
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നിര്‍മാതാക്കളായ ദ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐഐഎൽ) അനുമതി ലഭിച്ചു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ വാക്സിന്‍ വികസിപ്പിച്ചത്.
യുഎസില്‍ കുറച്ച് വര്‍ഷങ്ങളായി ഡെങ്കിപ്പനി വാക്സിന്‍ ലഭ്യമാണ്. എന്നാല്‍ ഈ വാക്സിന്‍ ഇന്ത്യയിലെ നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്ന ഡെങ്കി വൈറസിന്‍റെ നാല് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണോ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അതേസമയം, പനേഷ്യ ബയോടെക് ലിമിറ്റഡും സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വികസിപ്പിച്ച ഡെങ്കു വാക്സിനുകള്‍ക്കും ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു.
നാഷനല്‍ സെന്‍റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണക്കനുസരിച്ച് ഓഗസ്റ്റ് 12 വരെ ഇന്ത്യയിലെ ഡെങ്കിപ്പനി കേസുകള്‍ 30,627ല്‍ എത്തി. ഓരോ വര്‍ഷം കഴിയും തോറും ഡെങ്കിപ്പനി കേസുകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപനിയുടെ രോഗവാഹകർ. ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാല് വിധമുണ്ട്. ഒരു സീറോ ടൈപ്പ് കാരണം ഒരിക്കൽ ഡെങ്കി പനി ബാധിച്ചാൽ അടുത്ത തവണ മറ്റൊരു ടൈപ്പ് ആക്രമിക്കുമ്പോൾ തീവ്രതയേറിയ ഡെങ്കി ആവാൻ സാധ്യതയുണ്ട്. ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ. ഈ സൂചനകള്‍ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം. എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം.
വീടുകളില്‍ നിന്നും കൊതുകിനെ തുരത്താന്‍ ചെയ്യേണ്ടത്...
1. വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.∙
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
3. ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
4. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
5. സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നത് കൊതുകിനെ അകറ്റും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam