
മിക്ക കുട്ടികളുടെയും ഭക്ഷണരീതിയെ ചൊല്ലി മാതാപിതാക്കള്‍ എപ്പോഴും ആധി പിടിക്കുന്നത് കാണാം. കുട്ടി ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ല, പച്ചക്കറികള്‍ കഴിക്കുന്നില്ല, പാല്‍ കുടിക്കുന്നില്ല, പഴങ്ങള്‍ കഴിക്കുന്നില്ല, ഇങ്ങനെ നല്ല ഭക്ഷണങ്ങളൊന്നും വേണ്ട എന്നെല്ലാം പരാതി പറയുന്ന മാതാപിതാക്കളുണ്ട്.
കുട്ടികളെ ഒരു പ്രായത്തിന് മുമ്പ് തന്നെ ശരിയാംവിധമുള്ള, 'ഹെല്‍ത്തി'യായ ഭക്ഷണരീതികള്‍ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇതിന് ആദ്യമെല്ലാം പ്രയാസം തോന്നിയാലും കുട്ടികള്‍ അതുമായി ശീലത്തിലായാല്‍ പിന്നെ അവര്‍ തനിയെ അതേ ആരോഗ്യകരമായ ചിട്ടയില്‍ പോകാൻ താല്‍പര്യപ്പെടും. ഇത്തരത്തില്‍ കുട്ടികളില്‍ പോഷകാഹാരക്കുറവ് വരാതിരിക്കാനും അവരെ മിടുക്കരാക്കാനും സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ബ്രേക്ക്ഫാസ്റ്റ്
നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ബ്രേക്ക്ഫാസ്റ്റിനുള്ള പങ്ക് പറഞ്ഞറിയിക്കേണ്ടതില്ല. അതിനാല്‍ ഇത് കുട്ടികളെ ശീലിപ്പിക്കണം. ലളിതമായ, ആരോഗ്യപ്രദമായ ബ്രേക്ക്ഫാസ്റ്റ് എല്ലാ ദിവസവും കഴിപ്പിക്കുക.
ലഞ്ച്
സ്കൂളിലേക്കാണെങ്കിലും പോഷകങ്ങളടങ്ങിയ വിഭവങ്ങളോടെ സമഗ്രമായ ലഞ്ച് ആണ് കൊടുത്ത് വിടേണ്ടത്. ഉദാഹരണത്തിന് ലീൻ പ്രോട്ടീന് ചിക്കനോ, ബീൻസോ വയ്ക്കാം. ധാന്യങ്ങള്‍ക്ക് ഹോള്‍ വീറ്റ് ബ്രഡോ പാസ്തയോ ആകാം. ഒപ്പം എന്തെങ്കിലും ഫ്രൂട്ട്സോ പച്ചക്കറികളോ നല്‍കണം. ഈ ഭക്ഷണരീതിയെല്ലാം ചെറുതിലേ ശീലിച്ചാല്‍ മാത്രമ അവര്‍ക്ക് പിന്നീടും കൊണ്ടുപോകാൻ സാധിക്കൂ.
സ്നാക്സ്
കുട്ടികള്‍ക്ക് സ്കൂളില്‍ കഴിക്കാനോ വീട്ടില്‍ വച്ച കഴിക്കാനോ തന്നെ കഴിവതും വീട്ടില്‍ തന്നെ തയ്യാറാക്കിയ സ്നാക്സ് നല്‍കുക. ഇത് പുറത്തുനിന്ന് അവര്‍ എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയത് അടക്കമുള്ള, അനാരോഗ്യകരമായ രീതിയില്‍ തയ്യാറാക്കിയ സ്നാക്സ് വാങ്ങിക്കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും.
വെള്ളം
കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എങ്കില്‍ അവരെ അതിന് ഓര്‍മ്മപ്പെടുത്തണം. അതിന് അവര്‍ക്ക് എന്തെങ്കിലും എളുപ്പവഴിയും ചെയ്തുകൊടുക്കാം. അലാം വയ്ക്കുകയോ സമയക്രമത്തിന് പകരമായി ദൈനംദിന ആക്ടിവിറ്റികള്‍ വച്ച് വെള്ളം കുടിക്കാൻ ഓര്‍ക്കുകയോ ചെയ്യാം.
പഴങ്ങളും പച്ചക്കറികളും
മിക്ക വീടുകളിലും കുട്ടികളെ പഴങ്ങളും പച്ചക്കറികളും കഴിപ്പിച്ച് ശീലിപ്പിക്കാത്തതിനാലാണ് അവരത് പിന്നീടും കഴിക്കാൻ താല്‍പര്യപ്പെടാതിരിക്കുന്നത്. അതിനാല്‍ ചെറുപ്പത്തിലേ തന്നെ നിര്‍ബന്ധമായും പച്ചക്കറികളും പഴങ്ങളും കുട്ടികളെ ശീലിപ്പിക്കണം.
മധുരവും പ്രോസസ്ഡ് ഫുഡ്സും
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരിക്കും മധുര പലഹാരങ്ങള്‍. അതുപോലെ തന്നെ പുറത്തുനിന്ന് വാങ്ങിക്കുന്ന പ്രോസസ്ഡ് ഫുഡ്സും. എന്നാല്‍ ഇവ രണ്ടും പരമാവധി ഒഴിവാക്കുകയും, കുട്ടിയുടെ ശീലത്തില്‍ വരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
അളവ്
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും മാതാപിതാക്കള്‍ ശ്രദ്ധിക്കേണം. ഓരോ പ്രായത്തിലും കഴിക്കേണ്ടതിന് അളവുണ്ട്. അമിതമായോ തീരെ കുറഞ്ഞോ അല്ല കുട്ടി കഴിക്കുന്നത് എന്നത് കൂടി ഉറപ്പുവരുത്തണം.
ഭക്ഷണത്തെ കുറിച്ചുള്ള അറിവ്...
കുട്ടികള്‍ക്ക് ചെറുതിലെ തന്നെ ഭക്ഷണത്തെ കുറിച്ചുള്ള അറിവ് നല്‍കുക. എന്താണ് നല്ല ഭക്ഷണം, എന്താണ് മോശം ഭക്ഷണം എന്നെല്ലാം വിശദമാക്കിക്കൊടുക്കണം. നല്ല ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങള്‍, മോശം ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങള്‍ എല്ലാം അവരെ ധരിപ്പിക്കണം. ഇതോടെ അവര്‍ക്ക് തന്നെ സ്വയം ഡയറ്റുമായി ഒരു ബന്ധം വരികയും ചെയ്യും. എന്ന് മാത്രമല്ല മറ്റുള്ള കാര്യങ്ങളിലെന്ന പോലെ തന്നെ ഭക്ഷണകാര്യത്തിലും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃക ആയിരിക്കണം.
Also Read:- കുഞ്ഞ് ജനിച്ചത് ചില പ്രശ്നങ്ങളോടെ; ആദ്യമായി വെളിപ്പെടുത്തലുമായി നടി ബിപാഷ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-