വായ്‍നാറ്റത്തിന് മൗത്ത് ഫ്രഷ്നര്‍ വേണമെന്നില്ല, ദാ ഇവയൊന്ന് കഴിച്ചാല്‍ മതി...

Published : Feb 16, 2024, 05:37 PM IST
വായ്‍നാറ്റത്തിന് മൗത്ത് ഫ്രഷ്നര്‍ വേണമെന്നില്ല, ദാ ഇവയൊന്ന് കഴിച്ചാല്‍ മതി...

Synopsis

ഏതാനും 'നാച്വറല്‍ മൗത്ത് ഫ്രഷ്നറു'കളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അതായത് നമ്മള്‍ അടുക്കളയില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ചില ചേരുവകള്‍ തന്നെ വായ്‍നാറ്റം താല്‍ക്കാലികമായി പരിഹരിക്കുന്നതിന് എന്ന്.

പല കാരണങ്ങള്‍ കൊണ്ടും വായ്‍നാറ്റം ഉണ്ടാകാം. ഇത് എന്തെങ്കിലും രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ മൂലമോ മരുന്നുകളുടെ ഉപയോഗം മൂലമോ എല്ലാമാണ് വരുന്നതെങ്കില്‍ അതില്‍ തന്നെ പരിഹാരം കാണാതെ നമുക്ക് രക്ഷയില്ല. എന്തായാലും വായ്‍നാറ്റത്തിന്‍റെ പ്രശ്നമുള്ളവര്‍ താല്‍ക്കാലികമായെങ്കിലും അതില്‍ നിന്ന് രക്ഷ നേടാനായി മൗത്ത് ഫ്രഷ്നര്‍ ഉപയോഗിക്കാറുണ്ടല്ലോ. 

ഇങ്ങനെ മൗത്ത് ഫ്രഷ്നര്‍ ഉപയോഗിക്കാനും ഇഷ്ടമില്ലാത്തവരുണ്ട്. ഇവര്‍ക്ക് ഉപയോഗിക്കാവുന്ന ഏതാനും 'നാച്വറല്‍ മൗത്ത് ഫ്രഷ്നറു'കളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അതായത് നമ്മള്‍ അടുക്കളയില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ചില ചേരുവകള്‍ തന്നെ വായ്‍നാറ്റം താല്‍ക്കാലികമായി പരിഹരിക്കുന്നതിന് എന്ന്. ഇവയിലേക്ക്...

ഒന്ന്...

പുതിനയിലയാണ് ഇത്തരത്തില്‍ മൗത്ത് ഫ്രഷ്നറിന് പകരം നാച്വറലി ഉപയോഗിക്കാവുന്ന ഒന്ന്. നല്ല ഫ്രഷ് പുതിനയില മൂന്നാലെണ്ണം എടുത്ത് വായിലിട്ട് ചവച്ചാല്‍ മാത്രം മതി. പ്രത്യേകിച്ച് സമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം ഇത് ചെയ്യുകയാണെങ്കില്‍ വായില്‍ ഭക്ഷണത്തിന്‍റെ ആ രുചിയും ഗന്ധവും നിലനില്‍ക്കില്ല. ഇത് വായ്‍നാറ്റം വരുന്നതും തടയും.

രണ്ട്...

മല്ലിയിലയും ഇത്തരത്തില്‍ വായ്നാറ്റം അകറ്റാൻ വായിലിട്ട് ചവയ്ക്കാവുന്നതാണ്. ഒരു ചെറിയ തണ്ട് ഫ്രഷ് മല്ലിയില തന്നെ ഇതിന് ധാരാളം. ഇതും ഭക്ഷണശേഷം കഴിക്കുന്നതാണ് വായ്നാറ്റമകറ്റാൻ സഹായിക്കുക.

മൂന്ന്...

ചെറുനാരങ്ങാനീരും വായ്നാറ്റമകറ്റാൻ ഉപയോഗിക്കാവുന്നതാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരൊഴിച്ച് കലക്കി അത് വായില്‍ എല്ലായിടത്തും നന്നായി ആകുംവിധം നിറച്ചുവച്ച ശേഷം തുപ്പിക്കളഞ്ഞാല്‍ മതിയാകും. ഇതും വായ്ക്കകം ഫ്രഷ് ആക്കാനും വായ്നാറ്റമകറ്റാനും സഹായിക്കും.

നാല്...

ഭക്ഷണശേഷം ഓറഞ്ച് കഴിക്കുന്നതും വായ്നാറ്റം അകറ്റാൻ ഒരുപാട് സഹായിക്കും. ദീര്‍ഘദൂര യാത്രകളിലോ മറ്റോ വായ ഫ്രഷ് ആക്കി വയ്ക്കുന്നതിനും ഓറഞ്ച് ഏറെ ഉപകാരപ്രദമാണ്. 

അഞ്ച്...

സ്പൈസുകളും ഇത്തരത്തില്‍ നമുക്ക് വായ്നാറ്റം അകറ്റുന്നതിനായി ഉപയോഗിക്കാവുന്നതാണ്. കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ജീരകം എന്നിവയെല്ലാം ഇത്തരത്തില്‍ ഉപയോഗിക്കാം. ഇവയെല്ലാം ചെറിയ പാത്രങ്ങളിലാക്കി കൈവശം സൂക്ഷിക്കാനും നമുക്ക് എളുപ്പമായിരിക്കും. 

ആറ്...

ചിലയിനം പച്ചക്കറികളും വായ്നാറ്റം അകറ്റാൻ സഹായിക്കും. ക്യാരറ്റും സെലറിയുമെല്ലാം അത്തരത്തിലുള്ള പച്ചക്കറികളാണ്. ഇവ സത്യത്തില്‍ നാച്വറല്‍ ആയ ടൂച്ച്ബ്രഷുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ കെട്ടിക്കിടക്കുന്നതും പ്ലാക്ക് അടിയുന്നതുമെല്ലാം തടയാൻ ഇങ്ങനെയുള്ള 'ക്രഞ്ചി വെജിറ്റബിള്‍സ്' സഹായിക്കുന്നു. 

Also Read:- മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ