Blood Pressure : ബിപി പരിശോധനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By P R VandanaFirst Published May 17, 2022, 1:30 PM IST
Highlights

സ്ട്രോക്ക്, ഗുരുതര കിഡ്നി രോഗങ്ങൾ, ഡിമെൻഷ്യ എന്നിവക്കും ഉയർന്ന രക്തസമ്മർദ്ദം വഴിവയ്ക്കുന്നു. അതുകൊണ്ടാണ് രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുന്നതും മാനേജ് ചെയ്യുന്നതും പ്രധാനമാകുന്നത്. കൃത്യമായ മരുന്നില്ലാത്തത് കൊണ്ടാണ് മാനേജ് ചെയ്യുക എന്ന പദം രക്തസമ്മർദ്ദത്തിന്റെ ചികിത്സയിൽ പ്രധാനമാകുന്നത്. 

ഇന്ന് ലോക ഹൈപ്പർ ടെൻഷൻ (world hypertension day) ദിനമാണ്. ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ നിശ്ശബ്ദനായ കൊലയാളിയാണ്. കാരണം വ്യക്തമായ ലക്ഷണങ്ങളില്ലാതെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണത്. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ലോകജനസംഖ്യയുടെ 30 ശതമാനത്തിന്റെ രക്തസമ്മർദം ഉയർന്നതാണ്, എന്നുവെച്ചാൽ ശതകോടിയിലധികം പേർ.

 ഐസിഎംആറിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നാലിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദമാണ്. ബാധിതരുടെ എണ്ണവും അവസ്ഥയുടെ ഗൗരവവും കണക്കിലെടുത്താണ് ഉയർന്ന രക്തസമ്മർദത്തെ കുറിച്ച് ബോധവത്കരിക്കാനായി എല്ലാ കൊല്ലവും മേയ് 17 ലോക ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്നരക്തസമ്മർദദിനമായി ആചരിക്കുന്നത്. 

ദിനാചരണം തീരുമാനിച്ചത് 2005 മേയ് 14ന്. തൊട്ടടുത്ത വർഷം 2006 മുതൽ മേയ് 17 ലോക ഹൈപ്പർ ടെൻഷൻ ദിനമായി ആരോഗ്യപ്രവർത്തകർ ആചരിക്കുന്നു. രക്തപ്രവാഹം ധമനികളിലേൽപ്പിക്കുന്ന പ്രഹരം കൂടുന്നതാണ് ഉയർന്ന രക്തസമ്മ‍ർദം എന്ന അവസ്ഥ. കൂടുതൽ രക്തം ഹൃദയം പമ്പു ചെയ്യുമ്പോൾ ധമനികൾ ചുരുങ്ങുന്നു. അപ്പോൾ സമ്മർദമേറുന്നു. ഈ അവസ്ഥ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് മാത്രമല്ല കാരണമാവുക. 

സ്ട്രോക്ക്, ഗുരുതര കിഡ്നി രോഗങ്ങൾ, ഡിമെൻഷ്യ എന്നിവക്കും ഉയർന്ന രക്തസമ്മർദ്ദം വഴിവയ്ക്കുന്നു. അതുകൊണ്ടാണ് രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുന്നതും മാനേജ് ചെയ്യുന്നതും പ്രധാനമാകുന്നത്. കൃത്യമായ മരുന്നില്ലാത്തത് കൊണ്ടാണ് മാനേജ് ചെയ്യുക എന്ന പദം രക്തസമ്മർദ്ദത്തിന്റെ ചികിത്സയിൽ പ്രധാനമാകുന്നത്. 

മരുന്ന് കൃത്യമായി കഴിക്കുക, വ്യായാമം ചെയ്യുക. പൊണ്ണത്തടി കുറയ്ക്കുക, ഉപ്പ് ഉപയോഗം കുറയ്ക്കുക, മദ്യവും പുകവലിയും ഒഴിവാക്കുക. നല്ല ഭക്ഷണം കഴിക്കുക തുടങ്ങി ആർക്കും വലിയ ഉപദ്രവമില്ലാത്ത മെനക്കേടില്ലാത്ത കാര്യങ്ങൾ പതിവാക്കിയാൽ തന്നെ രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനാകും. നമ്മുടെ ആരോഗ്യം നന്നായിരിക്കുക എന്നാൽ നമുക്കൊപ്പമുള്ളവർക്കും സമാധാനം എന്ന് ആലോചിച്ചാൽ മതി. 

സോഡിയം കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുന്നത് നല്ല ശീലമാണ്. പീസ, പ്രോസെസ്സ്ഡ് ചീസ്, വെണ്ണ, അച്ചാർ, പഞ്ചസാര, ടിന്നിലടച്ച സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, മയോണൈസ്, ചില്ലി സോസ് തുടങ്ങിയവയൊക്കെ രക്തസമ്മർദം കൂടുതലുള്ളവരെ സംബന്ധിച്ചിടത്തോളം കുഴപ്പക്കാരാണ്. ഒരു സ്വയം നിയന്ത്രണം നല്ലതാണ്. 

ഉയർന്ന രക്തസമ്മർദ്ദം; ഈ നാല് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

മാനസികസമ്മർദ്ദം കുറയ്ക്കുന്നത് വളരെ നല്ലതായിരിക്കും. ടെൻഷനടിച്ചു എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനാണ്. കുടുംബവും ജോലിയും ബന്ധങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നതിന് സ്വയം ഒരു താളം കണ്ടെത്തണം. രീതിയും. അതല്ലാതെ ടെൻഷൻ അടിച്ചുകൊണ്ടേയിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല. ഇതൊന്നും വേണ്ട എന്ന് വയ്ക്കാൻ പറ്റില്ലല്ലോ. യോഗ ചെയ്യുക,ഇഷ്ടമുള്ള പാട്ട് കേൾക്കുക, സിനിമ കാണുക, കൂട്ടുകാരോട് വർത്തമാനം പറയുക. ഇതൊന്നുമില്ലെങ്കിൽ വെറുതെ ഇരിക്കുക. സ്വയം സമാധാനിപ്പിക്കാനും ഊ‌ർജം വീണ്ടെടുക്കാനും അവനവന്റെ വഴി കണ്ടെത്തുക. സമാധാനം എന്നത് ഒരാൾ കണ്ടെത്തിയേ പറ്റൂ. 

വേറൊരാൾക്ക് ചാലകമാകാനേ (medium) കഴിയൂ. പ്രത്യേകിച്ചും സൈനികർ. അഗ്നിമശനസേനഉദ്യോഗസ്ഥർ. പൈലറ്റുമാർ. പൊലീസുകാർ, മാധ്യമപ്രവർത്തകർ. മുതിർന്ന കോർപറേറ്റ് എക്സിക്യൂട്ടീവുമാർ എന്നിവർ. ചില സർവേകൾ പ്രകാരം ഏറ്റവും സമ്മർദ്ദമുള്ള ജോലികളാണിത്.  

 ഇക്കൊല്ലത്തെ ദിനാചരണപ്രമേയം ബിപി കൃത്യമായി അളക്കുക, നിയന്ത്രിക്കുക, ഉഷാറായി കുറേക്കാലം ജീവിക്കുക എന്നതാണ്. കൃത്യമായി ബിപി പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഇത്തവണത്തെ ബിപി ദിന സന്ദേശങ്ങൾ കൂടുതലും. കൃത്യമായി ബിപി അറിഞ്ഞാലേ മരുന്ന് കൃത്യമാകൂ. അനാവശ്യമായി മരുന്ന് കഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനാകൂ

1.    കൃത്യമായ ബിപി കഫ് ആണ് കൈകളിൽ ചുറ്റുന്നത് എന്ന് ഉറപ്പാക്കണം.
2.    മൂത്രമൊഴിച്ചിട്ട് വേണം പരിശോധനക്ക് ഇരിക്കാൻ. നിറഞ്ഞിരിക്കുന്ന മൂത്രാശയം ബിപി റീഡിങ്ങിനെ സ്വാധീനിച്ചേക്കാം.
3.    രോഗിയുടെ ഇരിപ്പ് കൃത്യമാകണം. കാൽ നിലത്തുറപ്പിച്ച് പുറം ചേർന്ന് ഇരിക്കണം.
4.    ബിപി രേഖപ്പെടുത്തുമ്പോൾ വർത്തമാനം ഒഴിവാക്കുക.
5.    കൈക്കുള്ള സപ്പോർട്ട് അഥവാ താങ്ങ് ഹൃദയത്തിന്റെി ലെവലിനൊപ്പമാകണം
6.    ഭക്ഷണം, കാപ്പി, മദ്യം ഇത്യാദികളൊക്കെ കഴിച്ചിട്ടുണ്ടെങ്കിൽ അര മണിക്കൂറെങ്കിലും ചുരുങ്ങിയത് കഴിഞ്ഞിട്ട് വേണം ബിപി രേഖപ്പെടുത്താൻ
7.    വീട്ടിലിരുന്നാണ് ബിപി രേഖപ്പെടുത്തുന്നതെങ്കിൽ ചുരുങ്ങിയത് മൂന്ന് തവണ നോക്കണം. എന്നിട്ട് അവസാനത്തെ രണ്ടിന്റെ് ശരാശരിയെടുക്കണം.

ശരീരം നമ്മുടേതാണ്. പറ്റുന്നത്ര കേടുപാടുകൾ അതിനൊഴിവാക്കി കൊടുക്കാൻ നമുക്ക് പറ്റും. ജീവിതശൈലീ രോഗങ്ങൾ എന്നതിന്റെക പര്യാങ്ങൾ ഉത്തരവാദിത്തമില്ലായ്മ, തോന്നിവാസം, അശ്രദ്ധ എന്നൊക്കെയാണ്. അതോർമയുണ്ടായാൽ ഒരിത്തിരി കരുതൽ കൊടുത്താൽ ഉയർന്ന രക്തസമ്മർദ്ദത്തെ പടിവാതിക്കൽ നിർത്താം. സമാധാനമുണ്ടാകും. 

ഈ അഞ്ച് ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

click me!