
മലബന്ധം (constipation) പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ക്രമരഹിതമായ ഭക്ഷണശീലങ്ങളും ഉദാസീനമായ ജീവിതശൈലിയുമാണ് ഇതിന് പിന്നിലെ പ്രധാനകാരണങ്ങൾ. ശരിയായി മലവിസർജ്ജനം നടക്കാത്തത് പലരിലും അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, വയറുവേദന പോലുള്ള മറ്റ് ദഹനപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.
ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ ഇല്ലാത്തതും, സമ്മർദ്ദം, ഡയറ്റിലെ മാറ്റങ്ങൾ, ചില മെഡിക്കൽ അവസ്ഥകൾ എന്നിവ കാരണം മലബന്ധം ഉണ്ടാകാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ നമാമി അഗർവാൾ പറയുന്നു.
നിർജ്ജലീകരണം മലബന്ധത്തിനുള്ള ഒരു സാധാരണ കാരണമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിർത്തുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്ന് അവർ പറയുന്നു. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. കിടക്കാൻ നേരത്ത് ചെറുചൂടുള്ള ഒരു ഗ്ലാസ് പാലിൽ 1-2 ടീസ്പൂൺ നെയ്യ് ചേർത്ത് കുടിക്കുക. മലബന്ധം നീക്കി നല്ല ശോധനയ്ക്കു ഇത് സഹായിക്കും.
നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Read more വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി നമാമി പറഞ്ഞു.