കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് എടുത്തവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ

By Web TeamFirst Published Jun 5, 2021, 2:40 PM IST
Highlights

ആദ്യതരംഗത്തിന് അല്‍പം ശമനം വന്നതോടെ നിയന്ത്രണങ്ങളില്‍ അയവ് വരികയും, സാധാരണജീവിതത്തിലേക്ക് ജനം മടങ്ങുകയും ചെയ്തിരുന്നു. ഇതാണ് രണ്ടാം തരംഗം ഇത്രമാത്രം രൂക്ഷമാകാന്‍ കാരണമായി മാറിയത്. സമാനമായി രണ്ടാം തരംഗത്തിന് ശമനം സംഭവിക്കുമ്പോഴും നിയന്ത്രണണങ്ങള്‍ പിന്‍വലിക്കപ്പെടുമെന്നും അതോടെ വീണ്ടും വൈറസ് വ്യാപനം തീവ്രതയാര്‍ജ്ജിക്കുമെന്നും ഡോ. പോള്‍ വിശദമാക്കുന്നു

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിന്ന് പതിയെ തിരിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്. പ്രതിദിന കൊവിഡ് നിരക്കും, ചികിത്സയിലുള്ള രോഗികളുടെ എണ്ണവുമെല്ലാം കുറഞ്ഞുവരുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളിലായി നാം കണ്ടത്. 

ഇതിനിടെ കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെ ഇന്ത്യ പിന്നിലാക്കി. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

'കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ 17.2 കോടി പേരാണ്. എന്നുവച്ചാല്‍ നമ്മള്‍ അമേരിക്കയെ മറികടന്നിരിക്കുന്നു. എന്നാല്‍ ഇതുകൊണ്ട് മാത്രം ഫലമില്ല...'- ഡോ. വി കെ പോള്‍ പറയുന്നു.

ആദ്യതരംഗത്തിന് അല്‍പം ശമനം വന്നതോടെ നിയന്ത്രണങ്ങളില്‍ അയവ് വരികയും, സാധാരണജീവിതത്തിലേക്ക് ജനം മടങ്ങുകയും ചെയ്തിരുന്നു. ഇതാണ് രണ്ടാം തരംഗം ഇത്രമാത്രം രൂക്ഷമാകാന്‍ കാരണമായി മാറിയത്. സമാനമായി രണ്ടാം തരംഗത്തിന് ശമനം സംഭവിക്കുമ്പോഴും നിയന്ത്രണണങ്ങള്‍ പിന്‍വലിക്കപ്പെടുമെന്നും അതോടെ വീണ്ടും വൈറസ് വ്യാപനം തീവ്രതയാര്‍ജ്ജിക്കുമെന്നും ഡോ. പോള്‍ വിശദമാക്കുന്നു. അതിന് മുമ്പേ പരമാവധി പേരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. 

അതേസമയം പ്രതിദിനം നൂറിലധികം കൊവിഡ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരുന്ന പല ജില്ലകളിലും ഇപ്പോള്‍ കേസുകള്‍ നൂറിന് താഴെ എന്ന നിലയിലായതായി കേന്ദ്ര മന്ത്രാലയം അറിയിക്കുന്നു. ഇപ്പോള്‍ ആകെ 257 ജില്ലകളിലാണ് പ്രതിദിനം നൂറിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 

വ്യാഴാഴ്ചയെ അപേക്ഷിച്ച് വെള്ളിയാഴ്ച ആയപ്പോഴേക്ക് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 1,790 കേസുകളുടെ കുറവാണ് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഇത് ആശ്വാസം പകരുന്ന വാര്‍ത്ത തന്നെയായിട്ടാണ് ആരോഗ്യവിദഗ്ധരും കണക്കാക്കുന്നത്. എന്നാല്‍ ഇനിയും നാം അലക്ഷ്യമായി മുന്നോട്ടുപോയാല്‍ വീണ്ടുമൊരു തരംഗം കൂടി കടന്നുപോകേണ്ടതായി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Also Read:- വാക്​സിൻ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവരിൽ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എയിംസിന്റെ പഠനം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!