കൊവിഡ് 19ഉം ജീവിതശൈലീ രോഗങ്ങളും...

Web Desk   | others
Published : Oct 29, 2020, 04:38 PM ISTUpdated : Nov 06, 2020, 04:42 PM IST
കൊവിഡ് 19ഉം ജീവിതശൈലീ രോഗങ്ങളും...

Synopsis

ജീവിതശൈലീരോഗങ്ങള്‍ ഉള്ള വ്യക്തികള്‍ കൊവിഡ് കാലത്ത് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലേറ്റവും പ്രധാനം രോഗം വരാതെ ശ്രദ്ധിക്കുക എന്നത് തന്നെയാണ്. മുതിര്‍ന്ന പൗരന്മാരും ജീവിതശൈലീരോഗങ്ങളുള്ളവരും 'High risk category'- യില്‍ ഉള്‍പ്പെടുന്നതിനാല്‍ വീടുകളില്‍ തന്നെ കഴിയേണ്ടതും മറ്റുള്ളവരുമായി സമ്പര്‍ക്കം കഴിവതും  ഒഴിവാക്കേണ്ടതുമാണ്

ആരോഗ്യസൂചികയില്‍ എന്നും വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന കേരളത്തിന്റെ ആരോഗ്യമാതൃക അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ജീവിതശൈലീരോഗങ്ങളുടെ അനിയന്ത്രിതമായ വര്‍ധനവ് സംസ്ഥാനം ഏറെ ആശങ്കയോടെയാണ് കാണുന്നത്. കൊവിഡ് 19 എന്ന മഹാമാരി ലോകത്താകെയും ഭയാശങ്ക പടര്‍ത്തിയപ്പോള്‍ കേരളം ഏറെ ഭയപ്പെട്ടത് ജീവിതശൈലീരോഗങ്ങള്‍ ഏറെയുള്ള സംസ്ഥാനത്തെ ജനവിഭാഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ്. 

അതോടൊപ്പം സംസ്ഥാന ജനസംഖ്യയുടെ 16 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരാണെന്നുള്ള വസ്തുതയും ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതിന്റെ കാരണം വയോജനങ്ങളിലും ജീവിതശൈലീരോഗങ്ങള്‍ പോലെയുള്ള ദീര്‍ഘസ്ഥായി രോഗങ്ങളുള്ളവരിലും പ്രതിരോധശേഷി കുറവായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നതിനും രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനും കാരണമാകും  എന്നതിനാലാണ്.  

ആഗോളതലതലത്തിലുള്ള കൊവിഡ് 19 കണക്കുകള്‍ പരിശോധിച്ചാല്‍ മരണസംഖ്യ കൂടുതലും വയോജനങ്ങളിലും ഹൃദ്രോഗം, പ്രമേഹം, രക്താതിമര്‍ദ്ദം, വൃക്കരോഗം, ക്യാന്‍സര്‍, സിഒപിഡി തുടങ്ങിയ  ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരിലുമാണ് എന്നാണ് കണക്കുകളിലൂടെ സ്പഷ്ടമാക്കുന്നത്. കേരളത്തില്‍ കൊവിഡ് 19 കാരണം മരണമടഞ്ഞവരില്‍ 96% പേരിലും ഒന്നോ അതിലധികമോ ജീവിതശൈലീരോഗങ്ങള്‍ ബാധിച്ചിരിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കുന്നു. 

ഈയൊരു കാരണം കൊണ്ടുതന്നെ ജീവിതശൈലീരോഗങ്ങള്‍ ഉള്ള വ്യക്തികള്‍ കൊവിഡ് കാലത്ത് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലേറ്റവും പ്രധാനം രോഗം വരാതെ ശ്രദ്ധിക്കുക എന്നത് തന്നെയാണ്. മുതിര്‍ന്ന പൗരന്മാരും ജീവിതശൈലീരോഗങ്ങളുള്ളവരും 'High risk category'- യില്‍ ഉള്‍പ്പെടുന്നതിനാല്‍ വീടുകളില്‍ തന്നെ കഴിയേണ്ടതും മറ്റുള്ളവരുമായി സമ്പര്‍ക്കം കഴിവതും  ഒഴിവാക്കേണ്ടതുമാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും മാത്രമായി യാത്ര ചുരുക്കേണ്ടതും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്. 

മാസ്‌ക്കുകള്‍, സാമൂഹിക അകലം, കൈകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ എല്ലാ കൊവിഡ് പ്രതിരോധമാര്‍ഗങ്ങളും ഇവര്‍ കണിശമായി അവലംബിക്കേണ്ടതാണ്. കുടുംബത്തിനുള്ളില്‍ നിന്നുള്ളവരാണെങ്കില്‍ പോലും പുറത്തുനിന്ന് വരുമ്പോള്‍ അടുത്തിടപഴകാനും സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം പുലര്‍ത്താനും പാടില്ലാത്തതുമാണ്. ജീവിതശൈലീരോഗങ്ങളുടെ കൃത്യമായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി   ഈ രോഗികള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കേണ്ടതും അവരത് കഴിച്ചു എന്ന് വീട്ടുകാര്‍ ഉറപ്പാക്കേണ്ടതുമാണ്.  

കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും മറ്റ് പ്രധാന പരിശോധനകളും നടത്തേണ്ടതാണ്. വൃക്കരോഗികള്‍, ഹൃദ്രോഗികള്‍, അര്‍ബുദരോഗികള്‍ എന്നിവര്‍ അവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതും ഡയാലിസിസും കീമോതെറാപ്പിയും പോലെയുള്ള സങ്കീര്‍ണ്ണ ചികിത്സാവിധികള്‍ കൊവിഡ് കാലത്ത് മുടങ്ങാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കൊവിഡ് പോസിറ്റീവായ രോഗികളില്‍ നാലായിരത്തോളം പേര്‍ രക്താതിമര്‍ദ്ദമുള്ളവരും മൂവായിരത്തോളം പേര്‍ പ്രമേഹരോഗികളും മൂന്നൂറോളം പേര്‍ ഹൃദ്രോഗികളും നൂറോളം പേര്‍ ക്യാന്‍സര്‍ രോഗികളും  ഇരുന്നൂറോളം പേര്‍ വൃക്കരോഗികളും നൂറ്റിയമ്പതോളം പേര്‍ പക്ഷാഘാത രോഗികളും ആണെന്നാണ് കണക്കുകള്‍ ജീവിതശൈലീരോഗങ്ങളുടെ വ്യാപ്തി വിളിച്ചറിയിക്കുന്ന ഒന്നാണ്.

സംസ്ഥാന ആരോഗ്യ വകുപ്പ്  ഈ പ്രതിസന്ധി നേരിടുന്നതിലേക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിലേറ്റവും പ്രധാനം ജീവിതശൈലീരോഗങ്ങള്‍ക്കുള്ള  മരുന്നുകള്‍ വോളന്റിയര്‍മാരുടെ സഹായത്തോട് കൂടി ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗജന്യമായി  വിതരണം ചെയ്യുന്നുവെന്നതാണ്. ആശ വോളന്റിയര്‍മാര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ആരോഗ്യവകുപ്പിന്റെ ഫീല്‍ഡ് വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ മരുന്നുകള്‍ വീടുകളില്‍ വിതരണം ചെയ്ത് വരുന്നു. 

അംഗന്‍വാടി പ്രവര്‍ത്തകര്‍ ദിവസേനയുള്ള ഫോണ്‍വിളികളിലൂടെ ഈ ജനവിഭാഗത്തിന്റെ ആവശ്യകതകള്‍ മനസ്സിലാക്കുന്നതിനും അത് നിറവേറ്റുന്നതിനും സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിലെ രോഗികളുടെ ബാഹുല്യം രോഗവ്യാപനത്തിന് സാധ്യത കൂട്ടുന്നതിനാല്‍ സബ്‌സെന്റെര്‍ ക്ലിനിക്കുകള്‍ വഴി മരുന്ന് വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചു വരുന്നു.  

കൊവിഡ് കാലത്തെ ആരോഗ്യപരിപാലനത്തിനായി ആരോഗ്യപരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ IEC BCC മാസ് മീഡിയ വിഭാഗത്തിലൂടെ നല്‍കി വരുന്നു. ഇതിനു പുറമേ റിവേഴ്‌സ് ക്വാറൈന്റീനില്‍ കഴിയുന്നവര്‍ക്കും യാത്രാബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ-സഞ്ജീവനി ശൃംഖല വഴി ഡോക്ടര്‍മാരുമായി ടെലികണ്‍സള്‍ട്ടേഷന്‍ നടത്താനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.

Also Read:- വീട്ടിലിരുന്ന് തന്നെ ഇനി ഡോക്ടറെ കാണാം; 'ഇ-സഞ്ജീവനി'യിലൂടെ....

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം