Latest Videos

മുഖക്കുരുവിന്റെ സ്ഥാനം നോക്കി പ്രശ്‌നം കണ്ടെത്താം; ചില ടിപ്‌സും...

By Web TeamFirst Published Nov 16, 2020, 9:13 PM IST
Highlights

പ്രകൃതിദത്തമായ എന്തും ഏതും മുഖസൗന്ദര്യത്തിന് ഉപയോഗിക്കാമെന്ന് കരുതരുത്. നമ്മള്‍ കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് പോലെ തന്നെ മുഖത്ത് പരീക്ഷിക്കുന്ന സാധനങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്

ജീവിതത്തിലൊരിക്കലെങ്കിലും മുഖക്കുരു മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാത്തവരുണ്ടാകില്ല. പല പ്രായത്തിലുള്ളവരിലും മുഖക്കുരു ഉണ്ടാകാറുണ്ട്. ഇതില്‍ ഓരോ പ്രായത്തിലും വരുന്ന മുഖക്കുരു ഓരോ തരത്തിലുള്ളവയാണ്. 

കൗമാര കാലത്താണെങ്കില്‍ അധികവും ഡയറ്റുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലമാകം മുഖക്കുരുവുണ്ടാകുന്നത്. യൗവനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണെങ്കില്‍ തീര്‍ച്ചയായും അത് ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. ഇതിന് ശേഷമുള്ള ഘട്ടങ്ങളിലും മുഖക്കുരു വരാം. ഇത് മാനസിക സമ്മര്‍ദ്ദം (സ്‌ട്രെസ്) മദ്യപാനം, ഉറക്കമില്ലായ്മ തുടങ്ങിയ ജീവിതശൈലികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയാണ്. 

ഇനി, മുഖക്കുരുവിന്റെ സ്ഥാനം നോക്കി അവയുടെ കാരണങ്ങള്‍ കണ്ടെത്തിയാലോ? 

ചിലരില്‍ നെറ്റിയിലാണ് അധികം മുഖക്കുരുവും കാണപ്പെടാറ്. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നതാണ്. ഇനി മൂക്കിന് മുകളിലാണ് കുരുവെങ്കിലോ! അത് ഹൃദ്രോഗങ്ങളുടെ സൂചനയാകാമത്രേ. താടിയില്‍ മുകക്കുരുവുണ്ടാകുന്നതാണെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. കവിളിലാണെങ്കില്‍ അത് ആമാശയ- ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നുവത്രേ. 

 

 

എല്ലായ്‌പോഴും മുഖക്കുരുവിന് കാരണങ്ങള്‍ ഇത്തരത്തിലെല്ലാം തന്നെ ആകണമെന്നില്ല. എങ്കില്‍ക്കൂടിയും ഈ സാധ്യതകളും ഉള്‍പ്പെടുന്നതായി അറിയാമെന്ന് മാത്രം. 

ഇനി മുഖക്കുരുവിനെ ഫലപ്രദമായി നേരിടാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം. 

പ്രകൃതിദത്തമായ എന്തും ഏതും മുഖസൗന്ദര്യത്തിന് ഉപയോഗിക്കാമെന്ന് കരുതരുത്. നമ്മള്‍ കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് പോലെ തന്നെ മുഖത്ത് പരീക്ഷിക്കുന്ന സാധനങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്. പുതിനയില- മല്ലിയില അരച്ചത് തേക്കുന്നത്, ആര്യവേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത്, നീം ഓയില്‍ തേക്കുന്നത് എന്നിവയെല്ലാം ചില ഫലപ്രദമായ 'ഹെര്‍ബല്‍' പരീക്ഷണങ്ങള്‍ തന്നെയാണ്. 

പപ്പായ ഫേസ്പാക്ക് ഉപയോഗിക്കുന്നതും മുഖക്കുരുവിനെ ചെറുക്കാന്‍ നല്ലതാണ്. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് 'സിങ്ക്' അടങ്ങിയ ഭക്ഷണം കഴിക്കാം. മത്തന്‍ കുരു, ബീന്‍സ്, ബദാം എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. 

 

 

ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മുഖക്കുരുവും തമ്മിലുള്ള ബന്ധവും മനസിലാക്കിയിരിക്കണം. പരമാവധി മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക. അതുപോലെ മലബന്ധം ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക. പ്രോസസ്ഡ് ഭക്ഷണം, ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷം, ധാരാളം കൃത്രിമ മധുരം എന്നിവയെല്ലാം പരമാവധി വേണ്ടെന്ന് വയ്ക്കുക. ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ് മുഖക്കുരുവിനെ ചെറുക്കാന്‍ ആദ്യം അവലംബിക്കേണ്ടത് എന്ന് തിരിച്ചറിയുക.

Also Read:- മുഖക്കുരു അകറ്റാൻ ആദ്യം ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ; ഡോക്ടർ പറയുന്നു...

click me!