
ക്യാൻസര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താൻ സാധിച്ചാല്‍ അതിന് ഫലപ്രദമായ ചികിത്സയെടുക്കാൻ സാധിക്കും. എന്നാല്‍ പലപ്പോഴും ക്യാൻസറില്‍ വലിയ തിരിച്ചടിയാകുന്നത് വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നു എന്നതാണ്.
രോഗലക്ഷണങ്ങള്‍ ശരീരത്തില്‍ നേരത്തെ തന്നെ പ്രകടമായിട്ടും, പലരും ഇതെല്ലാം നിസാരവത്കരിച്ച് മുന്നോട്ട് പോകും. ഈയൊരു അശ്രദ്ധയാകാം രോഗം വൈകി കണ്ടെത്തുന്നതിലേക്ക് നയിക്കുന്നത്.
ക്യാൻസര്‍, ബാധിക്കുന്ന അവയവത്തിനോ ഭാഗത്തിനോ അനുസരിച്ച് ഇതിന്‍റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായി കാണാം. രോഗത്തിന്‍റെ തീവ്രതയ്ക്കും സ്വഭാവത്തിനും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ഇത്തരത്തില്‍ മൂത്രാശയത്തെ ബാധിക്കുന്ന ക്യാൻസറിന്‍റെ ലക്ഷണങ്ങളെയും ചികിത്സയെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ലക്ഷണങ്ങള്‍...
മൂത്രാശയ ക്യാൻസര്‍ ലക്ഷണങ്ങള്‍ തന്നെ ഒരാളില്‍ നിന്ന് മറ്റൊരാളിലേത് വ്യത്യാസപ്പെട്ട് കാണിക്കാം. മൂത്രത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം കാണാമെന്നതാണ് മൂത്രാശയ ക്യാൻസറിലെ ഒരു പ്രധാന ലക്ഷണം. ഇടവിട്ടുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ വേദനയും എരിച്ചിലും അനുഭവപ്പെടുക, മൂത്രാശയത്തില്‍ മൂത്രം വന്ന് നിറഞ്ഞിട്ടില്ലെങ്കിലും മൂത്രമൊഴിച്ച് കഴിഞ്ഞതാണെങ്കിലും പിന്നെയും പോകാനുണ്ടോ എന്ന് തോന്നിക്കൊണ്ടേ ഇരിക്കുക, രാത്രിയില്‍ ഇടയ്ക്ക് ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മൂത്രമൊഴിക്കുന്ന പതിവില്ലാത്തവരും മൂത്രമൊഴിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ശ്രദ്ധിക്കണം.
മൂത്രാശയത്തില്‍ നിന്ന് ക്യാൻസര്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥ എത്തിയാല്‍ ലക്ഷണങ്ങളില്‍ വീണ്ടും വ്യത്യാസം കാണാം. മൂത്രമൊഴിക്കാനേ കഴിയാത്തത്ര പ്രയാസം, നടുവേദന (ഒരു വശത്ത് മാത്രമാകാം), അടിവയറ്റില്‍ വേദന, എല്ലില്‍ വേദന, ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, അസാധ്യമായ തളര്‍ച്ച, കാല്‍പാദങ്ങളില്‍ നീര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം.
ചികിത്സ...
ആദ്യമേ സൂചിപ്പിച്ചത് പോലെ രോഗത്തിന്‍റെ തീവ്രത അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. മൂത്രാശയ ക്യാൻസറിലാകുമ്പോഴും മറ്റ് പല ക്യാൻസറുകളിലുമെന്ന പോലെ വിവിധ തെറാപ്പികള്‍, കീമോ, സര്‍ജറി എന്നിങ്ങനെയുള്ള ഓപ്ഷൻസ് തന്നെയാണുള്ളത്. ഏത് സ്റ്റേജിലാണ് രോഗം കണ്ടെത്തയത് എന്നതാണ് ഇവിടെ പ്രധാനമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-