ഈ കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് തരം ചായകൾ

By Web TeamFirst Published Jul 15, 2020, 9:27 AM IST
Highlights

രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് വെെറസ് വളരെ പെട്ടെന്ന് പിടിപെടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് കൊവിഡിനെ തടയാനുള്ള പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്നാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന മൂന്ന് തരം ചായകൾ ഏതൊക്കെയാണെന്ന് അറിയാം.

കൊറോണ വെെറസ് എന്ന മഹാമാരി ലോകത്ത് പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡിനെതിരെ വാക്സിൻ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് വെെറസ് വളരെ പെട്ടെന്ന് പിടിപെടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. ശക്തമായ രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് കൊവിഡിനെ തടയാനുള്ള പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്നാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന മൂന്ന് തരം ചായകളെ കുറിച്ച് സീനിയർ ആയുർവേദ കൺസൾട്ടന്റ് ഡോ. വിശാഖ മഹീന്ദു പറയുന്നു...

1. ഇഞ്ചി ചായ (ginger tea)...

ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇടവിട്ടുള്ള ചുമ, ജലദോഷം എന്നിവ ഒഴിവാക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച ചായയാണ് 'ജിഞ്ചർ ടീ'.  ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്റീ ഓക്സിഡന്റുകൾ ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി നൽകുന്നു. മാത്രമല്ല ശരീരത്തിലെ അണുബാധകളെ തടയാനായി ഇത് ഫലപ്രദമായി പ്രവർത്തിക്കും. 

ഇഞ്ചി ചായ ഉണ്ടാക്കുന്ന വിധം...

വേണ്ട ചേരുവകൾ...

ഇഞ്ചി                               1 ടീസ്പൂൺ ( ചെറിയ കഷ്ണങ്ങളാക്കിയത്)
ചായ പൊടി                   1 ടീസ്പൂൺ
വെള്ളം                             3 കപ്പ്
തേൻ                                 1/2 ടീസ്പൂൺ
നാരങ്ങനീര്                    1 ടീസ്പൂൺ

 

 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക. ശേഷം തേയില പൊടി ചേർക്കുക. മൂന്നോ നാലോ മിനിറ്റ് തിളപ്പിക്കുക. ശേഷം നാരങ്ങ നീരും ചേർക്കുക. കുടിക്കുന്നതിന് മുമ്പ് തേൻ ചേർത്താൽ മതിയാകും. ജിഞ്ചർ ടീ തയ്യാറായി... 

2. കറുവപ്പട്ട ചായ  (cinnamon tea)...

കറുവപ്പട്ടയെ നിസാരമായി കാണേണ്ട. ധാരാളം ഔഷധ ​ഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയ കറുവപ്പട്ട തടി കുറയ്ക്കാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കും. കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. അതൊടൊപ്പം, ദിവസവും കറുവപ്പട്ട ചായ കുടിക്കുന്നത് ബാക്ടീരിയ, ഫംഗസ് അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നു.

 

 

വേണ്ട ചേരുവകൾ...

കറുവപ്പട്ട            1 കഷ്ണം
തേൻ                  അര ടീസ്പൂൺ

 തയ്യാറാക്കുന്ന വിധം...

ഒരു കഷ്ണം കറുവപ്പട്ട തിളച്ച വെള്ളത്തിലിടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം അര ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുക.

3. തുളസി ചായ ( tulsi tea...)

തുളസി ഇലകളിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സ്ട്രെസ് ലെവൽ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു. തുളസി, ചായയിൽ ചേർക്കുമ്പോൾ ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. 

വേണ്ട ചേരുവകൾ...

തുളസി ഇലകൾ                       5 എണ്ണം
ഇഞ്ചി ചതച്ചത്                        1 കഷ്ണം(ചെറുത്)
ഏലയ്ക്ക പൊടിച്ചത്             അര ടീസ്പൂൺ
നാരങ്ങ നീര്                            1/2 ടീസ്പൂൺ
തേൻ                                          അര ടീസ്പൂൺ

 

 

തയ്യാറാക്കുന്ന വിധം...

ആവശ്യത്തിന് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് തുളസി ഇലകൾ ചേർക്കുക. ഇനി ഇതിലേയ്ക്ക് ഇഞ്ചി ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി കുടിക്കാം. ഇതിലേയ്ക്ക് തേൻ അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുന്നത് ചായയുടെ രുചി കൂട്ടാൻ സഹായിക്കും. പ്രമേഹമുള്ളവർ തുളസി ചായ കുടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മധുരത്തിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി വേണം കുടിക്കേണ്ടത്. 

കൊവിഡ് വാക്സിൻ അടുത്ത മാസം പകുതിയോടെ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ ശാസ്ത്രജ്ഞർ...

click me!