
കായികവിനോദങ്ങളോ കലാപരിശീലനങ്ങളോ ആകട്ടെ അവ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കാറുണ്ട്. ശരീരത്തിന് നല്ലതാണെന്ന് പറയുമ്പോള്‍ ഏവര്‍ക്കും മനസിലാകും. എന്നാല്‍ മനസിനെ ഇവയെല്ലാം എങ്ങനെ സ്വാധീനിക്കുമെന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം വരിക.
സംശയിക്കേണ്ട, കായികവിനോദങ്ങളും കലാപരിശീലനങ്ങളുമെല്ലാം മാനസികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. ഇത്തരത്തില്‍ നൃത്തം ചെയ്യുന്നത് എങ്ങനെയെല്ലാം നമ്മുടെ മാനസികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പ്രധാനമായും മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അകറ്റുന്നതിനാണ് ഡാൻസിംഗ് നമ്മെ സഹായിക്കുക. ഇതോടെ തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള സാധ്യതയും കുറയുന്നു. ഒപ്പം മനസ് 'റിലാക്സ്ഡ്' ആവുകയും സന്തോഷവും സംതൃപ്തിയുമെല്ലാം അനുഭവപ്പെടുകയും ചെയ്യുന്നു.
മുൻകോപം, ഉറക്കമില്ലായ്മ, ഉത്കണ്ഠ പോലുള്ള പ്രയാസങ്ങള്‍ എല്ലാം ഇതിലൂടെ വളരെയധികം കുറയ്ക്കാൻ സാധിക്കും. തലച്ചോര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് മൂലം ചിന്തകളിലും തീരുമാനങ്ങളിലും വ്യക്തത, ഓര്‍മ്മശക്തി, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള മിടുക്ക് എല്ലാം ഏറുന്നു. ഇതെല്ലാം വ്യക്തിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഉപകരിക്കുന്ന കാര്യങ്ങളാണ്.
ദിവസവും നൃത്തപരിശീലനം നടത്തുന്നവരെ സംബന്ധിച്ച് അവരുടെ ശരീരം ഫിറ്റ് ആയിരിക്കും. ഇതുണ്ടാക്കുന്ന ആത്മവിശ്വാസം ഒന്ന് വേറെ തന്നെയാണ്. ദിവസവും വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ കാണുന്ന അതേ ആത്മവിശ്വാസം തന്നെയാണ് ഇതും. കലാപരിശീലനങ്ങളിലൂടെ ഫിറ്റ്നസ് നേടുന്നവര്‍ക്ക് മനസും ശരീരവും തമ്മിലുള്ള അകലം കുറയ്ക്കാനും കുറെക്കൂടി 'ഈസി'യാകാനും സാധിക്കും. ഇതും വ്യക്തിയുടെ ജീവിതനിലവാരം ഉയര്‍ത്തും.
വൈകാരികാവസ്ഥകളെ വേണ്ടവിധം നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതിരിക്കുന്നത് പലരുടെയും പരാജയമാണ്. എന്നാല്‍ നൃത്തപരിശീലനം പതിവായി ചെയ്യുന്നവരില്‍ വൈകാരികമായ അടക്കവും കാണുന്നു. സര്‍വോപരി സന്തോഷവും ആസ്വാദനവും ഉണ്ടായിരിക്കുക എന്നതുതന്നെ മനസിന് വലിയ മരുന്നാണ്. ഒരുപക്ഷേ വ്യായാമത്തിലൂടെ നമുക്ക് ശരിയാംവിധം നേടിയെടുക്കാൻ കഴിയാത്തതും ഈ മാനസിക സ്വാസ്ഥ്യം തന്നെയെന്ന് പറയാം.
ഇത്രയധികം ഗുണങ്ങളുള്ളതുകൊണ്ട് തന്നെ വ്യായാമത്തിനോ കായികവിനോദങ്ങള്‍ക്കോ പകരം നൃത്ത പരിശീലനം പതിവാക്കുന്ന എത്രയോ പേരുണ്ട്. അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള നൃത്തരീതി ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്.
Also Read:- ഡിപ്രഷനും മുടി കൊഴിച്ചില്‍ എപ്പോഴും തളര്‍ച്ചയും; കാരണം ഇതാകാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-