ലോകത്തിലെ ആദ്യത്തെ കൊവിഡ് 19 വാക്സിൻ അടുത്ത മാസം  പകുതിയോടെ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ ശാസ്ത്രജ്ഞർ. കൊവിഡിനെതിരായ വാക്‌സിന്റെ 'ക്ലിനിക്കൽ ട്രയൽ' വിജയകരമായി പൂർത്തിയാക്കിയതായി റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നത്.  

വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതായും പഠനം വോളന്റിയർമാരിൽ  ഫലപ്രാപ്തി കാണിക്കുന്നതായും സെഷ്‌നോവ് യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ക്ലിനിക്കൽ റിസർച്ച് ഓൺ മെഡിസിനസിലെ മേധാവിയും മുഖ്യ ഗവേഷകനുമായ എലീന സ്മോളിയാർചുക്ക് റഷ്യൻ വാർത്താ ഏജൻസിയായ ടാസിന്  നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

'ഓഗസ്റ്റ് 12 -14 നുള്ളില്‍ വാക്സിന്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നും സെപ്തംബറോട് കൂടി സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ വാക്സിന്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു- ഗമാലി സെന്ററിന്റെ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ്  പറഞ്ഞു. 

അതേസമയം, വലിയ തോതിലുള്ള ഉൽ‌പാദനത്തിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് ഒരു വാക്സിൻ മൂന്ന് ഘട്ടങ്ങളായുള്ള പഠനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളുകൾ വ്യക്തമാക്കുന്നു.‌

റഷ്യയുടെ വാക്സിൻ പഠനത്തെ ഘട്ടം ഒന്ന് പരീക്ഷണമായി ലോകാരോ​ഗ്യ സംഘടന കാണുന്നു. ഇന്നുവരെ, മൂന്നാം ഘട്ട പരിശോധനയ്ക്ക് വിധേയമാകാതെ വലിയ തോതിലുള്ള ഉപയോഗത്തിനായി ഒരു വാക്സിനും അംഗീകരിച്ചിട്ടില്ല. അവസാന ഘട്ടത്തിൽ അതിന്റെ സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും വ്യക്തവും കൃത്യവുമായ തെളിവുകൾ കാണിക്കുന്നുണ്ടെങ്കിൽ മാത്രമേ വാക്സിൻ വിപണിയില്‍ എത്തിക്കാന്‍ പാടുള്ളൂവെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് 19; വാക്സിന്റെ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയതായി ക്വീൻസ്‌ലാന്റ് സർവകലാശാല...