
അടുത്ത കാലത്തായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിയുപയോഗം സംബന്ധിച്ച് ഒട്ടേറെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ മുക്തി നേടാനാവാത്ത അവസ്ഥയിലേക്ക് പോകെപ്പോകെ ഇവര്‍ എത്തിച്ചേരുകയാണ്. ക്രമേണ ഉപഭോക്താക്കൾ മാനസികസമ്മർദ്ദങ്ങൾക്ക് അടിമപ്പെടുന്നു.
ആദ്യമൊക്കെ ഒരു ഹോബി ആയിട്ടാണ് കുട്ടികൾ ഇതിനെ കാണുക. എന്നാല്‍ പിന്നീട് ഇതുകൂടാതെ കഴിയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. മയക്കുമരുന്ന് കച്ചവടത്തിനായി വിദ്യാർത്ഥികളെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ്.
മാതാപിതാക്കളുടെ അശ്രദ്ധയും കുട്ടികളെ സംബന്ധിച്ച് അവരുടെ അതിരുകവിഞ്ഞ ആത്മവിശ്വാസവുമാണ് വിദ്യാർത്ഥികൾ വഴി തെറ്റുന്നതിന് പ്രധാന കാരണമാകുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുട്ടികൾക്കായി സമയം മാറ്റിവയ്ക്കാൻ സാധിക്കാത്ത രക്ഷിതാക്കൾ അതിന് പ്രായശ്ചിത്തം ചെയ്യുന്നത് മക്കൾക്ക് നല്ലൊരു സംഖ്യ പോക്കറ്റ് മണി നൽകിയാണ്. കുട്ടികള്‍ ഇതെങ്ങനെ ചെലവഴിക്കുന്നു എന്ന് അവർ അന്വേഷിക്കാറില്ല. അഥവാ കുട്ടികളിൽ ഈ ശീലങ്ങൾ കണ്ടുവരുന്നതായി ആരെങ്കിലും പറഞ്ഞാൽ ഉൾക്കൊള്ളാൻ പല രക്ഷിതാക്കളും വിമുഖത കാണിക്കുകയും ചെയ്യുന്നു. തങ്ങളുടെ കുട്ടികൾ അതൊന്നും ചെയ്യില്ല എന്ന വിശ്വാസത്തിൽ അവർ പറ്റിക്കപ്പെടുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ലക്ഷണങ്ങൾ
ചുരുങ്ങിയ കൃഷ്‌ണമണികള്‍, ചുവന്നുകലങ്ങിയ കണ്ണുകള്‍, വിളർച്ച, ഭാരക്കുറവ്, ഭക്ഷണം- ഉറക്കം, എന്നിവയുടെ രീതികളിൽ മാറ്റം, വ്യക്തിശുചിത്വം കുറയുക, ഉത്തരവാദിത്തമില്ലായ്മ, ആത്മവിശ്വാസക്കുറവ്, മടി, ക്ഷീണം, വിഷാദം എന്നിവയെല്ലാം ലഹരിയുപയോഗിക്കുന്നവരുടെ ലക്ഷണങ്ങളായി വരാറുണ്ട്.
ലഹരിവസ്തുക്കളുടെ ഉപയോഗം തീര്‍ച്ചയായും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളും ആയും ഉള്ള ബന്ധങ്ങളെ ബാധിക്കും. ലഹരിവസ്തുക്കൾ നൽകുന്ന ആനന്ദം ക്ഷണികമെങ്കിലും അവയുടെ പാർശ്വഫലങ്ങൾ എന്നും നിലനിൽക്കുന്നതായിരിക്കും. ഈ പാർശ്വഫലങ്ങൾ പലതും ബുദ്ധി, ബോധം, ഓർമ്മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവ യായിരിക്കും. ഏകാഗ്രതാനഷ്ടം, പ്രശ്നപരിഹാരത്തിന് കഴിയാതെ വരുക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാർശ്വഫലങ്ങളാണ്.
എന്താണ് പ്രതിവിധി?
1. കുട്ടികളുടെ പ്രവർത്തനങ്ങൾ എവിടെയാണെന്നും സമയം ചെലവിടുന്നത് എങ്ങനെയാണെന്നും ശ്രദ്ധിക്കുക
2. വഴിതെറ്റിക്കുന്ന സന്ദേശങ്ങളെ കൃത്യമായി വിശകലനം ചെയ്യുക.
3. കുട്ടികളുടെ സുഹൃത്തുക്കളെ അറിയുക.
4. കൂട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കാൻ- ഈ ഓഫറുകള്‍ എങ്ങനെ നിരസിക്കാം എന്നിവയെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുക.
5. ലഹരിവിമുക്ത ചികിത്സ തേടാം. ഇതില്‍ പൂര്‍ണ പിന്തുണ നല്‍കുക. വ്യക്തിയിൽ അല്ല പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അനുഭവപാഠങ്ങൾ ഇവരുമായി പങ്കിടുക. ശക്തമായ ഒരു ബന്ധം ലഹരിയിൽ നിന്ന് വ്യക്തിയെ പിന്തിരിപ്പിക്കാൻ സഹായിക്കും.
6. ആവശ്യമെങ്കിൽ ഡോക്ടർ- കൗൺസിലർ എന്നിവരുടെ സഹായം തേടാം.
ലേഖനം തയ്യാറാക്കിയത് : ഡോ രേണുക സരീഷ്
ഡോ. ബേസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം
Also Read:- അവധി ദിവസങ്ങളിലെ ആഘോഷങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിന് 'പണി' കിട്ടാം...