
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മനുഷ്യരുടെ ആരോഗ്യാവസ്ഥകളിലും മാറ്റം വരാം. സീസണലായി ഇത്തരത്തില്‍ പിടിപെടുന്ന രോഗങ്ങള്‍ പലതുമുണ്ട്. ജലദോഷവും പനിയു, പല കൊതുകുജന്യരോഗങ്ങളുമെല്ലാം ഇങ്ങനെ കാലാവസ്ഥയോട് ബന്ധപ്പെട്ട് പരക്കാറുണ്ട്.
അതുപോലെ വേനലില്‍ ചൂട് കൂടുമ്പോള്‍ ഉണ്ടായേക്കാവുന്നൊരു ആരോഗ്യപ്രശ്നത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. വയറിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍- അഥവാ വയറിന്‍റെ ആരോഗ്യം മോശമാകുന്ന അവസ്ഥയാണിത്. ചൂട് കൂടുമ്പോള്‍ എത്തരത്തിലാണ് വയറ് ബാധിക്കപ്പെടുന്നത് എന്നത് കൂടി മനസിലാക്കൂ...
'ചൂടുള്ള അന്തരീക്ഷത്തില്‍ പല രോഗാണുക്കള്‍ക്കും പെറ്റുപെരുകാൻ അനുകൂലമായ സാഹചര്യമുണ്ടാകുന്നു. ഇങ്ങനെയാണ് ഒരുപാട് പേരില്‍ ഈ കാലാവസ്ഥയില്‍ വയറ്റില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഇതൊഴിവാക്കാൻ ചില കാര്യങ്ങള്‍ ചെയ്തുനോക്കാവുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം പ്രതിരോധശക്തി മെച്ചപ്പെടുത്തല്‍ തന്നെയാണ്...'- ദില്ലിയില്‍ നിന്നുള്ള ഡോ. മുകേഷ് മെഹ്‍റ പറയുന്നു.
രോഗപ്രതിരോധ ശേഷിയെന്ന് പറയുമ്പോള്‍, അതിന്‍റെ കാര്യപ്പെട്ടൊരു ഭാഗം കുടലില്‍ തന്നെയാണ് ഉള്ളത്. അതിനാല്‍ തന്നെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമങ്ങള്‍ നടത്തിയേ മതിയാകൂ. ഇതിനായി ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്.
ബ്രൊക്കോളി, ഫ്രഷ് ബെറികള്‍, ഓറഞ്ച്, ഉള്ളി, ഇഞ്ചി, നട്സ് പോലുള്ള ഭക്ഷണങ്ങളെല്ലാം നല്ലതാണ്. കട്ടത്തൈര് അടക്കമുള്ള 'പ്രോബയോട്ടിക്സ്'ഉം കഴിക്കുക. പച്ചക്കറികളും പഴങ്ങളും പതിവാക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ആന്‍റി-ഓക്സിഡന്‍റുകളും വയറിന്‍റെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു.
നല്ലതുപോലെ വെള്ളം കുടിച്ചില്ലെങ്കിലും വേനലില്‍ വയറിന്‍റെ ആരോഗ്യം അവതാളത്തിലാക്കാം. അതിനാല്‍ ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇക്കാര്യങ്ങള്‍ക്കൊപ്പം തന്നെ വ്യായാമവും പതിവാക്കുക. ഏറ്റവും കുറഞ്ഞത് വൈകുന്നേരങ്ങളില്‍ ചെറിയൊരു ദൂരത്തെ നടത്തമെങ്കിലും ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
എപ്പോഴും കൈകള്‍ നന്നായി വൃത്തിയാക്കി വയ്ക്കണം. അല്ലാത്തപക്ഷം രോഗാണുക്കള്‍ പെട്ടെന്ന് ശരീരത്തിനകത്ത് എത്താനും അവിടെ വച്ച് പെരുകാനും ഇടയാക്കുന്നു. വീട്ടിനകത്തോ മുറികളിലോ മുഴുവൻ സമയവും എസി ഓണ്‍ ചെയ്ത് വയ്ക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ലത്രേ. പ്രത്യേകിച്ച് രാവിലെയും വൈകീട്ടും. കഴിയുന്നതും കാറ്റോട്ടമുള്ള രീതിയില്‍ വീടിനെ സജ്ജീകരിച്ച് വച്ച് അതില്‍ തുടരുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read:- ശരീരത്തില്‍ നിന്ന് പതിവായി ദുര്‍ഗന്ധമോ? ഒഴിവാക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam