ഈ 8 ഭക്ഷണങ്ങൾ കഴിച്ചാൽ വിളർച്ച തടയാം

By Web TeamFirst Published Mar 23, 2019, 3:18 PM IST
Highlights

സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിളർച്ച. വിളര്‍ച്ച  കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കും. വിളർച്ച തടയാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ ഇവയൊക്കെ....

സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിളർച്ച. വിളർച്ചയുള്ളവരിൽ 50 ശതമാനത്തിലേറെയും ഇരുമ്പിന്റെ അഭാവംകൊണ്ടുള്ളതാണ്. എന്നാൽ പ്രായമേറിയവരിൽ വൃക്കരോഗങ്ങൾ, മറ്റു ദീർഘകാലരോഗാവസ്ഥകൾ, അർബുദം, തൈറോയിഡിന്റെ പ്രവർത്തനമാന്ദ്യം, തുടർച്ചയായ രോഗാണുബാധ തുടങ്ങിയവയാണ് വിളർച്ചയ്ക്കുള്ള മറ്റു കാരണങ്ങൾ. 

ഉദരരക്തസ്രാവം മൂലമുള്ള രക്തനഷ്ടം കൂടാതെ അനാരോഗ്യകരമായ ഭക്ഷണരീതിയും ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ചയുണ്ടാക്കാം. ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് വിളർച്ചയ്ക്ക് കാരണമാകാറുണ്ട്. ഭക്ഷണം നന്നായി കഴിക്കുന്നവരുടെയിടയിലും വിളർച്ചയുണ്ടാകും. നാം സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളും ഇരുമ്പിന്റെ ആഗിരണത്തെ തടയാം. 

ചായയിലും കാപ്പിയിലും  ഉള്ള ഫിനോളിക് സംയുക്തങ്ങൾ, തേയിലയിലുള്ള ടാനിൻ, പാലിലടങ്ങിയിരിക്കുന്ന കാത്സ്യം തുടങ്ങിയവയെല്ലാം  ഇരുമ്പിന്റെ ആഗിരണത്തെ മന്ദീഭവിപ്പിച്ചുകൊണ്ടു വിളർച്ചയ്ക്കു  കാരണമാകുന്ന ഘടകങ്ങളാണ്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച  കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കും. വിളർച്ച തടയാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ ഇവയൊക്കെ....

 പയറുവർഗങ്ങള്‍...

പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ നിങ്ങളിലെ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. ചുവന്ന രക്താണുക്കളുടെ വർദ്ധനവിന് ഇവ ഏറ്റവും അനുയോജ്യമാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്. 

ഇരുമ്പ് അടങ്ങിയ ഭക്ഷണം...

ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍,  ഇലകറികള്‍, ഇറച്ചി, മത്സ്യം‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, ഡ്രൈ ഫുഡ്സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

 വിറ്റാമിന്‍ സി കൂടിയവ...

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. 

മാതളം...

മാതളം അല്ലെങ്കില്‍ മാതളനാരകം കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം.  കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.

ഈന്തപ്പഴം...

ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. 

 ബീറ്റ് റൂട്ട്...

ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് നിങ്ങളുടെ രക്തത്തില്‍ വർദ്ധിപ്പിക്കും. 

ക്യാരറ്റ് ജ്യൂസ്...

ദിവസവും ഒരു കപ്പ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ​മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നൽകാൻ ക്യാരറ്റ് ​ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ക്യാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും. 

നെല്ലിക്ക....

 ധാരാളം പോഷകഗുണങ്ങളും  ഔഷധമൂല്യങ്ങളും അടങ്ങിയ ഒന്നാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ‌ അകറ്റാനും ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് നെല്ലിക്ക. ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാനും നെല്ലിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. 


 

click me!