World Diabetes Day 2022: പ്രമേഹത്തെ നിയന്ത്രിക്കാം; പക്ഷെ അതിന് ചില കാര്യങ്ങളറിഞ്ഞിരിക്കണം...

By Web TeamFirst Published Nov 14, 2022, 2:29 PM IST
Highlights

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനമായി എണ്ണുന്ന പ്രമേഹത്തെ കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയും അതേക്കുറിച്ചുള്ള അറിവുകള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയുമാണ് നമുക്ക് ചെയ്യാനുള്ളത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആശങ്ക പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥകളാണ് രോഗാവസ്ഥയായി കണക്കാക്കുന്നത്. കേവലം ഏതെങ്കിലും ഒരു അവയവത്തെ ബാധിക്കുന്ന രോഗം എന്നതിലുപരി ശരീരത്തിലെ പ്രധാന അവയവങ്ങളെയെല്ലാം ബാധിക്കാനും ഇതുമൂലം രോഗികളെ മരണത്തിലേക്ക് തള്ളിവിടാനും പ്രമേഹത്തിന് കഴിയുന്നു എന്നതുകൊണ്ടാണ് രോഗം ഗൗരവതരമാകുന്നത്. 

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനമായി എണ്ണുന്ന പ്രമേഹത്തെ കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയും അതേക്കുറിച്ചുള്ള അറിവുകള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയുമാണ് നമുക്ക് ചെയ്യാനുള്ളത്. 

പ്രമേഹം ചില വസ്തുതകള്‍...

ലോകത്തെ പ്രമേഹരോഗികളുടെ എണ്ണം നാല് പതിറ്റാണ്ടു കൊണ്ട് 108 ദശലക്ഷത്തില്‍ നിന്ന് (2014ലെ കണക്ക്) 422 ദശലക്ഷമായി. അന്ധത, വൃക്കസ്തംഭനം, ഹൃദയാഘാതം, പക്ഷാഘാതം, കാല്‍പാദം മുറിച്ചുനീക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം പ്രധാന കാരണം പ്രമേഹമാണ്.

2000 മുതല്‍  2019 വരെയുള്ള കാലത്ത് പ്രമേഹമരണങ്ങളില്‍ പ്രായമേറിയവരില്‍ മൂന്ന് ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇത് 13 ശതമാനമാണ്.

ആരോഗ്യകരമായ ഭക്ഷണശീലം, പതിവായ വ്യായാമം, ശരാശരി ശരീരഭാരം നിലനിര്‍ത്തുക, പുകവലി ഉപയോഗം ഒഴിവാക്കുക തുടങ്ങിയവയെല്ലാം ടൈപ്പ് 2 പ്രമേഹം വരാതെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

ഭക്ഷണക്രമം, ശാരീരിക വ്യായാമം, മരുന്നുകള്‍, പതിവ് പരിശോധനകള്‍ എന്നിവയിലൂടെ പ്രമേഹം ചികിത്സിക്കുകയും അതുമൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷ നേടുകയും ചെയ്യാം.

2019ല്‍ പ്രമേഹരോഗം മൂലം മരണപ്പെട്ട 15 ലക്ഷം പേരില്‍ 48 ശതമാനം പേരും 70 വയസ്സിനു മുമ്പ് ഈ രോഗം വന്നവരാണ്. 4.6 ലക്ഷം പേരില്‍ മരണത്തിനിടയാക്കിയ വൃക്ക സ്തംഭനത്തിലും വില്ലന്‍ പ്രമേഹം തന്നെ. 

ഇതിനു വൈരുദ്ധ്യമെന്നോണം 2000-2019 കാലയളവില്‍ ഹൃദ്രോഗങ്ങള്‍, ക്യാന്‍സര്‍, ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍, പ്രമേഹം തുടങ്ങിയവ കൊണ്ടുള്ള മരണസാധ്യത 30നും 70നും ഇടയില്‍ പ്രായമുള്ളവരില്‍ 22 ശതമാനം കുറഞ്ഞു എന്നും പഠനങ്ങള്‍ പറയുന്നു.

ആഗോളതലത്തില്‍ നേരിടുന്ന ആരോഗ്യഭീഷണികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രമേഹം, അതുണ്ടാക്കുന്ന വിപത്തുകളെ ചെറുക്കാന്‍ ഒറ്റയ്ക്കും കൂട്ടായും പ്രതിരോധ മതിലുകള്‍ തീര്‍ക്കാന്‍ ആവശ്യമായ ബോധവത്കരണങ്ങളും രോഗനിര്‍ണ്ണയവും ഫലപ്രദമായ ചികിത്സാ രീതികളും പ്രചാരണത്തിലെ കേന്ദ്രബിന്ദുവാക്കുകയാണ് ലോകാരോഗ്യസംഘടന ലോക പ്രമേഹദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

പ്രമേഹ വിദ്യാഭ്യാസം സുലഭമാക്കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിലൂടെ നല്‍കുന്ന സന്ദേശം. 

പ്രമേഹത്തിന്‍റെ അവസ്ഥകള്‍...

ശരീരം ഇന്‍സുലിനെ ഫലപ്രദമായി ഉപയോഗിക്കാതെ വരുന്ന അവസ്ഥാണ് ടൈപ്പ് 2 പ്രമേഹം. ആഗോളതലത്തില്‍ 95 ശതമാനത്തിലേറെ പേരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. അമിതഭാരവും വ്യായാമമില്ലായ്മയുമാണ് പ്രധാന വില്ലന്‍മാര്‍.

ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം ആവശ്യത്തിനുള്ള തോതില്‍ നടക്കാത്തതുകൊണ്ട് ദിനേന ഇന്‍സുലിന്‍ നല്‍കേണ്ട രോഗാവസ്ഥയാണ് ടൈപ്പ് -1 പ്രമേഹം. 2017ലെ കണക്കനുസരിച്ച് ലോകത്ത് 90 ലക്ഷം പേര്‍ക്ക് ടൈപ്പ് -1 പ്രമേഹം ഉണ്ടായിരുന്നു. അധികമായി മൂത്രം പോകുക, അമിത ദാഹം, എപ്പോഴും വിശപ്പ് അനുഭവപ്പെടുക, ശരീരഭാരം കുറയുക, കാഴ്ച മങ്ങുക, തളര്‍ച്ച തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. 

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വരാറുള്ള പ്രമേഹം ഗസ്‌റ്റേഷനല്‍ ഡയബെറ്റിസിന്‍റെ ഗണത്തിലാണ് പെടുത്താറുള്ളത്. ഗര്‍ഭാവസ്ഥയില്‍ നടത്താറുള്ള പരിശോധനയിലാണ് ഇത് പലപ്പോഴും കണ്ടെത്താറുള്ളത്.

ഇംപെയേഡ് ഗ്ലൂക്കോസ് ടോളറന്‍സ് -ഐജിടി, ഇംപെയേഡ് ഫാസ്റ്റിംഗ് ഗ്ലൈസീമിയ -ഐഎഫ്‍ജി തുടങ്ങിയവയുള്ളവര്‍ക്ക് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിക്കും. 

പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത രണ്ടു മുതല്‍ മൂന്ന് മടങ്ങുവരെ അധികമാണ്. രക്തപ്രവാഹത്തിന്‍റെ തോത് കുറയുന്നതിനനുസരിച്ച് സംഭവിക്കുന്ന ന്യൂറോപ്പതി കാലില്‍ സംവേദനക്ഷമത നഷ്ടപ്പെടുകയും ശ്രദ്ധിക്കാതെ കൈകാര്യം ചെയ്താല്‍ ഫൂട്ട് അള്‍സര്‍, അണുബാധ തുടങ്ങിയവയ്ക്കും കാരണമാകുകയും ചെയ്യും. അന്ധതയ്ക്ക് വലിയൊരളവ് വരെ കാരണമാകുന്നത് ഡയബെറ്റിക് റെറ്റിനോപ്പതിയാണ്.

രോഗനിര്‍ണ്ണയവും ചികിത്സയും...

താരതമ്യേന കുറഞ്ഞ ചിലവില്‍ തന്നെ പരിശോധനകള്‍ നടത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക, ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് നടത്തുക തന്നെ വേണം. അതേസമയം ടൈപ്പ് -2 പ്രമേഹരോഗികള്‍ക്ക് മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ നടത്താന്‍ കഴിയും. അതോടൊപ്പം ചിലപ്പോള്‍ ഇന്‍സുലിനും സ്വീകരിക്കേണ്ടി വരും. ചികിത്സ കൊണ്ട് രോഗിയുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും.

കാല് പതിവായി നിരീക്ഷിച്ച് അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാതെ കാക്കണം. കാഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഗൗരവത്തോടെ കാണുകയും ആവശ്യമായ സമയത്ത് റെറ്റിനോപ്പതി പരിശോധന നടത്തുകയും ചെയ്യുക. കൊളസ്‌ട്രോള്‍ അളവ് അറിയുന്നതിനായി ബ്ലഡ് ലിപ്പിഡ് കണ്‍ട്രോള്‍ ടെസ്റ്റ് നടത്തുക. പ്രമേഹമുള്ളവര്‍ക്ക് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലുള്ളതുകൊണ്ട് പരിശോധനകള്‍ മുന്‍കൂട്ടി നടത്തുക.

ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചുകൊണ്ട് പ്രമേഹം ഉള്‍പ്പെടെയുള്ള സാംക്രമികേതര രോഗങ്ങളെക്കുറിച്ച് ശാസ്ത്രീയ മാര്‍ഗ്ഗരേഖ ജനങ്ങളിലെത്തിക്കുകയണ് ലോകാരോഗ്യ സംഘടന ലക്ഷ്യമാക്കുന്നത്. പ്രമേഹ രോഗനിര്‍ണ്ണയത്തിനും രോഗീപരിചരണത്തിനും മാനദണ്ഡങ്ങള്‍ തയ്യാറാക്കുക. ലോകമെങ്ങും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. പ്രമേഹത്തെയും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പഠനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ദിനാചരണത്തിലൂടെ നല്‍കുന്ന സന്ദേശം.


ഡോ. പി പി വാസുദേവന്‍
സീനിയര്‍ കണ്‍സല്‍ട്ടന്‍റ്-ഫിസീഷ്യന്‍
തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍ 
തലശ്ശേരി

click me!