
കേക്ക്, ജിലേബി, ലഡ്ഡു, ഐസ്ക്രീം ഇങ്ങനെ ഏത് ഭക്ഷണങ്ങൾ കണ്ടാലും കഴിക്കാൻ തോന്നുന്നവരാണ് നമ്മളിൽ അധികം പേരും.അതായത് മധുര ഭക്ഷണങ്ങളോട് ചിലർക്ക് അമിത താൽപര്യം പ്രകടിപ്പിക്കുന്നതായി കാണാം.വിശപ്പില്ലാത്ത സമയമാണെങ്കിലും ചിലപ്പോൾ മധുരത്തോട് താൽപര്യം തോന്നും.
ചിലർക്കിത് പാരമ്പര്യമായി ഉണ്ടാകുന്ന അവസ്ഥയാകും. ഭക്ഷണം കഴിഞ്ഞാൽ മധുരം കഴിച്ചേ തീരൂ എന്നുള്ളവരുണ്ടായിരിക്കും. മധുരത്തോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാമെന്നതിനെ സംബന്ധിച്ച് തിരുവനന്തപുരം പേട്ടയിലെ ഹോമിയോപതിക് ഫിസിഷ്യൻ & ക്ലിനിക്കൽ ന്യൂട്രിഷനീസ്റ്റ് ഡോ. രാജേഷ് കുമാർ എൻ.എസ് പറയുന്നു.
'മധുരത്തോടുള്ള ആസക്തി ഉണ്ടാകാനായി പ്രധാനമായി മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമതായി പഞ്ചസാര ശരീരത്തിലെക്കെത്തുന്ന സമയത്ത് തലച്ചോറിലേക്ക് സന്തോഷം നൽകുന്ന സെറോടോണിൻ (serotonin) എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. അതായത്, മധുരം കഴിക്കുന്ന സമയത്ത് നമ്മുടെ തലച്ചോറിൽ സന്തോഷത്തിന്റെ സെറോടോണിൻ ഹോർമോൺ ഉണ്ടാവുകയും കൂടുതൽ സന്തോഷത്തിലാവുകയും ചെയ്യുന്നു. പലപ്പോഴും അമിതമായി ടെൻഷൻ ഉള്ള സമയത്ത് അല്ലെങ്കിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന സമയത്തും ദേഷ്യമുള്ള സമയത്തൊക്കെ തന്നെ ഇതെല്ലാം കുറയ്ക്കുന്നതിന് വേണ്ടിയിട്ട് മധുരം കഴിക്കണമെന്ന തോന്നൽ ഉണ്ടാകാം. രണ്ടാമാത്തെ കാരണം, പലർക്കും വിശന്നിരിക്കുന്ന സമയത്ത് മറ്റ് ഭക്ഷണങ്ങളൊന്നും കിട്ടിയില്ലെങ്കിൽ കിട്ടുന്ന മധുരമുള്ള ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കാം. മൂന്നാമത്തെ കാരണം, നമ്മുടെ കുടലിൽ ജീവിക്കുന്ന അപകടകാരികളായിട്ടുള്ള ബാക്ടീരിയകളുടെ അളവ് വർദ്ധിച്ചാലും മധുരം അമിതമായി കഴിക്കാൻ തോന്നാം. അപകടകരമായ ബാക്ടീരികൾ വളർന്ന് കഴിഞ്ഞാൽ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം...' - ഡോ.രാജേഷ് പറയുന്നു.
'മധുരത്തോട് അമിത ആസക്തിയുള്ള ആളുകളിൽ ഒരു ദിവസം നേരിട്ട പഞ്ചസാരയായിട്ടോ അല്ലാതെയോ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് 17 ടീസ്പൂൺ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. അത് കൊണ്ട് തന്നെ ഒരാൾ 17 സ്പൂൺ പഞ്ചസാര എന്നുള്ള അഞ്ച് സ്പൂണായി നിയന്ത്രിച്ച് നിർത്തിയാൽ തന്നെ പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾ അകറ്റാനാകും... '- ഡോ.രാജേഷ് പറഞ്ഞു.
മധുര ഭക്ഷണങ്ങളോടുള്ള താൽപര്യം എങ്ങനെ കുറയ്ക്കാം?
അപകടകാരികളായ ബാക്ടീരികൾക്ക് എപ്പോഴൊക്കെ മധുരം വേണമെന്ന് തോന്നുന്നുവോ ആ സമയത്ത് ലോ ഗ്ലൈസെമിക് സൂചികയുള്ള മധുരങ്ങൾ കഴിക്കുക. പഴങ്ങളാണ് അതിന് ഏറ്റവും നല്ലത്. പേരയ്ക്ക, ആപ്പിൾ, തണ്ണിമത്തൻ എന്നിവ കഴിക്കാം. ഇതിനൊപ്പം നാരുകളടങ്ങിയ ഭക്ഷണങ്ങളും തെെരും കഴിക്കുക.
നിങ്ങൾക്ക് ലഡു അല്ലെങ്കിൽ ജിലേജി പോലുള്ളവ കഴിക്കണമെന്ന് തോന്നിയാൽ നാലിലൊന്ന് കഴിക്കുക. എന്നാൽ വായിലിട്ട ശേഷം ഉടനെ ഇറക്കരുത്. കുറച്ച് നേരം മധുരും ആസ്വദിച്ച ശേഷമായിരിക്കണം കഴിക്കേണ്ടത്.
മറ്റൊന്ന് കുറെ നേരം വിശന്നിരുന്ന ശേഷം മധുര പലഹാരങ്ങൾ കഴിക്കരുത്. കാരണം ഭക്ഷണം വലിയ അളവിൽ കഴിക്കുന്നതിന് കാരണമാകും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദിവസത്തിൽ നാലോ അഞ്ചോ തവണയായി ഭക്ഷണം കഴിക്കുക. മറ്റൊന്ന് കൃത്രിമമായി രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
Read more വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണം...