
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സംഭവിച്ചാല്‍ സമയബന്ധിതമായി രോഗിക്ക് പ്രാഥമിക ശുശ്രൂഷയും ചികിത്സയും ലഭ്യമാക്കാൻ സാധിച്ചില്ലെങ്കില്‍ അത് അപകടം തന്നെയാണ്. ഹൃദയാഘാതത്തിന്‍റെ കേസുകളില്‍ സത്യത്തില്‍ സങ്കീര്‍ണതകള്‍ വരുന്നത് തന്നെ ഇത്തരത്തില്‍ സമയത്തിന് ചികിത്സ ലഭിക്കാതിരിക്കുന്നതാണ്.
ഹൃദയാഘാതം സംഭവിക്കുന്ന ഓരോ വ്യക്തിയിലും ഇതിന്‍റെ ലക്ഷണങ്ങളും, അവ പ്രകടമാകുന്ന കാലയളവും എല്ലാം വ്യത്യാസപ്പെട്ട് വരാം. ചിലര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നെഞ്ചുവേദനയോ, അസ്വസ്ഥതയോ, ക്ഷീണമോ എല്ലാം അനുഭവപ്പെടാം. മറ്റ് ചിലരിലാകട്ടെ, കാര്യമായ ലക്ഷണങ്ങളൊന്നും ഇതില്‍ കാണിച്ചെന്നും വരില്ല. ഇങ്ങനെ കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് നിശബ്ദമായി കടന്നുവരുന്ന ഹൃദയാഘാതത്തെയാണ് 'സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്' എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്നാണെങ്കില്‍ സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും 'സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്' കേസുകള്‍ കൂടിവരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ഇത് ഏറെ ശ്രദ്ധ നല്‍കേണ്ടുന്നൊരു വിവരമാണ്.
'സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്' എന്നതിലുപരി- കാണുന്ന ലക്ഷണങ്ങള്‍ ഗൗരവമില്ലാത്തത് ആവുകയും , അതിനെ നിസാരമായി തള്ളിക്കളയുകയും ചെയ്യുന്നതാണ് പ്രധാന തിരിച്ചടിയാകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സാധാരണഗതിയില്‍ ഗ്യാസ് മൂലമുണ്ടാകുന്ന അസ്വസ്ഥത, അല്ലെങ്കില്‍ അധികമായി ജോലി ചെയ്യുന്നത് മൂലമുണ്ടാകുന്ന തളര്‍ച്ചയോ ശരീരവേദനയോ, ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, സ്ട്രെസോ വിഷാദമോ ഉണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പലതുമായി ഹാര്‍ട്ട് അറ്റാക്കിനെ ആളുകള്‍ തെറ്റിദ്ധരിക്കുകയാണത്രേ.
അത്രമാത്രം നെഞ്ചുവേദനയോ ശ്വാസതടസമോ എല്ലാം നേരിടുമ്പോള്‍ മാത്രമാണ് ആളുകള്‍ ആശുപത്രിയിലെത്തുന്നത്. ഏതായാലും 'സൈലന്‍റ് അറ്റാക്ക്' എന്ന് പറയുമ്പോള്‍ കൂടി നേരിയ ചില ലക്ഷണങ്ങള്‍ ശരീരം എപ്പോഴെങ്കിലും കാണിക്കാതിരിക്കില്ല. ഈ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് സമയത്തിന് ചികിത്സയെടുക്കുന്നതിലേക്ക് വഴിയൊരുക്കാമല്ലോ. അതിനാല്‍ ഈ ലക്ഷണങ്ങള്‍ ഏതെല്ലാമാണ് എന്നൊന്ന് മനസിലാക്കാം.
നെഞ്ചിന് നടുവിലായി കനത്ത ഭാരം വച്ചതുപോലുള്ള സമ്മര്‍ദ്ദവും അസ്വസ്ഥതയും അനുഭവപ്പെടുക, ഇത് മിനുറ്റുകളോളം നീണ്ടുനില്‍ക്കും- പോകും- വീണ്ടും വരും, നെഞ്ചില്‍ വേദന, അരയ്ക്ക് മുകളിലുള്ള ശരീരഭാഗങ്ങളില്‍ വേദനയോ അസ്വസ്ഥതയോ പ്രത്യേകമായ തളര്‍ച്ചയോ അനുഭവപ്പെടുക, കൈകള്‍- നടു- കഴുത്ത്- കീഴ്ത്താടി- വയര്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുക, ശ്വാസതടസം, അസാധാരണമായ കിതപ്പ്, ശരീരം അസാധാരണമായി വിയര്‍ക്കുക, ഓക്കാനം, തലകറക്കം എന്നിവയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍.
നിങ്ങള്‍ക്ക് എത്ര സംശയം തോന്നിയാലും അത് ആശുപത്രിയില്‍ തന്നെ പോയി സ്ഥിരീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഗ്യാസ് ആണ്, മേലുവേദനയാണ്, സ്ട്രെസ് ആണ്, ജോലി ചെയ്തതിന്‍റെ ആണ് എന്നുള്ള കാരണങ്ങള്‍ സ്വയം കണ്ടെത്താതിരിക്കുക.
ഇലക്ട്രോ കാര്‍ഡിയോഗ്രാം, എക്കോകാര്‍ഡിയോഗ്രാം, രക്തപരിശോധന എന്നിവയിലൂടെ ഹാര്‍ട്ട് അറ്റാക്ക് നിര്‍ണയിക്കാൻ സാധിക്കും. ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചുകഴിഞ്ഞാലും മനസിലാക്കാൻ സാധിക്കും. കൂടുതല്‍ സങ്കീര്‍ണത വരാതിരിക്കാൻ അപ്പോഴും ചികിത്സ എടുക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-