
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വളരെയധികം ചര്‍ച്ചകള്‍ വന്നുപോയൊരു വര്‍ഷമായിരുന്നു 2020. ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ട വിഷയം വിഷാദരോഗം അഥവാ ഡിപ്രഷന്‍ ആയിരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് സൂചിപ്പിക്കുന്ന പല റിപ്പോര്‍ട്ടുകളും അടുത്ത കാലങ്ങളിലായി പുറത്തുവന്നിരുന്നു.
എന്നാല്‍ പലപ്പോഴും നിത്യജീവിതത്തിലെ ദുഖങ്ങളെ ഡിപ്രഷന്‍ ആയി തെറ്റിദ്ധരിക്കുന്ന പ്രവണത പലരിലും കാണപ്പെടാറുണ്ട്. ഇത്തരത്തില്‍ കാരണങ്ങളുള്ള ദുഖങ്ങളെ വിഷാദമായി കണക്കാക്കാനാകില്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വിഷാദം ഇതില്‍ നിന്ന് വ്യത്യസ്തമായി പല വികാരങ്ങളും അകാരണമായി വന്നുപോകുന്ന, ദീര്‍ഘസമയത്തേക്ക് നീണ്ടുനില്‍ക്കുന്ന അവസ്ഥയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ സമയത്തേക്ക് മാത്രമായി സംഭവിക്കുന്ന, കാരണങ്ങളുള്ള ദുഖവും വിഷാദവും തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.
വിഷാദത്തിന്റെ ഭാഗമായി ദുഖം അനുഭവപ്പെടാം. എന്നാല്‍ ഇതിന് പുറമെ, നിത്യജീവിതത്തില്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതിരിക്കുക, ഒന്നിലും ശ്രദ്ധയുറയ്ക്കാത്ത അവസ്ഥ, എളുപ്പം ദേഷ്യം വരിക, ശാരീരികാരോഗ്യം ക്ഷയിക്കുക, ഉറക്കമില്ലായ്മ, അസ്വസ്ഥത, ഭക്ഷണക്രമത്തില്‍ അസാധാരണമായ വ്യത്യാസം തുടങ്ങി മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ടെങ്കില്‍ അത് വിഷാദമായി കണക്കാക്കാം. പ്രത്യേകം ഓര്‍ക്കേണ്ടത്, ഇവയെല്ലാം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമാണ് അത് വിഷാദമായി പരിഗണിക്കേതുള്ളൂ എന്നതാണ്.
സാധാരണഗതിയില്‍ ദുഖം അനുഭവിക്കുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ വിഷാദത്തിലുള്ള ഒരാളെ സംബന്ധിച്ച് അത് മറ്റൊരാള്‍ക്ക് വിശദീകരിച്ചുനല്‍കുക എളുപ്പമല്ല. അതിനാല്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്ന് പോലും അകന്നുപോകുന്ന അവസ്ഥ വിഷാദത്തിലുണ്ടായേക്കാം. ഇത്തരത്തില്‍ സ്വയം ഐസൊലേറ്റ് ചെയ്ത് ജീവിക്കുന്നത് വിഷാദരോഗത്തെ തീവ്രമാക്കുകയും ചെയ്യുന്നു.
അവരവര്‍ക്ക് തന്നെ ഗുണകരമാകുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ഡിപ്രഷനില്‍ ഉണ്ടാകുന്നത്. ജോലി, ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, വിനോദപരിപാടികള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം സ്വയം പിന്മാറാനുള്ള പ്രവണത വിഷാദമുള്ളവരില്‍ കാണാം. എന്നാല്‍ വിഷാദത്തില്‍ നിന്ന് വ്യത്യസ്തമായി ദുഖങ്ങളില്‍ ഇത്തരം പ്രവര്‍ത്തികളിലെല്ലാം വ്യക്തി സജീവമായിരിക്കും.
മൂഡ് സ്വിംഗ്‌സ് അഥവാ മാനസികാവസ്ഥകള്‍ എളുപ്പത്തില്‍ മാറിമറിയുന്ന സാഹചര്യമാണ് വിഷാദത്തെ സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷണം. ദേഷ്യം, ഉത്കണ്ഠ, സങ്കടം എന്നിവയെല്ലാം എളുപ്പത്തില്‍ വന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടാകാം. എന്നാല്‍ ദുഖത്തില്‍ അതേ ഒരു വൈകാരികാവസ്ഥ തന്നെയാണ് നീണ്ടുനില്‍ക്കുന്നത്.
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് പലതരം ദുഖങ്ങള്‍ പല പ്രായത്തിലുള്ളവര്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ വിഷാദം അല്‍പം കൂടി ഗൗരവമുള്ള വിഷയമാണെന്ന് മനസിലാക്കുക. അത് സ്വയം തിരിച്ചറിയല്‍ വിഷമത പിടിച്ച ഉത്തരവാദിത്തമാണ്. കൂടെയുള്ളവര്‍ക്കാണ് പലപ്പോഴും അതിനെ കൃത്യമായി മനസിലാക്കാനാവുക. ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ചികിത്സയിലൂടെയുമെല്ലാം വിഷാദത്തെ മറികടക്കാവുന്നതാണ്. ഇതിനാവശ്യമായ സഹായങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് എത്തിച്ചുനല്‍കാന്‍ ഏവരും കരുതലെടുക്കുക. ആരോഗ്യകരമായ ജീവിതം ഒരുമിച്ച് കെട്ടിപ്പടുക്കാന്‍ ഏവര്‍ക്കും കഴിയട്ടെ.