
തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമര്‍ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാന ലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.
തലചുറ്റല്‍, ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക, ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളാണ്. കാഴ്ചയിലും വ്യത്യാസങ്ങളുണ്ടാകും. അതായത് വസ്തുക്കളെ രണ്ടായി കാണുക, മങ്ങലുണ്ടാവുക, തുടങ്ങിയവ തോന്നാം. ട്യൂമര്‍ ബാധിച്ച സ്ഥലത്തെ ആശ്രയിച്ച് ഓര്‍മക്കുറവ് ഉണ്ടാകുവാനും, അപസ്മാരം ഉണ്ടാകുവാനും സാധ്യത ഉണ്ട്. ഞരമ്പുകള്‍ക്ക് ചിലപ്പോള്‍ ബലക്ഷയവും അതുമൂലം ശരീരത്തിന്റെ ഒരു ഭാഗത്തിന് തളര്‍ച്ചയും ഉണ്ടാകാം. സംസാരത്തിലെ ബുദ്ധിമുട്ട്, ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ പോലും കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ ആകാം. രോഗം തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാം.
ട്യൂമര്‍ കണ്ടുപിടിക്കുവാന്‍ പ്രാഥമികമായി ആശ്രയിക്കുന്നത് സ്‌കാനിങ്ങാണ്. അതില്‍ തന്നെ എം.ആര്‍.ഐ സ്‌കാനിങ്ങാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സിഎസ്എഫ് എന്നറിയപ്പെടുന്ന സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡിന്റെ പരിശോധനയും തലച്ചോറിനെ ബാധിക്കുന്ന ട്യൂമര്‍ കണ്ടെത്താന്‍ സഹായിക്കാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam