
പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന രോഗമാണ് ഹൃദയാഘാതം. ഇപ്പോൾ യുവാക്കൾക്കിടയിൽ ഹൃദയാഘാതം ഉണ്ടാകുന്നത് കൂടുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ ഈ രോഗത്തിന്റെ വ്യാപനം വർദ്ധിച്ചതായാണ് കണക്കുകൾ പറയുന്നത്. ഉദാസീനമായ ജീവിതശെെലിയാണ് ഹൃദയസ്തംഭനവും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാകുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത്.
സമ്മർദ്ദം, ഉറക്കമില്ലായ്മ, പുകവലി, മദ്യപാനം, പ്രമേഹം, രക്താതിമർദ്ദം തുടങ്ങി നിരവധി ഘടകങ്ങൾ ഈ രോഗത്തിന് കാരണമാകുന്നു. ഉയർന്ന കലോറിയുള്ള ഭക്ഷണം കഴിക്കുക, ഫാസ്റ്റ് ഫുഡുകളോടുള്ള ആസക്തി, വ്യായാമമില്ലായ്മ എന്നിവയെല്ലാം ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നു.
' യുവാക്കൾക്കിടയിൽ വ്യാപകമായ ഒരു പ്രശ്നമായ പൊണ്ണത്തടി ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന അപകട ഘടകമായി ഉയർന്നുവന്നിട്ടുണ്ട്. അമിതമായ ശരീരഭാരം ഹൃദയത്തിൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കൽ, ഇൻസുലിൻ പ്രതിരോധം എന്നിവയിലേക്ക് നയിക്കുന്നു...' - കൺസൾട്ടന്റ് ഡയറ്റീഷ്യൻ കനിക മൽഹോത്ര പറയുന്നു.
വയറിലെ പൊണ്ണത്തടി പ്രത്യേകിച്ച് അപകടകരമാണ്. സമീകൃത പോഷകാഹാരത്തിലൂടെയും ക്രമമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് നിർണായകമാണ്. സമ്മർദ്ദം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ കൂടുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ ധമനികളെ നശിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.
യുവാക്കളിലെ ഹൃദയാഘാതം ; ജീവിതശെെലിയിൽ ശ്രദ്ധിക്കണ്ടത് എന്തൊക്കെ?
ആരോഗ്യകരമായ കൊഴുപ്പുകൾ...
ഒലിവ് ഓയിൽ, അവോക്കാഡോകൾ, പരിപ്പ്, സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
സംസ്‌കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക...
സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുക, കാരണം അവയിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകൾ, സോഡിയം, ചേർത്ത പഞ്ചസാര എന്നിവ കൂടുതലാണ്.
മിതമായ ഉപ്പ് കഴിക്കുക...
ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക.
ധാരാളം വെള്ളം കുടിക്കുക ...
ദിവസം മുഴുവൻ ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക. മധുരമുള്ള പാനീയങ്ങളും അമിതമായ കഫീനും പരിമിതപ്പെടുത്തുക.
ആന്റിഓക്‌സിഡന്റുകൾ...
ചില ഭക്ഷണങ്ങളിലും സപ്ലിമെന്റുകളിലും കോഎൻസൈം ക്യു10, റെസ്‌വെറാട്രോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ഹൃദയ സംരക്ഷണ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ന്യൂട്രാസ്യൂട്ടിക്കലുകളും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും. ഓർക്കുക, സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഹൃദയത്തെ സംരക്ഷിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
Read more യുവാക്കൾ നേരിടുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam