കൊറോണ കേരളത്തിലും; വൈറസ് ബാധ എങ്ങനെ തിരിച്ചറിയാം ?

By Web TeamFirst Published Jan 30, 2020, 3:18 PM IST
Highlights

ഈ വൈറസിന്‍റെ തുടക്കം ചൈനയിലെ വുഹാൻ പട്ടണമാണ്. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണിത്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്.

രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് മലയാളി വിദ്യാർത്ഥിക്കാണെന്ന് കേന്ദ്രസർക്കാർ. ചൈനയിൽ  നിന്ന് തിരികെയെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസിന്റെ തുടക്കം ചൈനയിലെ വുഹാൻ പട്ടണമാണ്. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണിത്.

പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് .

പനി, ജലദോഷം , ചുമ , തൊണ്ടവേദന , ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ തന്നെ  ന്യൂമോണിയ,വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയിൽ മരണത്തിന് വരെ ഇവ കാരണമാകാം.

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവർത്തി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

2. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേർക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാൻ ആവാത്ത തുമ്മലുകൾ ഒരു തൂവാല കൊണ്ട് മറച്ചോ ഒന്ന് കുനിഞ്ഞു അവനവന്റെ കുപ്പായത്തിന്റെ ഞൊറിവുകളിലേക്കോ ആയിക്കോട്ടെ.

3. രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.

4. മത്സ്യമാംസാദികൾ നന്നായി പാകം ചെയ്യുക.

5.  ഡോക്ടറെ കാണുന്നതിന് മുൻപ് പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് പതിവാണ്. വായു മാർഗം പകരുന്ന വ്യാധികളുടെ കൊടുക്കൽവാങ്ങലുകൾക്കു ഏറെ സാധ്യത കൂട്ടുന്ന നിമിഷങ്ങൾ ആണിത്. ആശുപത്രിയിലേക്ക് കയറി വരുമ്പോൾ തന്നെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ സ്വയം അല്ലെങ്കിൽ മറ്റൊരാളുടെ നിർദ്ദേശപ്രകാരം ഒരു മാസ്ക് ധരിക്കുന്നതു നന്നാവും. ഒന്നുമില്ലെങ്കിൽ ഒരു തൂവാല. മാസ്കും തൂവാലയും രോഗം ഒരാൾക്ക് കിട്ടാതിരിക്കുന്നതിനേക്കാൾ ആയിരങ്ങൾക്ക് കൊടുക്കാതിരിക്കാൻ ആവും സഹായകം.

6. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക.

7. രോഗ ബാധിത പ്രദേശങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അന്താരാഷ്ട്ര തലത്തിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരേയും അവരുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റി നിർത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.

8. ഇത് പകരാതിരിക്കാന്‍ ചൂടുവെള്ളം കുടിക്കണം, ഉപ്പുവെള്ളം കുടിക്കണം എന്നൊക്കെ പറഞ്ഞു പല ഹോക്സുകളും ഇറങ്ങീട്ടുണ്ട്. അതൊക്കെ പലര്‍ക്കും വാട്സാപ്പ് വഴി കിട്ടിയിട്ടുമുണ്ടാകും. അതൊന്നും ഫോര്‍വേഡ് ചെയ്യരുത്. ദയവായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക.

click me!