ഗ്യാസ് ട്രബിള്‍ നിയന്ത്രിക്കാന്‍ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Sep 27, 2019, 6:59 PM IST
Highlights

ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്.മാറിയ ജീവിത ശെെലി തന്നെയാണ് ​ഗ്യാസ് ട്രബിള്‍ ഉണ്ടാകുന്നതിന് പ്രധാനകാരണം. ഭക്ഷണം നന്നായി ദഹിക്കാതെ വരുമ്പോള്‍ ഗ്യാസ് ഉണ്ടാകുന്നു.

ഗ്യാസ് ട്രബിള്‍ പ്രശ്നം അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. മാറിയ ജീവിത ശെെലി തന്നെയാണ് ​ഗ്യാസ് ട്രബിള്‍ ഉണ്ടാകുന്നതിന് പ്രധാനകാരണം. വയര്‍ വീര്‍ത്ത പ്രതീതിയാണ് ഗ്യാസ് ട്രബിളിന്‍റെ പ്രധാന ലക്ഷണം. ഇതിനോടൊപ്പം  പുളിച്ചു തികട്ടല്‍, കൂടെക്കൂടെ ഏമ്പക്കം വിടല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറു വേദന, നെഞ്ചില്‍ ഭാരം എന്നിങ്ങനെ പോകുന്നു ഇതിന്‍റെ മറ്റ് ലക്ഷണങ്ങള്‍. 

ഗ്യാസിന് പിന്നിലെ പ്രധാന കാരണം ദഹനക്കുറവാണ്. ഭക്ഷണം നന്നായി ദഹിക്കാതെ വരുമ്പോള്‍ ഗ്യാസ്  ഉണ്ടാകുന്നു. നമ്മള്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ചെറിയ അളവില്‍ വായു ഉള്ളിലേക്ക് എത്തുന്നുണ്ട്. ഉമിനീര്‍ ഇറക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം.

ഏതെങ്കിലുമൊക്കെ സമയത്ത് ഭക്ഷണം കഴിക്കുന്നവരാണ്‌ കൂടുതലും. രാവിലെ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഓഫീസില്‍ പോകും. ഉച്ചയ്ക്ക് പുറത്ത് നിന്നുള്ള ഭക്ഷണവും രാത്രി വൈകി ടിവി കണ്ടിരുന്നുള്ള കഴിപ്പും എല്ലാം ഒന്നിച്ചാല്‍ എങ്ങനെ ഗ്യാസ് ട്രബിള്‍ വരാതിരിക്കും. കണ്ണില്‍ കണ്ട ജങ്ക് ഫുഡ് ഒക്കെ വാങ്ങി കഴിച്ചു വയര്‍ കേടാക്കുകയാണ് പലരും ഇന്ന്. 

ഇടയ്ക്കിടെ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും സ്നാക്സുകളും കഴിക്കുന്നത് കൊണ്ട് ദോഷം മാത്രമേ  ഉണ്ടാകൂ. അമിതാഹാരവും നേരത്തിനു ആഹാരം കഴിക്കാത്തതും ഗ്യാസും അനുബന്ധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഭക്ഷണം കുറച്ചെടുത്ത് പല തവണകളായി കഴിക്കുക. നന്നായി ചവച്ചരച്ച് മാത്രം കഴിക്കുക. സമയത്ത് ഭക്ഷണം കഴിക്കാന്‍ മറക്കണ്ട. 

പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക. പുകവലി ദഹന വ്യവസ്ഥയെ പ്രശ്നത്തിലാക്കും. വ്യായാമം ചെയ്യുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗ്യാസ് കെട്ടിക്കിടക്കുന്നത് തടയാന്‍ വ്യായാമത്തിന് സാധിക്കും. മസാല കൂടിയ ഭക്ഷണങ്ങള്‍ ആസിഡ് ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു.

 ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങളിലടങ്ങിയ വായു കുമിളകള്‍ ഗ്യാസ് ഉണ്ടാക്കും. കാപ്പി കുടി അമിതമായാലും ​ഗ്യാസ് ട്രബിൾ ഉണ്ടാകാം. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം. 

​ഗ്യാസ് ട്രബിള്‍ നിയന്ത്രിക്കാൻ ഇവ കഴിക്കാം...

മല്ലിയില...

 മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കില്‍ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് കഴിക്കാം. 

വെളുത്തുള്ളി...

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ്  ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.

ഇഞ്ചി...

കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. 

ജീരകം...

വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു മരുന്ന്. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീര്‍ക്കുന്നതിനുമെല്ലാം ജീരകം ഉത്തമമാണ്. അല്‍പം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലര്‍ത്തി കഴിക്കാവുന്നതാണ്. 

തുളസിയില...

 തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.
 

click me!