നാവില്‍ വെളുത്ത പാടുകള്‍, വായിലോ കഴുത്തിലോ ചെറിയ വീക്കം; തിരിച്ചറിയൂ ഈ ലക്ഷണങ്ങളെ...

By Web TeamFirst Published Mar 20, 2023, 1:06 PM IST
Highlights

ഈ അടുത്തായി പുറത്തുവന്നൊരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്നൊരു ക്യാൻസര്‍ 'ഓറല്‍ ക്യാൻസര്‍' അല്ലെങ്കില്‍ വായ്ക്കകത്ത് കാണുന്ന ക്യാൻസര്‍ ആണ്. പുകയിലയുടെ ഉപയോഗമാണ് രാജ്യത്ത് 'ഓറല്‍ ക്യാൻസര്‍' കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് മാര്‍ച്ച് 20, 'ഓറല്‍ ഹെല്‍ത്ത് ഡേ' അഥവാ വായുടെ ആരോഗ്യം സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി മാറ്റിവയ്ക്കുന്ന ദിനമാണ്. വായ ശുചിയായി സൂക്ഷിക്കുന്നതിന്‍റെയും നാവ്, പല്ല്, മോണ തുടങ്ങി എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ - അവയുടെ കാരണങ്ങള്‍ - ലക്ഷണങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട പല വിഷയങ്ങളെ കുറിച്ചും അറിവ് പകരുന്നതിനുമായാണ് 'ഓറല്‍ ഹെല്‍ത്ത് ഡേ' ആചരിക്കുന്നത്. 

ഈ അടുത്തായി പുറത്തുവന്നൊരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്നൊരു ക്യാൻസര്‍ 'ഓറല്‍ ക്യാൻസര്‍' അല്ലെങ്കില്‍ വായ്ക്കകത്ത് കാണുന്ന ക്യാൻസര്‍ ആണ്. പുകയിലയുടെ ഉപയോഗമാണ് രാജ്യത്ത് 'ഓറല്‍ ക്യാൻസര്‍' കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇനി  'ഓറല്‍ ക്യാൻസര്‍'ന്‍റെ ചില പ്രധാന ലക്ഷണങ്ങളാണ് പങ്കുവയ്ക്കുന്നത്. രോഗം സമയബന്ധിതമായി തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സയും ചെയ്യാൻ സാധിക്കൂ.  'ഓറല്‍ ക്യാൻസര്‍' ലക്ഷണങ്ങള്‍...

നാവില്‍ കാണുന്നത്...

നാവിന് മുകളിലായി ചുവന്നതോ വെളുത്തതോ ആയ നിറത്തില്‍ പാടുകള്‍ വരുന്നത്  'ഓറല്‍ ക്യാൻസര്‍' ലക്ഷണമാകാം. നാവില്‍ മാത്രമല്ല മോണയിലോ, കവിളിന് അകംഭാഗത്തോ, ടോണ്‍സിലിലോ എല്ലാമാകാം ഇത് വരുന്നത്. 'ലൂക്കോപ്ലാകിയ' എന്നാണിതിനെ വിളിക്കുന്നത്. മറ്റ് പല സാഹചര്യങ്ങളിലും ഇങ്ങനെയുണ്ടാകാം. അതിനാല്‍ തന്നെ ഈ ലക്ഷണം കാണുന്നയുടനെ ക്യാൻസറാണെന്ന് ഒരിക്കലും സ്വയം വിധിയെഴുതാൻ ശ്രമിക്കേണ്ട. എന്നാലിത് എന്തുകൊണ്ടാണെന്ന് ഒരു ഡോക്ടറുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുകയും വേണം. 

വീക്കം...

വായ്ക്കകത്തോ കഴുത്തിലോ ചെറിയ വീക്കം കാണുന്നതും  'ഓറല്‍ ക്യാൻസര്‍' ലക്ഷണമാകാം. എന്നാലിതും നേരത്തെ സൂചിപ്പിച്ചത് പോലെ നിസാരമായ നീര്‍വീക്കം തൊട്ട് പല സാഹചര്യങ്ങളിലും വരുന്നതിനായതിനാല്‍ പരിശോധിച്ച ശേഷം മാത്രം എന്തെങ്കിലും നിഗമനത്തിലെത്തുക. 

വേദനയും മരവിപ്പും...

മുഖത്ത്, വായ്ക്കകത്ത്, കഴുത്തില്‍ എല്ലാം സ്പര്‍ശമറിയാത്ത വിധം മരവിപ്പ്, അല്ലെങ്കില്‍ വേദന അനുഭവപ്പെടുന്നതും  'ഓറല്‍ ക്യാൻസര്‍' ലക്ഷണമായി വരാറുണ്ട്. കീഴ്ത്താടിയില്‍ വീക്കം- വേദന എന്നിവയും ഇക്കൂട്ടത്തില്‍ വരാം. 

പല്ലിളകി വരുന്നത്...

എന്തെങ്കിലും വിധത്തിലുള്ള പരുക്ക് സംഭവിക്കാതെ സാധാരണഗതിയില്‍ മുതിര്‍ന്ന ആളുകളില്‍ പല്ലിളകി പോരാറില്ല. എന്നാല്‍  'ഓറല്‍ ക്യാൻസര്‍' ലക്ഷണമായി ഇത്തരത്തില്‍ പല്ല് ഇളകിപ്പോരാം. ഇങ്ങനെ കാണുന്നുവെങ്കില്‍ ഉടൻ തന്നെ ഒരു ഡെന്‍റിസ്റ്റിനെ കണ്ട് വേണ്ട പരിശോധന നടത്തുക. 

എങ്ങനെ പ്രതിരോധിക്കാം?

 'ഓറല്‍ ക്യാൻസര്‍'നെ പ്രതിരോധിക്കാൻ പ്രധാനമായും ആദ്യമേ സൂചിപ്പിച്ചത് പോലെ പുകയില ഉപയോഗം ഒഴിവാക്കുക. മദ്യപാനം നല്ലതുപോലെ നിയന്ത്രിക്കുക-അല്ലെങ്കില്‍ ഒഴിവാക്കുക. കൃത്യമായ ഇടവേളകളില്‍ ഡെന്‍റിസ്റ്റുകളെ കണ്ട് ആവശ്യമായ ചെക്കപ്പുകള്‍ നടത്തി സുരക്ഷ ഉറപ്പിക്കുക. 

Also Read:-തൊലിപ്പുറത്ത് കാണുന്ന ഈ രോഗം വേനലില്‍ എങ്ങനെ നിയന്ത്രിക്കാം?

 

tags
click me!