'സൈലന്റ് കില്ലര്‍'; നാല്‍പത് കടന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

By Web TeamFirst Published Oct 7, 2021, 10:05 PM IST
Highlights

പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി എന്നിവയാണ്  പ്രധാനപ്പെട്ട ജീവിതശൈലീരോഗങ്ങള്‍.  ഇവയെല്ലാം തന്നെ ഓരോ രീതിയില്‍ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നതും അതതിന്റേതായ ഗൗരവമുള്ളതുമാണ്
 

പ്രായം കൂടുംതോറും ആരോഗ്യപ്രശ്‌നങ്ങള്‍ ( Health Issues ) കാണാനും മറ്റ് അസുഖങ്ങള്‍ പിടിപെടാനുമുള്ള സാധ്യതകള്‍ കൂടുതലാണെന്ന് നമുക്കറിയാം. പ്രധാനമായും ജീവിതശൈലീരോഗങ്ങളാണ് ( Lifestyle Diseases ) ഇത്തരത്തില്‍ പ്രായത്തിനൊപ്പം മിക്കവരിലേക്കും എത്താറ്. എന്നാല്‍ ജീവിതശൈലീരോഗങ്ങള്‍ക്കാകട്ടെ, അധികപേരും കാര്യമായ ശ്രദ്ധയോ ഗൗരവമോ നല്‍കാറുമില്ല എന്നതാണ് വാസ്തവം. 

പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട ജീവിതശൈലീരോഗങ്ങള്‍.  ഇവയെല്ലാം തന്നെ ഓരോ രീതിയില്‍ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നതും അതതിന്റേതായ ഗൗരവമുള്ളതുമാണ്. 

എങ്കിലും ഇക്കൂട്ടത്തില്‍ 'സൈലന്റ് കില്ലര്‍' എന്ന് വിളിക്കാവുന്നത് ബിപി, അഥവാ രക്തസമ്മര്‍ദ്ദത്തെയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൃദയത്തെയോ തലച്ചോറിനെ ഒറ്റയടിക്ക് പ്രശ്‌നത്തിലാക്കുകയും മരണം വരെ എത്തിക്കുകയും ചെയ്യാന്‍ ബിപിക്ക് കഴിയും. 

 


പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാകാത്തതിനാല്‍ മിക്കവരും തങ്ങള്‍ക്ക് ബിപിയുണ്ടെന്ന് തിരിച്ചറിയാന്‍ വൈകാറുണ്ട്. ഇത് കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നു. നാല്‍പത് കടന്നവരാണെങ്കില്‍, അത് സ്ത്രീ ആയാലും പുരുഷനായാലും ബിപിയുണ്ടോയെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് നിര്‍ബന്ധമാണ്. 

പ്രത്യേകിച്ച് അമിതവണ്ണം, പുകവലി, മദ്യപാനം അതുപോലെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ബിപിയുള്ളവരെല്ലാം ഇത് നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള മെഡിക്കല്‍ എമര്‍ജന്‍സികളിലേക്ക് നിരവധി പേരെ പ്രതിദിനം എത്തിക്കുന്ന ആരോഗ്യപ്രശ്‌നമാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഹൃദയത്തെയും തലച്ചോറിനെയും മാത്രമല്ല, കാഴ്ചയെ, വൃക്കകളെയെല്ലാം ബിപി ആക്രമിക്കാറുണ്ട്. 

ബിപിയുണ്ടെന്ന് കണ്ടെത്തിയാല്‍ ചികിത്സ തേടേണ്ടവരാണെങ്കില്‍ ചികിത്സ തേടണം. ഒപ്പം തന്നെ ഡയറ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും വേണം. മുക്കാല്‍ ടീസ്പൂണിലധികം ഉപ്പ് ദിവസത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സോഡിയം കൂടുന്നത് ബിപി അധികരിക്കാന്‍ എളുപ്പത്തില്‍ വഴിവയ്ക്കും. ഒപ്പം തന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം പതിവാക്കുക. ഡയറ്റിനെ കുറിച്ച് എന്ത് സംശയങ്ങളുണ്ടെങ്കിലും അത് ചികിത്സിക്കുന്ന ഡോക്ടറുമായി തന്നെ ചർച്ച ചെയ്ത് മനസിലാക്കുക.  

 


ബിപിയുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിക്കേണ്ടതുണ്ട്. അത് വീട്ടിലായാലും ചെയ്യുക. ഇന്ന് അതിന് സഹായകമാകുന്ന സംവിധാനങ്ങള്‍ എളുപ്പത്തില്‍ ലഭ്യവുമാണ്. 120/80 mmHg ആണ് നോര്‍മല്‍ ബിപി റീഡിംഗ്. ഇത് 140/ 90 mmHg ആയാല്‍ ഹൈപ്പര്‍ടെന്‍ഷനായി കണക്കാക്കാം.

Also Read:- നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളിതാ...

click me!