിയെ ബാധിക്കുക. അല്ലാതെ പെട്ടെന്നൊരു ദിവസമല്ല ഇതിന്‍റെ ഭാഗമായ മാറ്റങ്ങള്‍ കാണുക. 

തളര്‍ച്ച, ലൈംഗികകാര്യങ്ങളില്‍ താല്‍പര്യക്കുറവ്, ഉദ്ധാരണക്കുറവ്, ഉന്മേഷമില്ലായ്മ, ദേഷ്യം- അസ്വസ്ഥത- ദുഖം എന്നിവയെല്ലാം മാറിമാറി വരുന്ന മൂഡ് ഡിസോര്‍ഡര്‍, വിഷാദം, പേശീബലവും എല്ലുബലവും കുറയുക, സ്തനങ്ങള്‍ തൂങ്ങുകയും ശരീരത്തിലെ രോമങ്ങള്‍ കൊഴിയുകയും ചെയ്യുക, ശരീരഭാരം കൂടുക എന്നിങ്ങനെ ഒരുപിടി പ്രശ്നങ്ങള്‍ ഇങ്ങനെ പുരുഷന്മാരെ ബാധിക്കാം. 

ഇത് ആദ്യമെല്ലാം വളരെ നേരിയ രീതിയില്‍ ആണ് തുടങ്ങുക. പ്രായം ചെല്ലുംതോറും പ്രശ്നങ്ങള്‍ കനക്കാം. എന്നാലീ പ്രശ്നങ്ങളെ വളരെ ഫലവത്തായി നേരിടാൻ പലര്‍ക്കും കഴിയുന്നുണ്ട്. അത് എങ്ങനെയെന്നല്ലേ? ഒന്നാമതായി ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുകയെന്നതാണ്. കാര്യമറിയാതെ ഈ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന അവസ്ഥ പ്രയാസകരമാണ്. എല്ലാം അറിയുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണ് എല്ലാവരെയും ബാധിക്കുന്നതാണ് എന്ന ബോധം വലിയ ആശ്വാസം നല്‍കും.

ഇത്തരം പ്രശ്നങ്ങള്‍ ഭാര്യ- അല്ലെങ്കില്‍- പങ്കാളി അടക്കം ചുറ്റമുള്ളവരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കാതിരിക്കാൻ തുറന്ന സംഭാഷണങ്ങള്‍- തുറന്ന പെരുമാറ്റം എല്ലാം സഹായിക്കും. ഇക്കാര്യത്തില്‍ 'ഈ ഗോ' കരുതേണ്ടതില്ല. 

ഇനി- ഏതെങ്കിലും വിധത്തില്‍ ഇതൊന്നും കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടാനും മടിക്കരുത്. ഇതില്‍ നാണക്കേട് തോന്നാനോ, കുറവ് അനുഭവപ്പെടാനോ യാതൊന്നുമില്ല. മനുഷ്യസഹജമായ കാര്യങ്ങള്‍ തന്നെ. 

ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെയുള്ള അടിസ്ഥാനകാര്യങ്ങളെല്ലാം കൃത്യമായും ആരോഗ്യകരമായും കൊണ്ടുപോകാൻ സാധിക്കണം. ഇത് വലിയ രീതിയില്‍ മറ്റ് പ്രയാസങ്ങള്‍ ലഘൂകരിക്കാൻ സഹായിക്കും. ഒപ്പം ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടത് സ്ട്രെസിനെ തടയാനാണ്. 

മനസിന് ദോഷമുണ്ടാക്കുംവിധത്തിലുള്ള ജീവിതരീതി ഉപേക്ഷിക്കുക. സ്ട്രെസ് അകറ്റാനുള്ള എല്ലാ മാര്‍ഗങ്ങളും അവലംബിക്കുക. മനസിന് ശാന്തിയും സന്തോഷവും നല്‍കുന്ന കാര്യങ്ങളില്‍ മുഴുകാൻ ശ്രമിക്കു. വാര്‍ധക്യം മോശപ്പെട്ട കാലമോ, 'ശപിക്കപ്പെട്ട' സമയമോ അല്ല. അത് ജീവിതത്തിന്‍റെ പല അവസ്ഥകളിലൊന്ന് മാത്രമാണ്. കരുതലോടെയും മനസാന്നിധ്യത്തോടെയും മുന്നോട്ട് പോകാനായാല്‍ തിരിച്ചറിയലുകളിലൂടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടമാക്കി വാര്‍ധക്യത്തെ മാറ്റാനും എളുപ്പമാണ്. 

Also Read:- ഹൃദയാഘാത കേസുകൾ വർദ്ധിക്കാൻ കാരണം കൊവിഡോ? ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത് കേൾക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo