
കൊവിഡ് 19 ( Covid 19 ) രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . പോയ മാസം ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ശേഷം ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു.
നേരത്തേ ശക്തമായ കൊവിഡ് തരംഗങ്ങള്‍ക്ക് ഇടയാക്കിയ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താനാകുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്നതായിരുന്നു ഡെല്‍റ്റ വകഭേദവും. ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയിലെന്ന് പറയുമ്പോള്‍ ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഊഹിക്കാവുന്നതേയുള്ളൂ.
ഒമിക്രോണിന്റെ വരവോട് കൂടി രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടായേക്കുമെന്ന വിലയിരുത്തലുകള്‍ക്ക് ആക്കം കൂടി. ഇപ്പോഴിതാ ആകെ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത്, 1,500 കടന്നിരിക്കുന്നു. അതിവേഗത്തിലാണ് ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
ഒമിക്രോണ്‍ മാത്രമല്ല, ആകെ കൊവിഡ് കേസുകളിലും രാജ്യത്ത് വര്‍ധനവാണ് കാണുന്നത്. ഒമിക്രോണ്‍ കേസുകളാണെങ്കില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. തുടക്കം മുതല്‍ തന്നെ മഹാരാഷ്ട്രയാണ് ഇതില്‍ മുന്നില്‍ ഉണ്ടായിരുന്നത്. നിലവില്‍ 460 ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ളത്.
പിന്നാലെ ദില്ലി (351), ഗുജറാത്ത് (136 ), തമിഴ് നാട് (117), കേരളം (109) എന്നിങ്ങനെയാണ് വരുന്നത്. ആകെ കൊവിഡ് കേസുകളാണെങ്കില്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഉയരുന്നത്.
കൊവിഡ് രണ്ടാം തരംഗസമയത്തേതിന് സമാനമായാണ് ഇപ്പോഴും നഗരങ്ങളെ കേന്ദ്രീകരിച്ച് കൊവിഡ് കേസുകളുയരുന്നത്. ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേംബ്രിഡ്ജ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് ട്രാക്കര്‍, പ്രവചിക്കുന്നത് പ്രകാരം ഇന്ത്യയില്‍ മൂന്നാം തരംഗം ഉടന്‍ ഉണ്ടാകും. മേയ് മാസത്തോടെ മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നാണ് പ്രവചനം. ഇതേ കണക്കുകൂട്ടല്‍ തന്നെ വിദഗ്ധരായ പലരും, പല സംഘങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
എന്നാല്‍ ആധികാരികമായി ഇക്കാര്യം ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗമുണ്ടായാല്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കാനും രോഗികളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും പ്രത്യേക സംഘങ്ങളെ ഒരുക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമായി പാലിക്കുകയെന്നത് മാത്രമാണ് ഇനിയൊരു ദുരന്തത്തെ ചെറുക്കുന്നതിനുള്ള ഏക മാര്‍ഗം. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയുള്ള പ്രതിരോധ നടപടികള്‍ കൃത്യമായി പാലിച്ച് നമുക്ക് മുന്നോട്ടുനീങ്ങാം. ഒപ്പം വാക്‌സിനും ഉറപ്പാക്കാം.
Also Read:- ഇന്ത്യയിൽ കൊവിഡ് തരംഗം ദിവസങ്ങൾക്കകമെന്ന് കേംബ്രിജ് കൊറോണ വൈറസ് ട്രാക്കർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam