കൊവിഡ് 19 തൊണ്ടവേദന പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുമോ!

Web Desk   | others
Published : Oct 06, 2020, 06:33 PM IST
കൊവിഡ് 19 തൊണ്ടവേദന പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുമോ!

Synopsis

ലക്ഷണമില്ലാതെയും ധാരാളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയെല്ലാം തന്നെ സമ്പര്‍ക്കത്തില്‍ വന്ന രോഗികളെ തിരിച്ചറിയുന്നതോടെ മാത്രമാണ് പരിശോധനയിലൂടെ വ്യക്തമാകുന്നത്. ഏറ്റവുമധികം രോഗികളില്‍ കാണുന്ന ലക്ഷണം, തൊണ്ടവേദനയാണ്  

കൊവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കേണ്ടത് വളരെ അടിസ്ഥാനപരമായ ആവശ്യമാണ്. പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം എന്നിവയെല്ലാമാണ് പ്രധാനമായും മിക്കവരിലും കാണപ്പെടുന്ന കൊവിഡ് 19 ലക്ഷണങ്ങള്‍. 

എന്നാല്‍ ലക്ഷണമില്ലാതെയും ധാരാളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയെല്ലാം തന്നെ സമ്പര്‍ക്കത്തില്‍ വന്ന രോഗികളെ തിരിച്ചറിയുന്നതോടെ മാത്രമാണ് പരിശോധനയിലൂടെ വ്യക്തമാകുന്നത്. 

ഏറ്റവുമധികം രോഗികളില്‍ കാണുന്ന ലക്ഷണം, തൊണ്ടവേദനയാണ്. ചിലരില്‍ ഇതിനോടൊപ്പം വരണ്ട ചുമയും കാണുന്നുണ്ട്. സാധാരണഗതിയില്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ടോ, വായുമലിനീകരണം കൊണ്ടോ, അലര്‍ജി മൂലമോ ഒക്കെ നമുക്ക് തൊണ്ടവേദനയുണ്ടാകാറുണ്ട്. 

 

 

ഇതില്‍ നിന്ന് എത്തരത്തിലാണ് കൊവിഡ് 19 തൊണ്ടവേദന തിരിച്ചറിയുകയെന്നത് ഇപ്പോള്‍ മിക്കവരും ചോദിക്കുന്ന ഒരു സംശയമാണ്. സത്യത്തില്‍ ഇത് വേര്‍തിരിച്ചറിയാന്‍ സാധിക്കുകയില്ലെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

'ക്ലിനിക്കലി', അതായത്, മെഡിക്കല്‍ പരിശോധനയില്‍ വ്യത്യസ്തതകള്‍ കണ്ടേക്കാം. എന്നാല്‍ രോഗിക്ക് ഇതിലെ വ്യത്യാസം മനസിലാക്കാന്‍ സാധിക്കുകയില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. തൊണ്ടയില്‍ വേദന, അസ്വസ്ഥത, ഭക്ഷണമോ വെള്ളമോ എല്ലാം ഇറക്കുമ്പോള്‍ അധികമായ വേദന, ചൊറിച്ചില്‍, ചെറിയ വീക്കം (ഇത് രോഗിക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല) എന്നിവയെല്ലാം കൊവിഡ് 19 തൊണ്ടവേദനയില്‍ കാണാം. 

ഏറെക്കുറെ ഇത് സാധാരണഗതിയില്‍ വരുന്ന തൊണ്ടവേദനയുമായി സാമ്യമുള്ള സവിശേഷതകള്‍ തന്നെയാണ്. പ്രത്യേകിച്ച് വൈറല്‍ പനി, ജലദോഷം എന്നിവ വ്യാപകമാകുന്ന കാലം കൂടി വരുന്നതോടെ കൊവിഡ് 19 തൊണ്ടവേദന മനസിലാക്കുക എന്നത് ശ്രമകരമായിത്തീരും. തൊണ്ടവേദനയ്‌ക്കൊപ്പമുള്ള മറ്റ് ലക്ഷണങ്ങള്‍ കൂടി കണക്കിലെടുത്ത് കൊവിഡ് ടെസ്റ്റിന് മുന്നോട്ടുവരിക എന്നത് മാത്രമേ നിലവില്‍ നമുക്ക് ചെയ്യാനുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

 

 

തൊണ്ടവേദനയ്‌ക്കൊപ്പം അതിയായ ക്ഷീണം, ശരീരവേദന, തലവേദന, ഭക്ഷണം വേണ്ടെന്ന് തോന്നുന്ന അവസ്ഥ, ഛര്‍ദ്ദി, വയറിളക്കം എന്നിങ്ങനെ ഏതെങ്കിലും ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ തീര്‍ച്ചയായും കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതാണ്. അതുപോലെ തന്നെ പതിവായി ചെയ്യുന്നത് പോലെ തൊണ്ടവേദനയ്ക്കുള്ള ഗുളിക വാങ്ങിക്കഴിച്ച് അത് ശമിപ്പിക്കാന്‍ ശ്രമിക്കുകയോ, വീട്ടില്‍ ചെയ്യുന്ന പൊടിക്കൈകള്‍ പരീക്ഷിക്കുകയോ ഈ ഘട്ടത്തില്‍ ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- കൊവിഡ് 19; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന...

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?