Asianet News MalayalamAsianet News Malayalam

പ്രമേഹം കണ്ണുകളെ ബാധിക്കുന്നത് എങ്ങനെ തിരിച്ചറിയാം? ഇത് ഭേദപ്പെടുത്താൻ സാധിക്കുമോ?

പ്രമേഹരോഗികളെ ക്രമേണ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടല്‍. ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ഇന്നും പലര്‍ക്കും അറിവില്ല. മാത്രമല്ല, പ്രമേഹം കണ്ണുകളെ ബാധിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ വരെയുണ്ട്.

know about the symptoms of diabetic retinopathy
Author
First Published Nov 6, 2023, 6:54 PM IST

പ്രമേഹരോഗം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ ഇന്ന് ആളുകള്‍ അല്‍പം കൂടി ഗൗരവത്തോടെ സമീപിക്കുന്നുണ്ട്. കാരണം പല ജീവിതശൈലീരോഗങ്ങളും ക്രമേണ നമ്മുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് മാറാവുന്നവയാണ്.

ഇതില്‍ പ്രമേഹം തന്നെ എടുത്താല്‍ ഹൃദയത്തിന് വരെ പ്രമേഹം ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിത്യജീവിതത്തില്‍ അതുണ്ടാക്കുന്ന പ്രയാസങ്ങള്‍ വേറെയും.

ഇത്തരത്തില്‍ പ്രമേഹരോഗികളെ ക്രമേണ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടല്‍. ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ഇന്നും പലര്‍ക്കും അറിവില്ല. മാത്രമല്ല, പ്രമേഹം കണ്ണുകളെ ബാധിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ വരെയുണ്ട്. പക്ഷേ പ്രമേഹം അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് ഭാവിയില്‍ കണ്ണുകളെ ബാധിക്കാമെന്നത് സത്യമാണ്. 

ഓരോ വ്യക്തിയിലും പ്രമേഹം അടക്കമുള്ള ജീവിതശൈലീരോഗങ്ങളുടെ അനുബന്ധ പ്രശ്നങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ എല്ലാ പ്രമേഹരോഗികളിലും കാഴ്ചാനഷ്ടമുണ്ടാകണമെന്നില്ല. എന്നാലിത് അപൂര്‍വമായൊരു അവസ്ഥയുമല്ല. 

പ്രമേഹം മൂര്‍ച്ഛിക്കുമ്പോള്‍ രക്തത്തിലെ അമിതമായ ഷുഗര്‍ നില രക്തക്കുഴലുകളെ ബാധിക്കുകയും കണ്ണിലെ 'റെറ്റിന' എന്ന ബാഗത്തെ രക്തക്കുഴലുകളും ബാധിക്കപ്പെടുകയും ചെയ്യുകയാണ്. ഇതോടെയാണ് കാഴ്ചയും ബാധിക്കപ്പെടുന്നത്. 

സമയമെടുത്ത്- പതിയെ ആണ് പ്രമേഹരോഗികളിലെ കാഴ്ചാനഷ്ടമുണ്ടാകുന്നത്. ഇത് ചില ലക്ഷണങ്ങളിലൂടെ തിരിച്ചരിയാനും സാധിക്കും. മങ്ങിയത് പോലെയോ അല്ലെങ്കില്‍ ചാടിക്കൊണ്ടിരിക്കുന്നത് പോലെയോ കാഴ്ചകള്‍ കാണുക, കറുത്ത നിറത്തില്‍ നേരിയ വരകള്‍- കുത്തുകള്‍ എന്നിവ കാണുക, നിറങ്ങളെ തിരിച്ചറിയാൻ പ്രയാസം, ചിലപ്പോള്‍ കണ്ണ് അങ്ങനെ തന്നെ ഇരുട്ടുമൂടിയത് പോലെ ഒന്നും കാണാനാകാത്ത അവസ്ഥ എന്നിവയെല്ലാം 'ഡയബെറ്റിക് റെറ്റിനോപ്പതി' അഥവാ പ്രമേഹം കണ്ണുകളെ ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്. 

ഇത് ചികിത്സയിലൂടെ ശരിപ്പെടുത്തി എടുക്കുകയെന്നത് പ്രയാസകരമാണ്. പ്രാരംഭഘട്ടങ്ങളില്‍ ചികിത്സകള്‍ ചെയ്യാമെങ്കിലും ഗൗരവമാകുന്ന ഘട്ടങ്ങളില്‍ കാഴ്ച വീണ്ടെടുക്കാവുന്ന അവസ്ഥ ഉണ്ടാകാതെ വരാം. പ്രമേഹം കണ്ണുകളെ ബാധിക്കും വിധത്തിലേക്ക് ഉയരാതെ നിയന്ത്രിക്കുകയാണ് രോഗികള്‍ മുന്നൊരുക്കം പോലെ ചെയ്യേണ്ടത്. ഇതാണ് ഏറ്റവും പ്രധാനം. 

Also Read:- നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ ഹൃദയാരോഗ്യം അപകടത്തിലാക്കുന്നൊരു ഘടകം ഇതാ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios