
രോഗങ്ങളെക്കുറിച്ചുള്ള അമിത ഭയത്തെ hypochondria എന്നാണ് പറയുക. അതുപോലെതന്നെ മരണത്തെക്കുറിച്ചും അമിതയായി ചിന്തിക്കുന്ന രീതി ചിലരിൽ ഉണ്ട്. എനിക്ക് എന്തെങ്കിലും രോഗങ്ങൾ വന്നാലോ എന്ന ചിന്ത എപ്പോഴും മനസ്സിന്റെ സമാധാനം ഇല്ലാതെയാക്കും. ചിലപ്പോൾ എനിക്ക് മാത്രമല്ല, എന്റെ പ്രിയപ്പെട്ടവർ ആർക്കെങ്കിലും അസുഖങ്ങൾ വരുമോ എന്നും വല്ലാതെ പേടിക്കും.
ചെറിയ ഒരു മുറിവ്, വേദന എന്നിവപോലും ചിലപ്പോൾ കാൻസർ പോലെ മാരകമായ അസുഖമാണോ എന്ന് സംശയിച്ചു വിഷമിച്ചുപോലും. എന്നാൽ യഥാർത്ഥത്തിൽ കാര്യമായ അസുഖങ്ങൾ ഉണ്ടാവുകയുമില്ല. ചിലപ്പോൾ ആരുടെയെങ്കിലും മരണവാർത്ത കേൾക്കുമ്പോൾ എനിക്കും അങ്ങനെ സംഭവിക്കുമോ, അല്ലെങ്കിൽ എന്റെ പ്രിയപ്പെട്ടവരെയും എനിക്ക് നഷ്ടമാകുമോ എന്ന ആധി മനസ്സിൽ നിറയും. ഈ ചിന്തകൾ കാരണം സമാധാനമായി ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോപോലും കഴിയാതെവരുന്ന അവസ്ഥ. നോർമൽ ആയി ശരീത്തിൽ നടക്കുന്ന കാര്യങ്ങളെ- ഉദാ: വേഗത്തിൽ നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുക എന്നതുപോലും ചിലപ്പോൾ ഹാർട്ട് അറ്റാക്ക് ആണോ എന്ന് വലിയ പേടി തോന്നുന്ന അവസ്ഥ.
മന:ശാസ്ത്ര ചികിത്സയായ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) യിലെ തോട്ട് സ്റ്റോപ്പിങ് (thought stopping) എന്ന പരിശീലനം ഈ ഭയങ്ങളെ മാറ്റിയെടുക്കാൻ സഹായിക്കും. രോഗം, മരണം എന്നിവ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതോ നമുക്കു വളരെ മുൻകൂട്ടി അറിയാൻ കഴിയുന്നതോ അല്ല എന്ന വസ്തുത മനസ്സിലാക്കാൻ ശ്രമിക്കാം.
വരാൻ പോകുന്ന കാര്യങ്ങളെപ്പറ്റി അമിതമായി ചിന്തിച്ചു ഉത്കണ്ഠപ്പെടാതെ ഇപ്പോൾ ഈ നിമിഷം സമാധാനമായിരിക്കാനുള്ള കാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ മനസ്സിന് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുക. ഭാവിയെപ്പറ്റി അമിതമായി ആധിപിടിക്കാതെ ഇപ്പോഴുള്ള ആരോഗ്യനില മികച്ചതാണോ, മെച്ചെപ്പെടുത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കുക.
ഇനി രോഗം വരുമോ, മരിക്കുമോ എന്നെല്ലാം ഉത്കണ്ഠ വരുമ്പോൾ “സ്റ്റോപ്പ്” എന്ന് മനസ്സിൽ പറയുക. അതിനർത്ഥം ഇനി ടെൻഷൻ അനുഭവിക്കാൻ ഞാൻ തയ്യാറല്ല. എന്റെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് അമിത പ്രാധാന്യം നല്കാൻ ഞാൻ തയ്യാറല്ല എന്നാണ്.
ഈ പരിശീലനം ഇനി എത്ര തവണ ഉത്കണ്ഠ നിറഞ്ഞ ചിന്തകൾ മനസ്സിലേക്കു വരുന്നോ അപ്പോഴെല്ലാം പറയാൻ ശ്രമിക്കണം. ഇത് ഒന്നോ രണ്ടോ തവണ ശ്രമിക്കുമ്പോൾ മാറ്റം വരണം എന്നില്ല. ഇനിയുള്ള കുറച്ചു ദിവസങ്ങൾ പരിശീലിക്കണം. അങ്ങനെ ഉത്കണ്ഠ ഉണ്ടാക്കുന്ന ചിന്തകൾ വരുന്നത് പതിയെ കുറയും. അത് സാവധാനം കുറയുമ്പോൾ യുക്തിപരമായി ചിന്തിക്കാൻ തുടങ്ങും. പിന്നീട് ആരുടെയെങ്കിലും മരണ വാർത്ത കേൾക്കുമ്പോഴോ, ശരീരത്തിൽ ചെറിയ വേദന അനുഭവപ്പെട്ടാലോ ഭയം തോന്നുന്നത് കുറവായിരിക്കും.
ഉത്കണ്ഠപ്പെടുന്നതുകൊണ്ട് അർത്ഥമില്ല എന്നും എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ അപ്പോൾ മാത്രം ഞാൻ അതിനെ സീരിയസായി കണ്ടാൽ മതി എന്ന ധൈര്യം മനസ്സിൽ വരും. സ്വയം ഈ പരിശീലനം ചെയ്യാൻ കഴിയുന്നില്ല എങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടണം.
ഉത്കണ്ഠ എന്ന് പറയുന്നത് ഇന്ന് ഒരുപാട് ആളുകളിലും ഉള്ള ഒരു ബുദ്ധിമുട്ടാണ്. ഉത്കണ്ഠ ഉണ്ടാക്കുന്ന ചിന്തയിൽ നിന്ന് മനസ്സിന്റെ ശ്രദ്ധ മാറ്റുകയും ബ്രീത്തിങ്ങ് എക്സെർസൈസ് ചെയ്യുകയും ഒക്കെ ചെയ്യുന്നതിലൂടെ മാറ്റിയെടുക്കാൻ കഴിയുന്ന അവസ്ഥയാണ് ഉല്കണ്ഠ എന്ന് പറയുന്നത്.
(തിരുവല്ലായിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസാണ് ലേഖിക. ഫോൺ നമ്പർ : 8281933323)
നവവധു ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ; സ്ത്രീധനം, കളിയാക്കലുകൾ എന്നിവ മാത്രമല്ല, വെറെയുമുണ്ട് കാരണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam