Latest Videos

ഷോക്കടിച്ച് ഹൃദയമിടിപ്പ് നിലച്ചു, 36 മണിക്കൂറിന് ശേഷം 16കാരന് പുനര്‍ജന്മം

By Web TeamFirst Published Sep 13, 2020, 9:37 AM IST
Highlights

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ദില്ലി: ഉയര്‍ന്ന വോള്‍ട്ടേജ് വയറില്‍ നിന്ന് ഷോക്കടിച്ച് ഹൃദയമിടിപ്പ് വരെ നിലച്ച 16കാരന് ആശുപത്രിയില്‍ പുനര്‍ജന്മം. 36 മണിക്കൂറിന് ശേഷം പയ്യന് ബോധം തിരിച്ചുകിട്ടി. ദില്ലിയിലാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  കനത്ത മഴയെ തുടര്‍ന്ന് തന്റെ ഷോപ്പിലേക്ക് പൊട്ടിവീണ വയറില്‍ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റതോടെ കുട്ടിയുടെം ചലനം നിലക്കുകയും ഹൃദയമിടിപ്പ് പൂര്‍ണമായി നില്‍ക്കുകയും ചെയ്തു.

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് കുട്ടിയെ ഷോക്കില്‍ നിന്ന് രക്ഷിച്ചത്. 10 മിനിറ്റിനുള്ളില്‍ കുട്ടിയെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി മരിച്ചെന്ന് കരുതിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് നിലക്കുകയും പള്‍സ് വളരെ താഴുകയും ചെയ്തിരുന്നു.

എന്നാല്‍, നിര്‍ണായകമായ ആദ്യ മണിക്കൂറില്‍ അത്യാഹിത വിഭാഗത്തിലെ ഡോ. പ്രിയദര്‍ശിനിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം കുട്ടിക്ക് ചികിത്സ നല്‍കിയതോടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. 36 മണിക്കൂറിന് ശേഷമാണ് കുട്ടി കണ്ണ് തുറന്നത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

click me!