
ലോകത്താകമാനം ക്യാൻസര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നൊരു കാലമാണിത്. മിക്കവാറും ക്യാൻസര്‍ കേസുകള്‍ കൂടാൻ കാരണമാകുന്നത്, മോശം ജീവിതരീതികള്‍ തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജീവിതരീതികള്‍ അല്ലാത്ത കാരണങ്ങളും ഉണ്ടാകാം. എന്നാല്‍ കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നത് ജീവിതരീതികള്‍ അനാരോഗ്യകരമാകുന്നതിനാലാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രധാനമായും ഭക്ഷണരീതികള്‍, വ്യായമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ വിഷയങ്ങളും അതുപോലെ തന്നെ അമിതവണ്ണവുമാണ് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇതില്‍ അമിതവണ്ണം എല്ലാപ്പോഴും ക്യാൻസര്‍ സാധ്യത കൂട്ടുകയില്ല. അങ്ങനെ ആശങ്കപ്പെടേണ്ടതുമില്ല.
എന്നാല്‍ ഒരു വിഭാഗം കേസുകളില്‍ അമിതവണ്ണം വില്ലനായി വരാറുമുണ്ട്. ഇത്തരത്തില്‍ അമിതവണ്ണം എങ്ങനെയെല്ലാമാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര. മൂന്ന് രീതികളാണ് കാര്യമായും ഇവര്‍ വിശദീകരിക്കുന്നത്.
ഒന്ന്...
ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുമ്പോള്‍ അത് ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതുമൂലം കോശങ്ങള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസിനെ ആകിരണം ചെയ്യാൻ സാധിക്കാതിരിക്കുകയും കോശങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് വിഘടിക്കുകയും ചെയ്യുന്നു. ഇതാണ് ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഒരു രീതിയെന്ന് ലവ്‍നീത് ബത്ര വിശദീകരിക്കുന്നു.
രക്തത്തില്‍ ഗ്ലൂക്കോസ് നില വര്‍ധിക്കുന്നതോടെ പ്രമേഹവും പിടിപെടുന്നു. ഇതാണ് അമിതവണ്ണമുള്ളവരില്‍ പ്രമേഹവും കൂടുതലായി കണ്ടുവരാനുള്ള കാരണം.
രണ്ട്...
അമിതവണ്ണമുള്ളവരുടെ രക്തത്തില്‍, പ്രതിരോധകോശങ്ങളില്‍ നിന്ന് പുറപ്പെടുവിക്കുന്ന 'ഇൻഫ്ളമേറ്ററി സൈറ്റോകൈൻസ്' എന്ന സംയുക്തങ്ങള്‍ കൂടുതലായിരിക്കും. ഇതും കോശങ്ങള്‍ പെട്ടെന്ന് വിഘടിക്കുവാൻ ഇടയാക്കുന്നു. ഇങ്ങനെയും ക്യാൻസര്‍ സാധ്യത വര്‍ധിക്കാം.
മൂന്ന്...
ശരീരത്തില്‍ കൊഴുപ്പ് അധികമാകുമ്പോള്‍ അത് ഈസ്ട്രജൻ ഹോര്‍മോണ്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഇത് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയ ക്യാൻസര്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.
Also Read:- പ്രമേഹരോഗിയായ സ്ത്രീയുടെ പിത്താശയത്തില്‍ നിന്ന് നീക്കം ചെയ്തത് 1200 കല്ല്!