ക്രമേണ മോണരോഗം നമ്മളെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കും. ഇതും വലിയ വെല്ലുവിളി തന്നെ. 

മോണരോഗത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന രോഗാവസ്ഥ തന്നെയാണ്. എന്നുമാത്രമല്ല ക്രമേണ മോണരോഗം നമ്മളെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കും. ഇതും വലിയ വെല്ലുവിളി തന്നെ. 

കീഴ്ത്താടിയെല്ല് ബാധിക്കപ്പെടുന്ന അവസ്ഥ, പല്ലിളകിപ്പോരുക, അണുബാധകള്‍, ക്യാൻസര്‍ എന്നിങ്ങനെ ചെറുതും വലുതുമായിട്ടുള്ള രോഗങ്ങളിലേക്കുള്ള സാധ്യതകള്‍ മോണ രോഗം തുറന്നിടാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മോണരോഗത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ മോണരോഗം ചെറുക്കുന്നതിനും മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചെയ്യാവുന്ന ചിലതാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

പല്ലിന്‍റെ ആരോഗ്യത്തിന് മാത്രമല്ല ബ്രഷിംഗ് സഹായിക്കുന്നത്. മോണയുടെ ആരോഗ്യത്തിനും ഇത് വേണ്ടതാണ്. ദിവസത്തില്‍ രണ്ട് തവണയെങ്കിലും ബ്രഷ് ചെയ്യുന്നത് മോണയുടെ ആരോഗ്യത്തിന് നിര്‍ബന്ധമാണ്. സോഫ്റ്റ് ആയിട്ടുള്ള ബ്രഷ് കൊണ്ട് വളരെ സോഫ്റ്റ് ആയിത്തന്നെയേ ബ്രഷ് ചെയ്യാൻ പാടുള്ളൂ. അതല്ലെങ്കില്‍ മോണയ്ക്ക് നന്നല്ല. 

രണ്ട്...

ബ്രഷിംഗിനൊപ്പം തന്നെ ഫ്ളോസിംഗും പതിവായി ചെയ്യേണ്ടത് പല്ലുകളുടെയും മോണയുടെയുമെല്ലാം ആരോഗ്യത്തിന് അനിവാര്യമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും മറ്റും അടിഞ്ഞ് രോഗകാരികളായ ബാക്ടീരിയകള്‍ പെരുകുന്നത് തടയാനാണ് ഫ്ളോസിംഗ് ചെയ്യുന്നത്. 

മൂന്ന്...

പലരും ചെയ്യാത്തൊരു കാര്യമാണ് മൗത്ത്‍വാഷിന്‍റെ ഉപയോഗം. മൗത്ത്‍വാഷ് പതിവായി ഉപയോഗിക്കുന്നതും മോണരോഗത്തെ ചെറുക്കാൻ സഹായിക്കും. ഇതും രോഗകാരികളായ ബാക്ടീരിയകളുടെ വളര്‍ച്ചയെ ആണ് തടയുന്നത്. 

നാല്...

ബാലൻസ്ഡ് ആയ ഭക്ഷണരീതിയും മോണയുടെ ആരോഗ്യത്തിന് ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും പൊടിക്കാത്ത ധാന്യങ്ങളും ലീൻ പ്രോട്ടീനും അടങ്ങുന്ന നല്ലൊരു ഭക്ഷണരീതി തന്നെ പിന്തുടരാൻ ശ്രമിക്കണം. മധുരം കുറയ്ക്കുന്നത് ഏറെ നല്ലത്. പ്രോസസ്ഡ് ഫുഡ്സും മിതമാക്കുന്നതാണ് നല്ലത്. വെള്ളം കുടിക്കുന്ന കാര്യവും ഇതിനോടൊപ്പം ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് മോണയ്ക്കും നല്ലതല്ല.

അഞ്ച്...

പുകവലിക്കുന്നവരില്‍ മോണരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നതിനാല്‍ പുകവലി ഉപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.

ആറ്..

പല്ല് കടിക്കുന്ന ശീലം ചിലരിലുണ്ടാകും. ഇത് ഉറക്കത്തില്‍ അറിയാതെ ചെയ്യുന്നതും ആകാം. എന്തായാലും ഈ ശീലവും മോണയുടെ ആരോഗ്യത്തെ ബാധിക്കാം.

Also Read:- അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo