
പ്രമേഹം നമുക്കറിയാം, പ്രധാനമായും ഒരു ജീവിതശൈലീരോഗമാണ്. എന്നുവച്ചാല്‍ ജീവിതശൈലികളുടെ ഭാഗമായി പിടിപെടുന്നത്. ചിലരില്‍ ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതിന്‍റെ ഭാഗമായെല്ലാം പിടിപെടാറുണ്ടെങ്കിലും മിക്കവാറും പേരിലും പ്രമേഹം ജീവിതരീതികളിലെ പ്രശ്നങ്ങള്‍ കൊണ്ട് ക്രമേണ പിടിപെടുന്നതാണ്.
ജീവിതശൈലിയെന്ന് പറയുമ്പോള്‍ പ്രമേഹത്തിലേക്ക് നയിക്കുന്നത് പ്രധാനമായും ഭക്ഷണം തന്നെ. രണ്ടാമതായി വ്യായാമമോ കായികാധ്വാനങ്ങളോ ഇല്ലാത്ത അലസമായ പ്രകൃതവും.
ഭക്ഷണത്തില്‍ - സ്വാഭാവികമായും മധുരമേറുന്നതായിരിക്കും പ്രമേഹത്തിലേക്ക് നയിക്കുകയെന്നതായിരിക്കും മിക്കവരും ചിന്തിക്കുന്നൊരു കാര്യം. മധുരം- അത് പഞ്ചസാര അടക്കമുള്ള മധുരങ്ങള്‍ പ്രമേഹത്തിന് വലിയ രീതിയില്‍ കാരണമാകുന്നത് തന്നെയാണ്. ഇതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ മധുരം മാത്രമല്ല വില്ലൻ- ഉപ്പും പ്രമേഹത്തിന്‍റെ കാര്യത്തില്‍ വില്ലനായി വരുന്നുണ്ടെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.
യുഎസിലെ 'ടുലേൻ യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് വര്‍ഷങ്ങളെടുത്ത് ഇങ്ങനെയൊരു പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്രുമഖ ആരോഗ്യപ്രസിദ്ധീകരണമായ 'മയോക്ലിനിക് പ്രൊസീഡിംഗ്സി'ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
പതിവായി വലിയ അളവില്‍ ഉപ്പ് അഥവാ സോഡിയം അകത്തെത്തുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് - 2 പ്രമേഹം പിടിപെടുന്നതിന് സാധ്യതകള്‍ കൂടുതല്‍ കണ്ടുവെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏതാണ്ട് നാല് ലക്ഷം പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയൊരു പഠനത്തിന്‍റെ ഫലമായതിനാല്‍ തന്നെ ഈ റിപ്പോര്‍ട്ടിന് വലിയ ശ്രദ്ധയാണ് വ്യാപകമായി ലഭിക്കുന്നത്.
ഉപ്പ് അധികമാകുന്നത് ബിപി( രക്തസമ്മര്‍ദ്ദം) ഇത് മുഖേന ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണാമാകാറുണ്ടെന്ന് നമുക്കെല്ലാം അറിയാം. എന്നാല ഉപ്പ് പ്രമേഹത്തിലേക്കും നയിക്കാമെന്നത് പുതിയൊരു വിവരം തന്നെയാണ്.
അതേസമയം എന്തുകൊണ്ടാണ് അമിതമായ ഉപ്പ് ഉപയോഗം ക്രമേണ പ്രേമഹത്തിന് സാധ്യതയൊരുക്കുന്നത് എന്നതിന് കൃത്യമായൊരു വിശദീകരണം നല്‍കാൻ ഗവേഷകര്‍ക്കായിട്ടില്ല. ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും വേണ്ടിവരുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.
ഒരുപക്ഷേ അമിതമായി ഉപ്പ് കഴിക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ഇത്തരക്കാരില്‍ അമിതവണ്ണം- കുടവയര്‍ എന്നിവ കാണുകയും ചെയ്യുന്നതാകാം പ്രമേഹത്തിന് ഒരു കാരണമാകുന്നതെന്ന് പഠനം നടത്തിയ ഗവേഷകര്‍ തന്നെ പറയുന്നു. അമിതവണ്ണം അല്ലെങ്കില്‍ കുടവയര്‍- വയറ്റില്‍ കൊഴുപ്പടിയുന്നത് എല്ലാം പ്രമേഹത്തിലേക്ക് വഴിവയ്ക്കുന്ന വലിയ കാരണങ്ങളാണ്.
അധികം ഉപ്പ് കഴിക്കുന്നവരില്‍ വണ്ണം കൂടുതലാകാനുള്ള സാധ്യതയുണ്ടെന്നും ഇതേ പഠനം തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നുണ്ട്.
Also Read:- പ്രമേഹം കണ്ണുകളെ ബാധിക്കുന്നത് എങ്ങനെ തിരിച്ചറിയാം? ഇത് ഭേദപ്പെടുത്താൻ സാധിക്കുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിലേക്ക് കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam