കൊവിഡ് മൂന്നാം തരംഗഭീഷണിക്കിടെ 'ഡെല്‍റ്റ പ്ലസ്' വകഭേദം ആശങ്കയാകുന്നു

Web Desk   | others
Published : Jun 27, 2021, 11:30 PM IST
കൊവിഡ് മൂന്നാം തരംഗഭീഷണിക്കിടെ 'ഡെല്‍റ്റ പ്ലസ്' വകഭേദം ആശങ്കയാകുന്നു

Synopsis

മൂന്നാം തരംഗഭീഷണിക്കിടെ 'ഡെല്‍റ്റ പ്ലസ്' കേസുകള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നു എന്നത് ആശങ്കകള്‍ കനപ്പിക്കുക തന്നെയാണ്. കേരളത്തിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സാമ്പിളുകള്‍ ലഭിക്കുന്നതിലെ പ്രതിസന്ധി മൂലം ഇതെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നുമില്ല

കൊവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗഭീഷണിയിലാണ് രാജ്യം. ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസായ 'ഡെല്‍റ്റ പ്ലസ്' വലിയ തോതിലുള്ള ആശങ്കകളാണ് സൃഷ്ടിക്കുന്നത്. രണ്ടാം തരംഗം ഇത്രമാത്രം രൂക്ഷമാകാന്‍ കാരണമായ 'ഡെല്‍റ്റ' വകഭേദത്തില്‍ നിന്ന് വീണ്ടും പരിവര്‍ത്തനപ്പെട്ട വകഭേദമാണ് 'ഡെല്‍റ്റ പ്ലസ്'. 

ഇന്ത്യയിലാണ് ആദ്യമായി 'ഡെല്‍റ്റ' വകഭേദം കണ്ടെത്തപ്പെട്ടത്. ആദ്യഘട്ടത്തിലുണ്ടായിരുന്ന കൊറോണ വൈറസിനെക്കാള്‍ രോഗവ്യാപനം കൂട്ടുന്നതായിരുന്നു 'ഡെല്‍റ്റ' വകഭേദം. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തി എന്നതിനാല്‍ തന്നെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയും കൊവിഡ് മരണനിരക്ക് ഉയരുകയും ചെയ്തിരുന്നു. 

'ഡെല്‍റ്റ' വകഭേദത്തെ അപേക്ഷിച്ച് 60 ശതമാനത്തോളം രോഗവ്യാപന സാധ്യത 'ഡെല്‍റ്റ പ്ലസ്' വകഭേദത്തില്‍ കൂടുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ ശ്വാസകോശത്തിലേക്ക് വളരെ എളുപ്പത്തില്‍ കടന്നുകൂടാനുള്ള ഈ വൈറസിന്റെ കഴിവും ആശങ്കകള്‍ കനപ്പിക്കുകയാണ്. 

'ഡെല്‍റ്റ' സൃഷ്ടിച്ച രൂക്ഷമായ രോഗവ്യാപനം തന്നെ താങ്ങാന്‍ നമുക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇതിനെക്കാള്‍ ശക്തമായ 'ഡെല്‍റ്റ പ്ലസ്' കേസുകള്‍ കൂടിവരുന്നത് തീര്‍ച്ചയായും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനോടകം തന്നെ രാജ്യത്ത് 12 സംസ്ഥാനങ്ങളിലും 'ഡെല്‍റ്റ പ്ലസ്' കേസുകള്‍ സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകളുള്ളത്. 

 

 

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് ഉപയോഗം, ആള്‍ക്കൂട്ടം ഒഴിവാക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളിലും കാര്യമായ പാകപ്പിഴകള്‍ വരുന്നുണ്ട്. ഇത് 'ഡെല്‍റ്റ പ്ലസ്' വകഭേദം എളുപ്പത്തില്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്നാണ് കണക്കുകൂട്ടല്‍. 

ഇന്ത്യന്‍ വകഭേദമായ 'ഡെല്‍റ്റ' വൈറസിന്റെ സാന്നിധ്യം ഇതുവരെ 85 രാജ്യങ്ങളില്‍ സ്ഥീരീകരിച്ചിട്ടുണ്ട്. യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം നിലവില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇതിനിടെയാണ് 'ഡെല്‍റ്റ പ്ലസ്' വകഭേദത്തിന്റെ വരവ്. 

'ഡെല്‍റ്റ'യില്‍ നിന്ന് വ്യതിയാനം സംഭവിച്ച രണ്ട് വകഭേദങ്ങള്‍ നിലവില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) മുന്‍ ശാസ്ത്രജ്ഞനായ ഡോ. രാമന്‍ ആര്‍ ഗംഗാഖേദ്കര്‍ പറയുന്നത്. നേരത്തെയുണ്ടായിരുന്ന വകഭേദങ്ങളെ അപേക്ഷിച്ച് ശരീരകോശങ്ങളിലേക്ക് എളുപ്പം കടന്നുചെല്ലാനും കൂടുതല്‍ പേരിലേക്ക് കുറഞ്ഞ സമയം കൊണ്ട് രോഗമെത്തിക്കാനും ഇവയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

 

 

'ഡെല്‍റ്റ പ്ലസ്' വകഭേദം പ്രത്യേകിച്ച് പുതിയ ലക്ഷണങ്ങളൊന്നും രോഗികളില്‍ സൃഷ്ടിക്കുന്നില്ലെന്നും വിദഗ്ധര്‍ അറിയിക്കുന്നുണ്ട്. എങ്കിലും ഇതില്‍ ചില ലക്ഷണങ്ങള്‍ കുറെക്കൂടി പ്രകടമായിരിക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ചുമ, പനി, തലവേദന, ചര്‍മ്മത്തില്‍ പാടുകളും നിറവ്യത്യാസങ്ങളും, വയറിളക്കം, നെഞ്ചുവേദന, വിരലുകളില്‍ നിറംമാറ്റം, സ്വാസതടസം എന്നിവയാണ് ഈ ലക്ഷണങ്ങള്‍. 

ചില റിപ്പോര്‍ട്ടുകളില്‍ വയറുവേദനയും ഓക്കാനവും വിശപ്പില്ലായ്മയും 'ഡെല്‍റ്റ പ്ലസ്' വകഭേദത്തില്‍ ലക്ഷണമായി വരുന്നുണ്ടെന്നും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും മൂന്നാം തരംഗഭീഷണിക്കിടെ 'ഡെല്‍റ്റ പ്ലസ്' കേസുകള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നു എന്നത് ആശങ്കകള്‍ കനപ്പിക്കുക തന്നെയാണ്. കേരളത്തിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സാമ്പിളുകള്‍ ലഭിക്കുന്നതിലെ പ്രതിസന്ധി മൂലം ഇതെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നുമില്ല. രണ്ടാം തരംഗം പൂര്‍ണ്ണമായി അടങ്ങുന്നതിന് മുമ്പ് തന്നെ കൊവിഡ് കേസുകള്‍ വീണ്ടും കൂടിവരുന്ന സാഹചര്യമുണ്ടായാല്‍ അത് തീര്‍ച്ചയായും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Also Read:- കൊവിഡ് 19; 'ഡെല്‍റ്റ' വകഭേദത്തിനെതിരെ ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സിനുകള്‍ ഫലപ്രദമെന്ന് പഠനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ