
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. മിക്കപ്പോഴും നാം നിസാരമാക്കി കളയുന്ന പ്രശ്നങ്ങളാണ് പിന്നീട് കൂടുതല്‍ സങ്കീര്‍ണമായി തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും ശാരീരികമായ പ്രയാസങ്ങള്‍ നേരിടുന്നപക്ഷം അത് അപ്പോള്‍ തന്നെ പരിഹരിക്കുന്നതിനാണ് ശ്രമിക്കേണ്ടത്.
കഴിയുന്നതും നമുക്ക് സംഭവിച്ച പ്രയാസത്തിന് കാരണമായി വന്നിട്ടുള്ള കാര്യത്തെ കുറിച്ചാണ് മനസിലാക്കേണ്ടത്. അത്തരത്തില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്ന സാഹചര്യങ്ങളില്‍ ശരീരം നല്‍കുന്ന സൂചനകളാണ് ഇനി പങ്കുവയ്ക്കുന്നത്. ഈ ലക്ഷണങ്ങളില്‍ പലതും ആളുകള്‍ നിസാരമായി കണക്കാക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ് പതിവ്.
ഒന്ന്...
തൈറോയ്ഡ് ഉത്പാദനം കുറയുകയോ അതിന്‍റെ പ്രവര്‍ത്തനം കുറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ശരീരഭാരം പെട്ടെന്ന് കൂടാൻ സാധ്യതയുണ്ട്. നാം കഴിക്കുന്ന ഭക്ഷണം എളുപ്പത്തില്‍ ദഹിച്ചുപോകാതെ വരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള കേസുകളില്‍ വണ്ണം കുറയ്ക്കുക എളുപ്പവും ആയിരിക്കില്ല.
രണ്ട്...
പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ചൊറിച്ചിലും വരള്‍ച്ചയും അനുഭവപ്പെടാം. അതുപോലെ തൈറോയ്ഡ് കുറവിലും ചൊറിച്ചിലും ഡ്രൈ ആകുന്ന അവസ്ഥയുമുണ്ടാകാം.
മൂന്ന്...
ചിലര്‍ക്ക് തണുപ്പ് തീരെ സഹിക്കാനാകാത്ത അവസ്ഥയുണ്ടാകാം. തൈറോയ്ഡ് കുറവാകുമ്പോഴും ഇങ്ങനെ സംഭവിക്കാവുന്നതാണ്. കാരണം ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നതില്‍ ഈ ഹോര്‍മോണിന് വ്യക്തമായ പങ്കുണ്ട്.
നാല്...
ധാരാളം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. ഇതും തൈറോയ്ഡ് ഹോര്‍മോണ്‍ കുറവില്‍ സംഭവിക്കാം. അതിനാല്‍ മുടി കൊഴിച്ചില്‍ കാണുന്നപക്ഷം നിര്‍ബന്ധമായും തൈറോയ്ഡ് പരിശോധന നടത്തുക.
അഞ്ച്...
പതിവായി ധാരാളം പേര്‍ നേരിടുന്ന ആരോഗ്യപ്രശ്നമാണ് ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍. ഇതില്‍ തന്നെ ഏറെ പേര്‍ അഭിമുഖീകരിക്കുന്നൊരു ബുദ്ധിമുട്ടാണ് മലബന്ധം. മലബന്ധവും തൈറോയ്ഡ് പ്രവര്‍ത്തനം കുറയുമ്പോള്‍ അനുബന്ധമായി സംഭവിക്കാവുന്നതാണ്. അതിനാല്‍ പതിവായി മലബന്ധമുണ്ടാകുന്നുവെങ്കിലും തൈറോയ്ഡ് പരിശോധ ഉറപ്പായും ചെയ്യുക.
Also Read:- കഫത്തില്‍ രക്തം കാണുന്നത് നിസാരമാക്കരുത്; അറിയേണ്ട ചിലത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam