കൊവിഡിന് കേന്ദ്രം നൽകിയ വില കൂടിയ മരുന്ന് ഉപയോഗിക്കാതെ കേരളം, പാഴാകാൻ സാധ്യത

By P R PraveenaFirst Published Jul 24, 2021, 12:43 PM IST
Highlights

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകാൻ സാധ്യത ഉള്ള പ്രമേഹ രോഗികൾ, അർബുദ രോഗികൾ എന്നിവരിൽ വൈറസ് ബാധയുടെ തുടക്കത്തിൽ തന്നെ മരുന്ന് ഉപയോഗിക്കാം. ഒരു ഡോസ് കുത്തിവയ്പ്പിന് സ്വകാര്യ മേഖലയിൽ വില 65,000 രൂപ. 

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ വിലകൂടിയ മരുന്ന് അധികം ഉപയോഗിക്കാതെ കേരളം. ഒരു ഡോസിന് 65,000 രൂപ വില ഉള്ള മരുന്നിന്‍റെ കാലാവധി അടുത്ത മാസം 31-ഓടെ കഴിയും. ഇതോടെ രോഗികൾക്ക് ഉപകാരപ്പെടാതെ മരുന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന്  തിരിച്ചെടുക്കേണ്ട അവസ്ഥയാണ്. 

കഴിഞ്ഞ മെയ് മാസത്തിൽ ആണ് കേന്ദ്രം കേരളത്തിന് കാസിരിവിമാബ് എംഡിവിമാബ് എന്ന ആർട്ടിഫിഷ്യൽ ആന്‍റിബോഡി കോക്ടെയിൽ മരുന്ന് കൈമാറിയത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകാൻ സാധ്യത ഉള്ള പ്രമേഹ രോഗികൾ, അർബുദ രോഗികൾ എന്നിവരിൽ വൈറസ് ബാധയുടെ തുടക്കത്തിൽ തന്നെ മരുന്ന് ഉപയോഗിക്കാം. ഒരു ഡോസ് കുത്തിവയ്പ്പിന് സ്വകാര്യ മേഖലയിൽ വില 65,000 രൂപ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഈ മരുന്ന് ലഭ്യമാക്കിയിരുന്നു.

സംസ്ഥാനത്തിനാകെ 2355 വയൽ മരുന്നാണ് അനുവദിച്ചത്. ഒരു വയൽ മരുന്നിൽ നിന്ന് രണ്ടുപേർക്ക് മരുന്ന് നൽകാനാകും. അങ്ങനെ എങ്കിൽ 4710 പേർക്ക് ഇതിനോടകം മരുന്ന് നൽകാമായിരുന്നു. രോഗ വ്യാപനം കൂടിയ, ഗുരുതരാവസ്ഥയിൽ ആകുന്ന രോഗികളുടെ എണ്ണം കൂടിയിരുന്ന സംസ്ഥാനത്ത് പക്ഷെ ഈ മരുന്ന് നൽകിയത്  ആയിരത്തിൽ താഴെ പേർക്ക് മാത്രം. കൃത്യമായി പറഞ്ഞാൽ 800 പേർക്ക് മാത്രം ആണ് ഇതുവരെ ഈ മരുന്ന് നൽകിയത്. ചുരുക്കത്തിൽ രോഗികൾക്ക് പ്രയോജനപ്പെടാതെ ഈ മരുന്ന് കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കേണ്ട അവസ്ഥ. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ആണ് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയതെന്നും അത്തരം രോഗികൾക്ക് മരുന്ന് നൽകുന്നുണ്ട് എന്നുമാണ് സർക്കാർ വിശദീകരണം.

രോഗികൾക്ക് ഉപയോഗിക്കാൻ ആകാതെ കാലാവധി കഴിഞ്ഞു പോകുന്ന ഈ  മരുന്നുകൾക്ക് ഓഡിറ്റിങ് ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കഴിഞ്ഞ ദിവസങ്ങളിൽ മരുന്ന് ഉപയോഗം കൂട്ടാൻ ആശുപത്രി അധികൃതർ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരിൽ ഈ മരുന്ന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് ആയിരിക്കെ ഉപയോഗിച്ച മരുന്നെന്ന പ്രശസ്തിയും ഇതിനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!