'ചെങ്കണ്ണ് മുമ്പത്തെ പോലെയല്ല, ശ്രദ്ധയോടെ രോഗത്തെ കൈകാര്യം ചെയ്യാം'; ലക്ഷണങ്ങള്‍

Published : Dec 22, 2022, 02:16 PM IST
'ചെങ്കണ്ണ് മുമ്പത്തെ പോലെയല്ല, ശ്രദ്ധയോടെ രോഗത്തെ കൈകാര്യം ചെയ്യാം'; ലക്ഷണങ്ങള്‍

Synopsis

കണ്ണിന്‍റെയും കൺപോളകളുടെയും മുൻ ഉപരിതലത്തിൽ ഉണ്ടാകുന്ന അണുബാധയാണ്‌ ഇത്‌. രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുന്ന നിരുപദ്രവകാരിയായിരുന്നു മുമ്പ് ചെങ്കണ്ണ്.എന്നാലിപ്പോള്‍ രോഗം ഭേദപ്പെടുന്നതിന് സമയമെടുക്കുകയും രോഗതീവ്രത കൂടുകയും ചെയ്തിരിക്കുന്നു. 

സാധാരണയായി വേനലിൽ  കാണുന്ന കണ്ണിന്‍റെ കോൺജിക്ടയവയെ ബാധിക്കുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. 'മദ്രാസ് ഐ' എന്നും 'റെഡ് ഐ' എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് മുമ്പ് ചൂടുകാലത്താണ് കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ഏതു കാലത്തും ഇത് ആളുകളിൽ കണ്ടുവരുന്നു. 

കണ്ണിന്‍റെയും കൺപോളകളുടെയും മുൻ ഉപരിതലത്തിൽ ഉണ്ടാകുന്ന അണുബാധയാണ്‌ ഇത്‌. രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുന്ന നിരുപദ്രവകാരിയായിരുന്നു മുമ്പ് ചെങ്കണ്ണ്.എന്നാലിപ്പോള്‍ രോഗം ഭേദപ്പെടുന്നതിന് സമയമെടുക്കുകയും രോഗതീവ്രത കൂടുകയും ചെയ്തിരിക്കുന്നു. 

സമയോചിതമായി ചികിത്സിച്ചില്ലെങ്കില്‍ ചിലരിലെങ്കിലും ഇത് കാഴ്‌ച നഷ്‌ടപ്പെടുന്ന അവസ്‌ഥയിലേക്കും എത്തിക്കാം. ബാക്‌ടീരിയ മൂലമാണ് രോഗം വന്നതെങ്കിൽ കണ്ണിൽ പീള കൂടുതലുണ്ടാകും.ഇക്കാര്യവും ശ്രദ്ധിക്കാം.

ചെങ്കണ്ണിന്‍റെ ലക്ഷണങ്ങള്‍...

1) കണ്ണുകൾക്ക് ചൊറിച്ചിൽ 

2) കൺപോളകൾക്ക് തടിപ്പ് 

3) കണ്ണിന് ചൂട് 

4) കണ്ണുകളിൽ ചുവപ്പുനിറം 

4) പീള കെട്ടൽ 

5) പ്രകാശം അടിക്കുമ്പോൾ അസ്വസ്‌ഥത 

6) തലവേദന 

7) ചിലർക്ക് പനിയും 

കാരണം...

ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് ചെങ്കണ്ണിന് പ്രധാനമായും കാരണമാകുന്നത്. ഇതുമൂലം കണ്‍ജക്ടീവ എന്ന കോശഭിത്തിയിൽ താൽക്കാലികമായി രക്തപ്രവാഹം ഉണ്ടാകുകയും കണ്ണ് ചുവന്ന് കാണപ്പെടുകയും ചെയ്യുന്നു.

ഇൻഫെക്റ്റീവ് കൺജംഗ്റ്റിവൈറ്റിസ് ഏറ്റവും സാധാരണയായി ഒരു വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ബാക്ടീരിയ അണുബാധ, അലർജി, മറ്റ് അസ്വസ്ഥതകൾ, വരൾച്ച എന്നിവയും സാധാരണ കാരണങ്ങളാണ്. ബാക്ടീരിയ, വൈറൽ അണുബാധകൾ പകർച്ചവ്യാധിയാണ്. അവ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അല്ലെങ്കിൽ മലിനമായ വസ്തുക്കളിലൂടെയോ വെള്ളത്തിലൂടെയോ വ്യാപിക്കുന്നു.

'വൈറൽ കൺജംഗ്റ്റിവൈറ്റിസി'ന്‍റെ (അഡെനോവൈറൽ കെരട്ടോകൺജംഗ്റ്റിവൈറ്റിസ് ) ഏറ്റവും സാധാരണമായ കാരണം അഡെനോവൈറസുകളാണ്. 'അക്യൂട്ട് ബാക്ടീരിയൽ കൺജംഗ്റ്റിവൈറ്റിസി'ന്‍റെ ഏറ്റവും സാധാരണമായ കാരണങ്ങൾ സ്റ്റഫൈലോകോക്കസ് ഓറിയസ്, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ  എന്നീ ബാക്ടീരിയകളാണ്. 

അലർജിയുടെ ഭാഗമായും ചെങ്കണ്ണ് പിടിപെടാം. പൂമ്പൊടി, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, പൊടി, പുക, പൊടിപടലങ്ങൾ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ തുടങ്ങിയ ധാരാളം കാരണങ്ങൾ അലർജിക് കൺജംഗ്റ്റിവൈറ്റിസിന് കാരണമാകാം. കൺജംഗ്റ്റിവൈറ്റിസിന്‍റെ ഏറ്റവും സാധാരണ കാരണം അലർജി ആണ്. ഇത് ജനസംഖ്യയുടെ 15% മുതൽ 40% വരെ ആളുകളെ ബാധിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.... 

രോഗമുള്ളവർ ആൾക്കൂട്ടങ്ങളിൽനിന്ന് സ്വയം മാറിനിൽക്കുന്നതാണ് നല്ലത്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങൾ സ്പർശിച്ചാൽ രോഗാണുക്കൾ കണ്ണിലെത്താം. രോഗം ബാധിച്ച വ്യക്തികളിൽനിന്ന് അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന തോർത്ത്, കിടക്ക, തലയണ, പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ചീർപ്പ്, മൊബൈൽഫോൺ, മുതലായവ മറ്റുള്ളവർ ഉപയോഗിക്കരുത്. ഇടക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. 

വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.കണ്ണിൽ ഒഴിക്കാനുള്ള മരുന്ന് പരമാവധി രോ​ഗി സ്വയം ഒഴിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ സഹായം തേടിയാൽ അവർക്കും ചിലപ്പോൾ രോ​ഗം ഉണ്ടായേക്കാം. 

ഇനി മറ്റൊരാളുടെ സഹായമില്ലാതെ മരുന്നൊഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ സഹായം സ്വീകരിക്കാം. പക്ഷേ മരുന്ന് ഒഴിക്കുന്ന വ്യക്തി മരുന്ന് ഒഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം. ഇല്ലെങ്കിൽ രോ​ഗം പകരും.കണ്ണ് തിരുമ്മരുത്. രോ​ഗി നന്നായി വിശ്രമിക്കണം.

ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ആരോ​ഗ്യകരമായ ഭക്ഷണം ആയിരിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ ചെങ്കണ്ണ് ഭേദമാകും.

ചെങ്കണ്ണുള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിലെ പീള മൂലം കൺപോളകൾ ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്. അതിനാൽ തന്നെ കണ്ണ് തുറക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകാം. ഇതൊഴിവാക്കാൻ ഒരു വഴിയുണ്ട്. അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോ​ഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കൈകള്‍ നന്നായി സോപ്പിട്ട് കഴുകിയാൽ മതി.

ചികിത്സ...

65% കൺജംഗ്റ്റിവൈറ്റിസ് കേസുകളും ചികിത്സയില്ലാതെ തന്നെ 2-5 ദിവസത്തിനുള്ളിൽ സ്വയം പരിഹരിക്കപ്പെടുന്നതാണ്. എന്നാല്‍ ഇതിനുള്ളില്‍ മാറ്റം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും ചികിത്സ തേടണം. ചെങ്കണ്ണിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയില്‍ ലഭ്യമാണ്. 

ലേഖനം തയ്യാറാക്കിയത് : ഡോ. ലാസിമ സാദിഖ്
ഡോ. ബാസില്‍സ് ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖകാന്തി കൂട്ടാൻ ഇനി തക്കാളി മതിയാകും, ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ