Skin Care : പുതുവത്സരത്തില്‍ തുടങ്ങാം 'സ്‌കിന്‍ കെയര്‍; ചെയ്യേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Jan 2, 2022, 8:36 PM IST
Highlights

പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ നമുക്ക് കഴിയാറില്ലെന്നതാണ് സത്യം, അല്ലേ? 'സ്‌കിന്‍ കെയര്‍' എന്നാല്‍ എന്തോ ഭാരിച്ച ജോലിയാണെന്ന സങ്കല്‍പമാണ് ഇതിലെ പ്രധാന പ്രശ്‌നം
 

ചര്‍മ്മം എപ്പോഴും മനോഹരമായിരിക്കാനും ( Skin Glow ) ചെറുപ്പം തുളുമ്പാനും ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ത്രീക്കും പുരുഷനുമെല്ലാം ( Men and Women ) ഒരുപോലെ താല്‍പര്യമുള്ള വിഷയമാണിത്. എന്നാല്‍ പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ നമുക്ക് കഴിയാറില്ലെന്നതാണ് സത്യം, അല്ലേ? 

'സ്‌കിന്‍ കെയര്‍' എന്നാല്‍ എന്തോ ഭാരിച്ച ജോലിയാണെന്ന സങ്കല്‍പമാണ് ഇതിലെ പ്രധാന പ്രശ്‌നം. ശീലങ്ങളിലേക്ക് ചില കാര്യങ്ങള്‍ കൂടി ചേര്‍ത്തുവച്ചാല്‍ പിന്നീട് ലളിതമായി തോന്നാവുന്ന, അത്രയും നിസാരമാണ് ചര്‍മ്മ പരിപാലനവും.

ഈ പുതുവര്‍ഷത്തില്‍ പല കാര്യങ്ങളും പുതുതായി ചെയ്യാമെന്ന് തീരുമാനിക്കുന്നവരുണ്ട്. അക്കൂട്ടത്തിലേക്ക് നല്ലൊരു 'സ്‌കിന്‍ കെയര്‍ റുട്ടീന്‍' കൂടി ആയാലോ? ഇതിന് സഹായകമാകുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സണ്‍ സ്‌ക്രീന്‍ ഉപയോഗം പതിവാക്കുക. ഉറക്കമുണര്‍ന്നയുടന്‍ മുഖം വൃത്തിയായി കഴുകി, മോയിസ്ചറൈസര്‍ ഉപയോഗിച്ച ശേഷം സണ്‍സ്‌ക്രീനും ഉപയോഗിക്കാം. വീടിന് പുറത്തുപോകുന്നുണ്ടെങ്കില്‍ മാത്രം പോരെ സണ്‍സ്‌ക്രീന്‍ എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. വീട്ടിനകത്തിരിക്കുമ്പോഴും സണ്‍ സ്‌ക്രീന്‍ ആവശ്യമാണ്.

സ്‌കിന്‍ കെയര്‍ റുട്ടീന്റെ ഭാഗമാകുമ്പോള്‍ പതിവായി ഇത് ചെയ്യുക. ദിവസത്തില്‍ രണ്ട് തവണയെങ്കിലും സണ്‍ സ്‌ക്രീന്‍ തേക്കാവുന്നതാണ്. 

രണ്ട്...

കാലാവസ്ഥ മാറുന്നതിന് അനുസരിച്ചും, ആരോഗ്യാവസ്ഥയില്‍ കാണുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചും സ്‌കിന്‍ കെയര്‍ രീതികള്‍ മാറ്റണം. ഇതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കണം. ചൂടുകാലത്തും മഴക്കാലത്തും മഞ്ഞുകാലത്തുമെല്ലാം വിവിധ രീതിയിലാണ് സ്‌കിന്‍ കെയര്‍ ചെയ്യേണ്ടത്. അതുപോലെ തന്നെ നമ്മുടെ സ്‌കിന്‍ ടൈപ്പ് അറിഞ്ഞുവേണം വിവിധ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍. ഇന്ന് ഇന്റര്‍നെറ്റില്‍ ഇക്കാര്യങ്ങളുമായെല്ലാം ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാണ്.  

മൂന്ന്...

മുഖചര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ ഫേസ് സിറം, ഫേസ് ഓയില്‍ എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കാം. പ്രധാനമായും ചര്‍മ്മത്തില്‍ നനവ് പിടിച്ചുനിര്‍ത്താനാണ് ഇവ സഹായകമാവുക. 

നാല്...

മുഖചര്‍മ്മം മാത്രമല്ല, ആകെ ശരീരത്തോടും ഈ ശ്രദ്ധ വച്ചുപുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് മഞ്ഞുകാലത്തെല്ലാം ശ്രദ്ധിച്ചിട്ടില്ലേ, ശരീരത്തിലെ ആകെ ചര്‍മ്മവും പല തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്.

മോയിസ്ചറൈസര്‍, ബോഡി ലോഷന്‍, ബോഡി യോഗര്‍ട്ട് എന്നിവയെല്ലാം ശരീരചര്‍മ്മം നന്നായി സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. 

അഞ്ച്...

മുപ്പതിനോടടുത്ത് പ്രായമുള്ളവരാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും 'ആന്റി ഏജിംഗ്' ചര്‍മ്മ പരിപാലനവും തുടങ്ങേണ്ടതാണ്. കാരണം ചര്‍മ്മത്തില്‍ പ്രായം പ്രതിഫലിച്ചുതുടങ്ങുന്ന സമയമാണിത്. ഐ ക്രീം, ഫേസ് മാസ്‌ക്, ആന്റി- ഏജിംഗ് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഉപയോഗിക്കാം. 

Also Read:- മുഖക്കുരു അലട്ടുന്നുണ്ടോ? ശ്രദ്ധിക്കാം നാല് കാര്യങ്ങൾ

click me!