
മൂത്രനാളിയിലെ അണുബാധ മൂലമാണ് സാധാരണയായി വൃക്ക അണുബാധ ഉണ്ടാകുന്നത്. ഈ അണുബാധ ഒന്നോ രണ്ടോ വൃക്കകളിലേക്കും വ്യാപിക്കുകയും വൃക്ക അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഈ അവസ്ഥ ക്യത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് സെപ്സിസിലേക്ക് നയിച്ചേക്കാം. അത് മാരകമായേക്കാം. വൃക്ക അണുബാധയുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം.
വയറിലോ പുറക് വശത്തോ വേദന, ഓക്കാനം, മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രത്തിൽ രക്തം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക അല്ലെങ്കിൽ മൂത്രമൊഴിക്കണമെന്ന തോന്നൽ, പനി എന്നിവ വൃക്ക അണുബാധയുടെ ചില ലക്ഷണങ്ങളാകാം. രോഗം ഗുരുതരമാകുമ്പോൾ വിറയൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, തുടങ്ങിയ ചില അധിക ലക്ഷണങ്ങൾ ഉണ്ടാകാം.
വൃക്ക അണുബാധയുടെ ഏറ്റവും സാധാരണ കാരണം മൂത്രനാളിയിലെ അണുബാധയാണ്. യുടിഐ ചികിത്സിച്ചില്ലെങ്കിൽ, അണുബാധ വൃക്കകളിലേക്ക് കൂടുതൽ വ്യാപിക്കുന്നു. 'Escherichia coli' എന്നറിയപ്പെടുന്ന ഒരു സാധാരണ ബാക്ടീരിയയാണ് സാധാരണയായി ഇത്തരം അണുബാധകൾക്ക് കാരണം.
കിഡ്‌നി അണുബാധയുടെ മറ്റ് കാരണങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ അണുബാധയായിരിക്കാം. ഇത് രക്തപ്രവാഹത്തിലൂടെ വൃക്കകളിലേക്ക് പടരുന്നു. നിങ്ങൾക്ക് നേരിയ അണുബാധയാണെങ്കിൽ ഡോക്ടർ ചില ആന്റിബയോട്ടിക്കുകൾ നിർദ്ദേശിച്ചേക്കാം. എന്നാൽ രോഗം ഗുരുതരമാണെങ്കിൽ ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നേക്കാം.
വൃക്കസംബന്ധമായ അണുബാധ അല്ലെങ്കിൽ പൈലോനെഫ്രൈറ്റിസ് എന്നും അറിയപ്പെടുന്ന വൃക്ക അണുബാധ മൂത്രനാളിയിൽ നിന്നുള്ള ബാക്ടീരിയകൾ മൂത്രനാളിയിലൂടെ സഞ്ചരിക്കുകയും ഒന്നോ രണ്ടോ വൃക്കകളെയും ബാധിക്കുകയും ചെയ്യുന്നു. വൃക്ക അണുബാധ തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം?
ഒന്ന്...
ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. രക്തശുദ്ധീകരണത്തിനു വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ അഴുക്കുകൾ പുറന്തള്ളുന്നതിന് ഇതു സഹായകമാകുന്നു.
രണ്ട്...
മൂത്രം പിടിച്ച് വയ്ക്കുന്നത് ദോഷകരമായ ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകും. ഓരോ മണിക്കൂറിലും മൂത്രമൊഴിക്കുന്നത് ശരീരത്തിൽ നിന്ന് ദോശകരമായ ബാക്ടീരിയയെ പുറന്തള്ളാനും അണുബാധയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
പച്ചക്കറികൾ ഡയറ്റിൽ ധാരാളമായി ഉൾപ്പെടുത്തുക. പ്രത്യേകിച്ച് കോളിഫ്ലവർ, കാബേജ് എന്നിവ കഴിക്കാം. പോഷകസമ്പുഷ്ടമായ പച്ചക്കറികളിൽ വിറ്റാമിൻ സി, കെ, ബി , ഫൈബർ തുടങ്ങിയവയുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടക്കാനുള്ള സാധ്യത കുറയ്ക്കാൻ വ്യായാമത്തിന് സാധിക്കും. നടത്തം, ഓട്ടം, സൈക്ലിംഗ്, ഡാൻസ് ഇവയൊക്കെ ആരോഗ്യത്തിന് ഗുണകരമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യായാമം ചെയ്യുന്നതാണ് നല്ലത്.
അഞ്ച്...
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ശരീരത്തിൽ പ്രവേശിച്ചേക്കാവുന്ന എല്ലാ ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സഹായിക്കുന്നു. അണുബാധ തടയാൻ സ്ത്രീകളും പുരുഷന്മാരും ഇത് ചെയ്യണം.
ആറ്...
നല്ല ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. സ്വയം വൃത്തിയായി സൂക്ഷിക്കുന്നത് അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. മലവിസർജ്ജനത്തിന് ശേഷം, മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകളെ അകറ്റാൻ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുക. സ്ത്രീകൾക്ക് ഇത് വളരെ പ്രധാനമാണ്.
പ്രമേഹരോഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട നാല് സൂപ്പർ ഫുഡുകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam