എച്ച്‌ഐവി ഇന്‍ഫെക്ഷന് ലക്ഷണങ്ങളുണ്ടോ? അറിയേണ്ട ചിലത്...

By Web TeamFirst Published Dec 1, 2020, 6:14 PM IST
Highlights

പ്രധാനമായും ലൈംഗിക സുരക്ഷ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് പുറമെ രക്തം മാറ്റിവയ്ക്കല്‍ പോലുള്ള സംഗതികളിലും സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അണുബാധയുള്ള ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗമെത്താതരിക്കാന്‍ പ്രത്യേകം എടുക്കേണ്ട മുന്‍കരുതലുകളുണ്ട്. ഇവയെല്ലാം കൃത്യമായി പിന്തുടരുക

ഇന്ന് ലോക എയ്ഡ്‌സ് ദിനമാണ്. എയ്ഡ്‌സിനെതിരായ ബോധവത്കരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും, എയ്ഡിനെ കുറിച്ച് പൊതുജനത്തിനിടയില്‍ അവബോധം സൃഷ്ടിക്കാനുമാണ് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചുപോരുന്നത്. 

വ്യക്തിയുടെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയാണ് എയ്ഡ്‌സ്. പല തരത്തിലുള്ള അസുഖങ്ങളെ ചെറുക്കാന്‍  സഹായിക്കുന്ന കോശങ്ങളെ 'ഹ്യൂമണ്‍ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി വൈറസ്' (എച്ച്‌ഐവി) കടന്നാക്രമിക്കുന്നു. 

ഇതോടെ അസുഖങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശരീരത്തിന്റെ ശേഷി കുറഞ്ഞുവരുന്നു. എന്നാല്‍ എച്ച്‌ഐവി പോസിറ്റീവായ ഒരാളെ എയ്ഡ്‌സ് രോഗിയായി കണക്കാക്കാന്‍ കഴിയില്ല. എച്ച്‌ഐവി പോസിറ്റീവ് ആയ ശേഷം ആ അവസ്ഥ മെഡിക്കലി കൈകാര്യം ചെയ്യപ്പെടാതെ ഇരുന്നാല്‍ ഇത് ക്രമേണ 'അക്വേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം' (എയ്ഡ്‌സ്) ആയി മാറുകയാണ് ചെയ്യുന്നത്. 

 

 

അതിനാല്‍ത്തന്നെ എച്ച്‌ഐവി പോസിറ്റീവായ വ്യക്തിയെ എയ്ഡ്‌സ് രോഗിയായ പട്ടികപ്പെടുത്തല്‍ സാധ്യമല്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് എച്ച്‌ഐവി പോസിറ്റീവായവര്‍ക്കുള്ള ചികിത്സ സാമ്പത്തികമായി കുറെക്കൂടി ഉള്‍ക്കൊള്ളാവുന്ന സാഹചര്യം ഇന്നുണ്ട്. ഇതിനായി സര്‍ക്കാര്‍ കേന്ദ്രങ്ങളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ മാര്‍ഗങ്ങളുപയോഗിച്ച് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സാഹചര്യങ്ങളും ഇന്ന് കൂടുതലാണ്. 

എച്ച്‌ഐവി പോസിറ്റീവായ വ്യക്തിയില്‍ കാണുന്ന ലക്ഷണങ്ങള്‍...

എച്ച്‌ഐവി പോസിറ്റീവായ വ്യക്തിയില്‍ അതിനെ സൂചിപ്പിക്കാന്‍ പ്രത്യേകമായ ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ല. എന്നാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതിന്റെ ലക്ഷണങ്ങളായി പ്രകടമാകാം. 

ഇടയ്ക്കിടെ പനി വരുന്നത്, വിശപ്പില്ലായ്മ, വണ്ണം കുറയുന്നത്, തലവേദന, അമിതമായ ക്ഷീണം, കുളിര്, പേശീവേദന, ലിംഫ് നോഡുകള്‍ വീര്‍ത്തുവരിക, ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക- എന്നിവയെല്ലാം എച്ച്‌ഐവി പോസിറ്റീവായ ഒരാളില്‍ കാണാവുന്ന ലക്ഷണങ്ങളാണ്. 

 

 

അതുപോലെ ബാക്ടീരിയല്‍- ഫംഗല്‍ അണുബാധ, ഇതിനെ തുടര്‍ന്നുണ്ടാകുന്ന ചുമ, ശ്വാസതടസം, വയറിളക്കം, ജനനേന്ദ്രിയത്തിലോ സമീപസ്ഥലങ്ങളിലോ മുറിവുകള്‍, ഇടവിട്ട് വായില്‍ പുണ്ണ് എന്നിവയും ചിലരില്‍ ലക്ഷണങ്ങളായി വരാറുണ്ട്. 

എച്ച്‌ഐവിയില്‍ തന്നെ 'സിഎന്‍എസ് ഇന്‍ഫെക്ഷന്‍' ഉള്ളവരിലാണെങ്കില്‍ മെനിഞ്ചൈറ്റിസ് പോലുള്ള അല്‍പം കൂടി ഗുരുതരമായ ലക്ഷണങ്ങള്‍ കണ്ടേക്കാം. ചിലരില്‍ ഓര്‍മ്മശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്. 

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്...

എയ്ഡ്‌സ് അല്ലെങ്കില്‍ എച്ച്‌ഐവിയുമായെല്ലാം ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കാറുള്ള ഒരു മുന്നറിയിപ്പ് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് ഇത് വരികയെന്ന വാദമാണ്. യഥാര്‍ത്ഥത്തില്‍ ഇത് സുപ്രധാനമായ കാരണം തന്നെയാണ്. എന്നാല്‍ ഇതിന് പുറമെയും കാരണങ്ങളുണ്ട് എന്ന് മനസിലാക്കുക. 

വൈറസ് ബാധയേറ്റ വ്യക്തിയുടെ ശരീരദ്രവങ്ങള്‍ മറ്റൊരാളുടെ ശരീരത്തിലേക്ക് കടക്കുന്നതോടെയാണ് അണുബാധ പകരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികതയ്ക്ക് പുറമെ, ഇന്‍ജെക്ട് ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, രക്തം മാറ്റിവയ്ക്കല്‍, ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക്, അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ പല വിധത്തിലൂടെ വൈറസ് കൈമാറ്റം നടക്കുന്നുണ്ട്. 

 

 

പ്രധാനമായും ലൈംഗിക സുരക്ഷ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് പുറമെ രക്തം മാറ്റിവയ്ക്കല്‍ പോലുള്ള സംഗതികളിലും സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അണുബാധയുള്ള ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗമെത്താതരിക്കാന്‍ പ്രത്യേകം എടുക്കേണ്ട മുന്‍കരുതലുകളുണ്ട്. ഇവയെല്ലാം കൃത്യമായി പിന്തുടരുക.

ഏതെങ്കിലും തരത്തില്‍ സ്വയം സംശയം തോന്നിയാല്‍ തീര്‍ച്ചായായും അടുത്തുള്ള സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ച് ഇതിന്റെ ടെസ്റ്റ് നടത്താവുന്നതേയുള്ളൂ. നിങ്ങള്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തി എന്നത് തീര്‍ത്തും സ്വകാര്യമായ വിവരമായി സൂക്ഷിക്കപ്പെടുന്നതാണ്. അതില്‍ ലജ്ജയോ മറ്റ് പ്രശ്‌നങ്ങളോ തോന്നുകയും അരുത്. ആരോഗ്യപൂര്‍വ്വം സുരക്ഷിതമായി ജീവിക്കാന്‍ ഏവര്‍ക്കുമാകട്ടെ.

Also Read:- ഇന്ന് ലോക എയ്ഡ്സ് ദിനം; ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാം...

click me!