ക്ഷീണം, കാഴ്ച മങ്ങുന്നത്; തിരിച്ചറിയാതെ പോകരുത് ഈ രോഗം...

By Web TeamFirst Published Jan 27, 2020, 9:36 PM IST
Highlights

രക്തസമ്മര്‍ദ്ദം കൂടുന്നതിന് അനുസരിച്ച്, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയുണ്ടാകും. അധികമായി വരുന്ന ഷുഗര്‍ കളയാന്‍ വേണ്ടി വൃക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതോടെ ദാഹവും വര്‍ധിക്കുന്നു. അഥവാ ആവശ്യത്തിന് വെള്ളം കുടിച്ചില്ല എന്നാണെങ്കില്‍ ഈ അവസ്ഥയില്‍ നിര്‍ജലീകരണവും സംഭവിക്കാം

നമ്മെ ബാധിക്കുന്ന ഏത് തരം രോഗവുമാകട്ടെ, അത് സമയബന്ധിതമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചികിത്സ വൈകും തോറും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉയര്‍ന്നുവന്നേക്കാം. 

അത്തരത്തില്‍, തിരിച്ചറിയപ്പെടാതെ പോയാല്‍ ജീവന്‍ തന്നെ അപായപ്പെട്ടേക്കാവുന്ന ഒന്നാണ് പ്രമേഹം. കേള്‍ക്കുമ്പോള്‍ സര്‍വസാധാരണമായി തോന്നിയാലും പ്രമേഹം അത്ര നിസാരക്കാരനല്ല. പ്രമേഹത്തെ തുടര്‍ന്ന്, രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വ്യതിയാനം മൂലം ഹൃദയാരോഗ്യം വരെ പണയത്തിലാകുന്ന സാഹചര്യമുണ്ടായേക്കാം. 

പ്രമേഹം തിരിച്ചറിയാതെ, വീണ്ടും സാധാരണഗതിയിലുള്ള ജീവിതശൈലികളുമായി മുന്നോട്ട് പോകുന്നത് പലപ്പോഴും വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കോ അസുഖങ്ങളിലേക്കോ നയിച്ചേക്കാം. ഇവിടെ, ടൈപ്പ്-2 പ്രമേഹത്തിന്റെ ചില ലക്ഷണങ്ങളാണ് സൂചിപ്പിക്കുന്നത്. 

 

 

ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടാത്തതാണ് ടൈപ്പ്-1 പ്രമേഹത്തിലെങ്കില്‍, ശരീരത്തിന് അതിന് വേണ്ട രീതിയില്‍ ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമാണ് ടൈപ്പ്-2 പ്രമേഹത്തിലുണ്ടാകുന്നത്. ഇനി, ഇതിന്റെ അഞ്ച് ലക്ഷണങ്ങള്‍ ഏതെല്ലാമാണ് എന്ന് നോക്കാം. 

ഒന്ന്...

രക്തസമ്മര്‍ദ്ദം കൂടുന്നതിന് അനുസരിച്ച്, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയുണ്ടാകും. അധികമായി വരുന്ന ഷുഗര്‍ കളയാന്‍ വേണ്ടി വൃക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതോടെ ദാഹവും വര്‍ധിക്കുന്നു. അഥവാ ആവശ്യത്തിന് വെള്ളം കുടിച്ചില്ല എന്നാണെങ്കില്‍ ഈ അവസ്ഥയില്‍ നിര്‍ജലീകരണവും സംഭവിക്കാം.

രണ്ട്...

ശരീരത്തില്‍ അധികമായിരിക്കുന്ന ഷുഗര്‍ കണ്ണിലെ രക്തക്കുഴലുകളെ നശിപ്പിക്കാനിടയുണ്ട്. അതിനാല്‍ കാഴ്ച ഭാഗികമായി മങ്ങുന്നതും ടൈപ്പ്-2 പ്രമേഹത്തിന്റെ ഒരു ലക്ഷണമാണ്. സമയത്തിന് ചികിത്സ ചെയ്തില്ലെങ്കില്‍ പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെടാനും ഇത് ഇടയാക്കും. 

മൂന്ന്...

എപ്പോഴും ക്ഷീണമനുഭവപ്പെടുന്നതും ഒരുപക്ഷേ ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണമാകാം. 

 


നിത്യജീവിതത്തില്‍ സാധാരണ ചെയ്യാറുള്ള ജോലികളും പ്രവര്‍ത്തികളുമൊന്നും ചെയ്യാനാകാത്ത വിധം ക്ഷീണം തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുക. ഇത് പ്രമേഹത്തിന്റെ തുടക്കമാണോ, അല്ലയോ എന്ന് തീര്‍ച്ചപ്പെടുത്താമല്ലോ. 

നാല്...

ചര്‍മ്മത്തിലുണ്ടാകുന്ന ചില വ്യതിയാനങ്ങളിലൂടെയും ടൈപ്പ്-2 പ്രമേഹത്തെ തിരിച്ചറിയാം. ഇരുണ്ട പാടുകള്‍ ചര്‍മ്മത്തില്‍, പ്രത്യേകിച്ച് കഴുത്തിലോ കക്ഷത്തിലോ കാണുകയാണെങ്കില്‍ ഒന്ന് കരുതുക. ഒരുപക്ഷേ ഇത് ടൈപ്പ്-2 പ്രമേഹത്തിന്റെ തുടക്കമാകാം. 

അഞ്ച്...

ശരീരത്തിലെവിടെയെങ്കിലും മുറിവുണ്ടായാല്‍ അത് ഉണങ്ങാന്‍ കാലതാമസം ഉണ്ടാകുന്നുണ്ടോ? എങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതും ടൈപ്പ്-2 പ്രമേഹത്തിന്റെ ഒരു ലക്ഷണമാണ്. ഈ അഞ്ച് ലക്ഷണങ്ങളും ടൈപ്പ്-2 പ്രമേഹരോഗികളില്‍ കാണുന്നത് തന്നെയാണ്. എന്നാല്‍ എല്ലായ്‌പോഴും ഇത്തരത്തിലുള്ള വിഷമതകള്‍ ഒരേ രോഗത്തിന്റെ ഭാഗമായിത്തന്നെ വരുന്നത് ആകണമെന്നില്ല. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ ഒരു ഡോക്ടറുടെ സഹായം തേടുക. ശേഷം മാത്രം രോഗം നിര്‍ണ്ണയിക്കാം.

click me!