ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ നടപടി; തലസീമിയ രോഗികൾക്ക് മരുന്ന് ലഭ്യമല്ലാത്തതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Published : Sep 15, 2025, 09:00 PM IST
Thalassemia

Synopsis

തലസീമിയ രോഗികൾക്ക് മരുന്ന് ലഭ്യമല്ലാത്തതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജീവന്‍ നിലനിര്‍ത്താന്‍ അമിത വില കൊടുത്ത് മരുന്നും ഫില്‍ട്ടര്‍ സെറ്റും പുറത്തു നിന്നും വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍.

തിരുവനന്തപുരം: തലസീമിയ രോഗികൾക്ക് മരുന്ന് കിട്ടുന്നില്ലെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്തയ്ക്കു പിന്നാലെയാണ് നടപടി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ജീവന്‍ രക്ഷാമരുന്നുകളും രക്തം കയറ്റുമ്പോള്‍ ഉപയോഗിക്കുന്ന ഫില്‍ട്ടര്‍ സെറ്റും സര്‍ക്കാര്‍ അശുപത്രികളില്‍ നിന്നും കിട്ടാതായതോടെ തലസീമിയാ രോഗികള്‍ പ്രതിസന്ധിയിലായത്. ജീവന്‍ നിലനിര്‍ത്താന്‍ അമിത വില കൊടുത്ത് മരുന്നും ഫില്‍ട്ടര്‍ സെറ്റും പുറത്തു നിന്നും വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. ആരോഗ്യ മന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മരുന്ന് ഇരട്ടി വില കൊടുത്ത് പുറത്ത് നിന്നും വാങ്ങണമെന്ന ​ഗതികേടിലാണ് രോ​ഗികൾ.

ദുരിതമനുഭവിക്കുന്നത് അഞ്ഞൂറിലധികം രോ​ഗികൾ

കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്തെ തയ്യല്‍ക്കടയില്‍ നിന്നുമുള്ള വരുമാനമാണ് പ്രിഥ്വി രാജിന്‍റെ ജീവിത മാര്‍ഗം. മകന് രണ്ടര വയസായപ്പോഴാണ് തലസീമിയ രോഗിയാണെന്ന കാര്യം തിരിച്ചറിയുന്നത്. ഇപ്പോള്‍ ഇരുപത് വയസിനു മുകളിലായെങ്കിലും മാസത്തില്‍രണ്ടു തവണയെങ്കിലും രക്തം കയറ്റണം. ഇതിനു വേണ്ട ബ്ലഡ് ലൂക്കോ സൈറ്റ് ഫില്‍ട്ടര്‍ സെറ്റും ,ജീവന്‍ രക്ഷാ മരുന്നുമൊക്കെ മെഡിക്കല്‍ കോളേജില്‍ നിന്നും സൗജന്യമായി കിട്ടിയിരുന്നതാണ്. ഒരു കൊല്ലമായി മെഡിക്കല്‍ കോളേജില്‍ നിന്നും മരുന്നും ഉപകരണങ്ങളും കിട്ടുന്നില്ല. ഇതോടെ ഉയര്‍ന്ന വില കൊടുത്ത് പുറത്തു നിന്നും മരുന്നുള്‍പ്പെടെ വാങ്ങേണ്ട സ്ഥിതിയാണ്. സംസ്ഥാനത്ത് അഞ്ഞൂറിലധികം തലസീമിയ രോഗികളാണ് ഇത്തരത്തില്‍ പ്രയാസം അനുഭവിക്കുന്നത്. മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലസീമിയാ രോഗികളും രക്ഷിതാക്കളും സമര രംഗത്താണ്. മരുന്നു ലഭ്യമാക്കുമെന്ന ആരോഗ്യ വകുപ്പിന്‍റെ ഉറപ്പ് പാഴ്വാക്കായെന്നാണ് ആക്ഷേപം. കുടിശ്ശിക കാരണം ടെണ്ടറില്‍ പങ്കെടുക്കാന്‍ മരുന്നു കമ്പനികള്‍ മുന്നോട്ട് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്