
ചിലര്‍ ചായയോ കാപ്പിയോ ഒക്കെ തിളച്ചപടി തന്നെ കുടിക്കുന്നത് കണ്ടിട്ടില്ലേ? ഇങ്ങനെ 'പൈപ്പ് ഹോട്ട്' അഥവാ പൊള്ളുന്ന അത്രയും ചൂടില്‍ ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് അന്നനാളത്തിനാണ് അത് ദോഷകരമാവുക.
എന്നാല്‍ ധാരാളം പേര്‍ക്ക് ചായയും കാപ്പിയും അടക്കം പല ഭക്ഷണപാനീയങ്ങളും നല്ല ചൂടില്‍ തന്നെ കഴിക്കുന്നതാണ് ഇഷ്ടം. എങ്കിലേ രുചി തോന്നൂ എന്നാണിതിനി പറയുന്ന ന്യായം.
ഇഷ്ടം കൊണ്ട് ചൂടോടെ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നവരെ സംബന്ധിച്ച് പ്രശ്നമില്ല. എന്നാല്‍ അബദ്ധത്തില്‍ ചൂടുള്ളത് കഴിക്കുന്നത് ഇത്തിരി പ്രയാസം തന്നെയാണ്. നാവ് പൊള്ളി, തരിച്ചുപോകുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്ന വലിയ അസ്വസ്ഥത. അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് തന്നെ മറ്റൊന്നും കഴിക്കാൻ തോന്നാത്ത അവസ്ഥ വരെ ഇതുണ്ടാക്കുന്നു.
ഇങ്ങനെ നാവ് പൊള്ളുന്നത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കാതിരിക്കാൻ എന്താണ് നമുക്ക് ചെയ്യാനാവുക? ചൂടുള്ള ഭക്ഷണപാനീയങ്ങള്‍ മൂലം നാവ് പൊള്ളിയാല്‍ ഉടനെ ചെയ്യേണ്ടത് എന്തെല്ലാം? ഇക്കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
വായില്‍ ഐസ് ക്യൂബ് ഇട്ട് പതിയെ നുണഞ്ഞ് അലിയിക്കാം. ഇത് നല്ല രീതിയില്‍ നാവിനും വായയ്ക്കും ആശ്വാസം നല്‍കും. നല്ലതുപോലെ തണുത്ത എന്തെങ്കിലും കുടിക്കുന്നതും ആശ്വാസമേകും. പക്ഷേ ഐസ് ക്യൂബാണ് ഏറ്റവും നല്ലത്.
രണ്ട്...
തണുത്ത പാലിരിപ്പുണ്ടെങ്കില്‍ അത് വായില്‍ നിറച്ച് അല്‍പസമയം വയ്ക്കുന്നതും നല്ലതാണ്. പാലിന് പൊള്ളലിന്‍റെ എരിച്ചിലിനെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും.
മൂന്ന്...
ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ ഉപ്പിട്ട്, ഇത് അല്‍പസമയം വായില്‍ കൊള്ളുന്നതും നല്ലതാണ്. ഇതും പൊള്ളലിന് ആശ്വാസം നല്‍കും. പൊള്ളിയതിനെ തുടര്‍ന്ന് തൊലിയില്‍ മുറിവ് പറ്റിയിട്ടുണ്ടെങ്കില്‍ അതിന്മേല്‍ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടാകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.
നാല്...
ചൂടുള്ള ഭക്ഷണപാനീയങ്ങളാല്‍ നാവ് പൊള്ളിയാല്‍, നാവില്‍ തേൻ തേക്കുന്നതും ഉത്തമമാണ്. പൊള്ളലിന്‍റെ ആക്കം കുറയ്ക്കാനും ആശ്വാസമേകാനും ചെറിയ മുറിവുകളുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ അണുബാധ വരാതിരിക്കാനുമെല്ലാം തേൻ നല്ലതാണ്.
അഞ്ച്...
നാവ് പൊള്ളിയാല്‍ കറ്റാര്‍വാഴയുടെ കാമ്പെടുത്ത് തേക്കുന്നതും നല്ലൊരു ഉപാധിയാണ്. കറ്റാര്‍വാഴയുടെ കാമ്പിന് സാമാന്യം കയ്പുണ്ടായിരിക്കും. എന്നാലിത് ഔഷധഗുണമുള്ളതാണ് എന്ന് മനസിലാക്കണം.
Also Read:- ഇടവിട്ട് തലവേദനയുണ്ടാകുന്നതിന്‍റെ കാരണങ്ങള്‍ ഇവയാകാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-