
മനുഷ്യർക്ക് പരിണാമവഴിയിൽ എന്നെങ്കിലും സ്വന്തം ശരീരത്തിനുള്ളിൽ വിഷം ഉത്പാദിപ്പിക്കാൻ സാധിക്കുമോ? മറ്റു പല ഇഴജീവികളെയും ചില സസ്തനികളെയും പോലെ മനുഷ്യർക്കും സ്വന്തം ശരീരത്തിനുള്ളിൽ വിഷം ഉത്പാദിപ്പിക്കാൻ വേണ്ട ജൈവിക'ടൂൾകിറ്റ് ഉണ്ട് എന്ന കണ്ടെത്തലുമായി ശാസ്ത്രലേഖനം.
മാർച്ച് 29 -നു പുറത്തിറങ്ങിയ 'പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസ്' എന്ന ശാസ്ത്ര ജേർണലിലാണ് ഇത്തരമൊരു പഠനം പ്രസിദ്ധപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജപ്പാനിലെ ഒക്കിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നൊളജിയിലെ പരിണാമ ജനിതക വിഭാഗം ഗവേഷകരായ അഗ്‌നീഷ് ബറുവ, അലക്‌സാണ്ടർ എസ് മിഖേയേവ് എന്നിവർ ചേർന്നാണ് ഈ പ്രബന്ധം രചിച്ചിട്ടുള്ളത്.
പല വിഷോത്പാദക സംവിധാനങ്ങളിലും കണ്ടുവരുന്ന ഒരു മുഖ്യ പ്രോട്ടീൻ ഇപ്പോൾ തന്നെ മനുഷ്യ ശരീരം പുറപ്പെടുവിക്കുന്നുണ്ട് എന്നാണ് 'ലൈവ് സയൻസ്' മാസിക പറയുന്നത്. "കാലിക്രീൻ(Kallikrein) എന്നറിയപ്പെടുന്ന ഈ പ്രോട്ടീൻ, ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ ഉമിനീർ ഗ്രന്ഥികളിലാണ്. വിഷജീവികളായ മനുഷ്യർ എന്ന പരിണാമ ദശയിലെ ഒരു വിദൂര സാധ്യതയിലേക്കുള്ള തുടക്കം ഒരു പക്ഷെ ഈ പ്രോട്ടീൻ തന്നെ ആയിരിക്കും. ഉമിനീർ ഗ്രന്ഥികളുടെ ബന്ധപ്പെട്ടുള്ള ഇത്തരം 'ഫ്ലെക്സിബിൾ ജീനു'കളുടെ സാന്നിധ്യം, ഒരു കാലത്ത് ഒട്ടും വിഷമില്ലാതിരുന പല ജീവികളും കാലാന്തരത്തിൽ വിഷജീവികളായി മാറിയത് എങ്ങനെ എന്നതിനുള്ള വിശദീകരണമാണ്. നമ്മൾ മനുഷ്യരിൽ വിഷം ഉത്പാദിപ്പിക്കാൻ വേണ്ട അടിസ്ഥാനപരമായ ബിൽഡിങ് ബ്ലോക്കുകൾ എല്ലാം തന്നെയുണ്ട്. ഇനി തലമുറകൾക്കപ്പുറം അതൊക്കെ പ്രവർത്തിപ്പിച്ചു തുടങ്ങണോ എന്നത് പരിണാമത്തെ ആശ്രയിച്ചിരിക്കും " അഗ്‌നീഷ് ബറുവ പറഞ്ഞു.
വായിലെ ഉമിനീർ ഗ്രന്ഥികളോട് ബന്ധപ്പെട്ടുള്ള വിഷോത്പാദനം പാമ്പുകളും, എട്ടുകാലികളും അടക്കമുള്ള പല ജീവികളിലും സർവ സാധാരണമാണ്. വിഷഗ്രന്ഥികൾ ഉമിനീർ ഗ്രന്ഥികൾ പരിണമിച്ചുണ്ടായവയാണ് എന്ന് ശാസ്ത്രജ്ഞർക്ക് അറിവുണ്ടെങ്കിലും, പുതിയ പഠനങ്ങൾ അതിന്റെ പിന്നിലെ മോളിക്കുലാർ മെക്കാനിക്സ് ആണ് വെളിപ്പെടുത്തുന്നത്. തായ്‌വാൻ ഹാബു എന്ന ഉഗ്രവിഷമുള്ള ഒരു ബ്രൗൺ പിറ്റ് വൈപ്പർ സർപ്പത്തിലാണ് ഗവേഷകർ പഠനങ്ങൾ തുടങ്ങുന്നതും വിഷയവുമായി ബന്ധപ്പെട്ട പ്രോട്ടീനുകൾ വേർതിരിച്ചെടുത്ത് പഠിക്കുന്നതും. ഈ വിഷോത്പാദനവുമായി ബന്ധപ്പെട്ടുളള ഈ ജീനുകളിൽ പലതും മനുഷ്യ ശരീരത്തിലും ഉണ്ട് എന്ന കണ്ടെത്തലിലാണ് ഗവേഷകർ ഒടുവിൽ എത്തിച്ചേരുന്നത്.
പുതിയ കണ്ടെത്തൽ മനുഷ്യരിൽ സൂപ്പർ പവറുകൾ ഉണ്ടാക്കാനൊന്നും പോവുന്നില്ല എങ്കിലും വിഷങ്ങൾക്കു പിന്നിലെ ജനിതകശാസ്ത്രത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചാൽ അത് കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങളുടെ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കും എന്നാണ് ഗവേഷകരുടെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam